print edition നിലപാട് വ്യക്തമാക്കി ഇടത് പാർടികൾ; ഡിഎംകെയുമായുള്ള ബന്ധം തുടരും

ചെന്നൈയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി പി ഷൺമുഖം സംസാരിക്കുന്നു. സിപിഐ സംസ്ഥാന സെക്രട്ടറി വീരപാണ്ഡ്യന്‍ സമീപം
ചെന്നൈ : ഏറ്റവും വലിയ ഒറ്റകക്ഷി എന്ന നിലയിൽ ടിവികെയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കാത്ത ഗവർണർ ആർ വി ആർലേക്കറുടെ നടപടി ജനാധിപത്യവിരുദ്ധമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പി ഷൺമുഖം ചെന്നൈയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഡിഎംകെ നേതൃത്വത്തിലുള്ള സഖ്യത്തിന് ഇത്തവണ സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചില്ല. നിലവിൽ ടിവികെയ്‍ക്ക് മാത്രമേ അതിന് സാധിക്കൂ. അത് തടയാനുള്ള നീക്കമാണ് ഗവർണർ നടത്തുന്നത്. ഗവർണർ ഭരണം എന്നത് ബിജെപിക്ക് പിൻവാതിലിലൂടെ ഭരണം നടത്താനുള്ള വഴിയൊരുക്കും. ഈ തെരഞ്ഞെടുപ്പിൽ ബിജെപി പൂർണമായും പരാജയപ്പെട്ടു. വെറും ഒരു സീറ്റിൽ മാത്രമാണ് അവർക്ക് ജയിക്കാനായത്.
തോറ്റിട്ടും ഗവർണർ വഴി ഭരണം നടത്താനാണ് കേന്ദ്ര ബിജെപി സർക്കാർ ശ്രമിക്കുന്നത്. ഈ നീക്കത്തെ പരാജയപ്പെടുത്താനാണ് ടിവികെ സർക്കാർ രൂപീകരിക്കുന്നതിനെ പുറത്തുനിന്ന് പിന്തുണയ്ക്കാൻ ഇടത് പാർടികൾ തീരുമാനിച്ചത്. എന്നാൽ മതനിരപേക്ഷ നയങ്ങൾക്കും സംസ്ഥാന അവകാശങ്ങൾക്കും വേണ്ടി ഡിഎംകെയുമായി ചേർന്ന് പ്രവർത്തിക്കുന്നത് ഭാവിയിലും തുടരും. ഡിഎംകെയുമായുള്ള ബന്ധത്തിൽ മാറ്റമില്ല. ടിവികെ ഭരിക്കട്ടെ ഞങ്ങൾ മികച്ച പ്രതിപക്ഷമായി പ്രവർത്തിക്കും എന്നാണ് സ്റ്റാലിൻ പ്രതികരിച്ചതെന്നും അദ്ദേഹം പറഞ്ഞു. ജനവിധി മാനിച്ചും ജനാധിപത്യം സംരക്ഷിക്കാനുമാണ് ഈ പിന്തുണ നൽകുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി വീരപാണ്ഡ്യൻ പറഞ്ഞു.










0 comments