print edition ഒറ്റുകാരുടെ സർട്ടിഫിക്കറ്റ് വേണ്ട; അമിത് ഷായ്ക്ക് സിപിഐ എമ്മിന്റെ മറുപടി

ന്യൂഡൽഹി: ലോക്‌സഭയിലെ ചർച്ചയിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് എതിരെ പ്രതിഷേധം ശക്തം. സ്വാതന്ത്ര്യസമരത്തെ ഒറ്റിക്കൊടുക്കുകയും ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങൾ തകർക്കുകയും ചെയ്‌തവരുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് സിപിഐ എം പ്രതികരിച്ചു.
‘നുണകൾ പ്രചരിപ്പിക്കുന്നത് നിർത്തുക, 1964ൽ രൂപീകൃതമായ സിപിഐ എം സ്വാതന്ത്ര്യപ്രക്ഷോഭങ്ങളുടെ മഹത്തായ പാരന്പര്യം ഉൾക്കൊണ്ട് അതിനെ മുന്നോട്ടുകൊണ്ടുപോകുന്ന സംഘടനയാണ്. ജനകീയപ്രശ്‌നങ്ങൾ ഏറ്റെടുത്ത് പാർലമെന്റിന് അകത്തും തെരുവുകളിലും ശക്തമായ പോരാട്ടങ്ങൾ ഞങ്ങൾ നടത്തുന്നുണ്ട്. സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്തവരുടെ സർട്ടിഫിക്കറ്റ് ഞങ്ങൾക്ക് വേണ്ട’–സിപിഐ എം ഒൗദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകളിൽ പ്രതികരിച്ചു.
ലോക്‌സഭയിൽ അമിത്‌ഷാ നടത്തിയ പരാമർശങ്ങൾ ചരിത്രത്തെ വാട്‍സാപ്പ് ഫോർവേർഡ് സന്ദേശങ്ങളുടെ നിലവാരത്തിലേക്ക് തരംതാഴ്‌ത്തിയെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ പറഞ്ഞു. സാമ്രാജ്യത്വവാഴ്‌ചയ്‌ക്ക് എതിരായ ഇന്ത്യൻ ജനതയുടെ സമരപോരാട്ടങ്ങളുടെ ഉൗർജമാണ് കമ്യൂണിസ്റ്റ് പാർടിയുടെ ഉദയത്തിന് കാരണം.
കമ്യൂണിസ്റ്റ് പാർടി ഒൗദ്യോഗികമായി രൂപീകരിക്കപ്പെടുന്നതിനും എത്രയോ മുന്പ് നിരവധി കമ്യൂണിസ്റ്റ് വിപ്ലവകാരികൾ ബ്രിട്ടീഷുകാർക്കെതിരെ പോരാടി ഗൂഢാലോചനക്കേസുകളിൽ പ്രതികളായി തടവിൽ കിടന്നിട്ടുണ്ട്. വിപ്ലവകാരികളെ വലിയരീതിയിൽ ഭയപ്പെട്ടിരുന്ന ബ്രിട്ടീഷ് ഭരണാധികാരികൾ അവരെ ജയിലിൽ അടയ്‌ക്കുയായിരുന്നു. ആർഎസ്‌എസിന് ഇങ്ങനെ ഒരു ചരിത്രം പറയാനുണ്ടോയെന്നും എ രാജ ചോദിച്ചു.
മാവോയിസത്തെ കുറിച്ചുള്ള പാർലമെന്റിലെ ചർച്ച രാജ്യത്തെ ഇടതുപക്ഷ പ്രസ്ഥാനത്തെ മുഴുവൻ അധിക്ഷേപിക്കാനുള്ള ആയുധമാക്കി അമിത് ഷാ മാറ്റിയെന്ന് സിപിഐ എംഎൽ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ പറഞ്ഞു. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് എതിരെ ആർഎസ്‌എസുകാർ നടത്തുന്ന പതിവ് നുണപ്രചരണമാണ് അമിത് ഷാ ലോക്‌സഭയിലും നടത്തിയത്.
പശ്ചിമേഷ്യൻ സംഘർഷങ്ങളിൽ അമേരിക്കയുടെയും ഇസ്രയേലിന്റെയും താൽപര്യങ്ങൾക്ക് വിധേയപ്പെട്ട് നിലപാടുകൾ എടുത്ത മോദിസർക്കാരിന്റെ പൊള്ളത്തരം ഇടതുപക്ഷമാണ് ഏറ്റവും ശക്തമായി തുറന്നുകാണിച്ചത്. ഇതിന്റെ പ്രതികാര നടപടിയാണോ കമ്യൂണിസ്റ്റുകാർക്ക് എതിരായ ദുർഭാഷണത്തിലേക്ക് ആഭ്യന്തരമന്ത്രിയെ നയിച്ചതെന്ന് സംശയിക്കുന്നതായും ദീപാങ്കർ പറഞ്ഞു.
കമ്യൂണിസ്റ്റുകാരെ ആഭ്യന്തരശത്രുക്കളായി ചിത്രീകരിച്ച ഗോൾവാൾക്കറുടെ കാലത്ത്‌നിന്ന് അമിത്‌ഷായ്‌ക്ക് ഇനിയും ട്രെയിൻ കിട്ടിയിട്ടില്ലെന്ന് സമൂഹമാധ്യമങ്ങളിലും വിമർശം ശക്തമായി.










0 comments