കോൺഗ്രസ് നേതാവിന്റെ നേതൃത്വത്തിൽ വനിതാ ഡോക്ടർമാരെ ബന്ദിയാക്കി; അത്യാഹിത വിഭാഗം സ്തംഭിപ്പിച്ചു

അടൂർ ജനറൽ ആശുപത്രിയിലെ ഡോക്ടർമാരും നഴ്സുമാരും അത്യാഹിത വിഭാഗത്തിന് മുന്നിൽ നടത്തിയ പ്രതിഷേധം.
അടൂർ: പത്തനംതിട്ട അടൂരിൽ കോൺഗ്രസ് നേതാവിന്റെ നേതൃത്വത്തിൽ ജനറൽ ആശുപത്രിയിലെ വനിതാ ഡോക്ടർമാരെ ബന്ദിയാക്കി അത്യാഹിത വിഭാഗം സ്തംഭിപ്പിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റും നഗരസഭ സ്ഥിരം സമിതി അധ്യക്ഷനുമായ ആബിദ് ഷെഹിമിന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് അതിക്രമം നടത്തിയത്.
സംഭവത്തിൽ പൊലീസ് കേസെടുക്കാത്തതിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച ഒരു മണിക്കൂർ ജോലിയിൽ നിന്നും വിട്ട് നിന്ന് ഡോക്ടർമാരും നഴ്സുമാരും അത്യാഹിത വിഭാഗത്തിന് മുന്നിൽ പ്രതിഷേധിച്ചു. ജൂൺ 14ന് രാത്രി 11.30ഓടെയാണ് സംഭവം. വനിതാ ഡോക്ടർമാർ ആശുപത്രി സൂപ്രണ്ടിന് രേഖാമൂലം പരാതി നൽകിയിരുന്നു. ഇതനുസരിച്ച് ആശുപത്രിയിൽ അതിക്രമം കാട്ടിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കാണിച്ച് സൂപ്രണ്ട് പൊലീസിൽ പരാതി നൽകിയെങ്കിലും പൊലീസ് സംഭവത്തിൽ കേസെടുക്കുകയോ നടപടി സ്വീകരിക്കുകയോ ചെയ്തില്ല.
കാലിന് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ എത്തിച്ച തെങ്ങമം സ്വദേശിനിയുടെ പരിക്ക് ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തതാണ് കോൺഗ്രസ് നേതാവിനെ പ്രകോപിപ്പിച്ചത്. കാലിന് ഗുരുതരമായി പരിക്കേറ്റ യുവതിയെ ഇവിടെ തന്നെ ചികിത്സ നൽകിയാൽ മതിയെന്നാണ് കോൺഗ്രസ് നേതാവിന്റെയും സംഘത്തിന്റെയും ആവശ്യം. എന്നാൽ പരിക്ക് ഗുരുതരമായതിനാൽ പ്രാഥമിക ചികിത്സ മാത്രമേ ഇവിടെ നടത്താൻ കഴിയുവെന്ന് ഡോക്ടർമാർ അറിയിച്ചതോടെ സംഘം പ്രകോപിതരാകുകയായിരുന്നു. തുടർന്ന് ഒരു മണിക്കൂറിലേറെ ഇവർ അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനം തടസപ്പെടുത്തി ബഹളം ഉണ്ടാക്കുകയായിരുന്നു.









0 comments