Deshabhimani

ഒറ്റുകാർക്കെതിരെ രാജ്യത്തെ ഒന്നിപ്പിച്ച്‌ ഇടതുപക്ഷം

SFI DYFI protest Aishe Ghosh Himaghnaraj Bhattacharyya

പൊലീസ് കസ്റ്റഡിയിലെടുത്ത എസ്എഫ്ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷ് (ഇടത്), ഡിവൈഎഫ്ഐ അഖിലേന്ത്യാ ജനറൽ സെക്രട്ടറി ഹിമാഘ്നരാജ് ഭട്ടാചാര്യയെ അറസ്റ്റ് ചെയ്യുന്നു (വലത്)

വെബ് ഡെസ്ക്

Published on Oct 10, 2026, 06:36 PM | 2 min read

നെറികെട്ട പ്രതിരോധങ്ങളെല്ലാം തകർത്തെറിഞ്ഞ്‌ രാജ്യതലസ്ഥാനത്ത്‌ പ്രക്ഷോഭക്കൊടുങ്കാറ്റുയർത്തിയ പോരാളികളുടെ നേതൃസ്ഥാനത്തു നിന്നത്‌ ഇടതുപക്ഷം. ഇടതുപക്ഷ സംഘടനകളും നേതാക്കളും പകർന്ന പോർവീര്യവുമായി ജനശക്തി കൊടുങ്കാറ്റായപ്പോൾ ജനാധിപത്യക്കശാപ്പിന്‌ ഒരുന്പെട്ടിറങ്ങിയവർ വിറകൊണ്ടു. ഇടതുപാർട്ടികളുടെയും അവരുടെ വിദ്യാർത്ഥി– യുവജന സംഘടനകളുടെയും സുശക്ത സാന്നിധ്യമായിരുന്നു ശനിയാഴ്‌ച നടന്ന കേന്ദ്ര സർക്കാരിനെതിരായ എക്കാലത്തെയും കരുത്തുറ്റ പ്രക്ഷോഭത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ഭരണകൂടം നടത്തിയ കൊടിയ അടിച്ചമർത്തലുകളിൽ സമരഭടന്മാരുടെ ആവേശം ചോരാതെ കാക്കാനും ഇടതുപക്ഷ ഇടപെടലുകളാണ്‌ സഹായിച്ചത്‌. പൊലീസിന്റെ നരനായാട്ടും സമരക്കാർക്കു നേരെയുള്ള ശാരീരികവും മാനസികവുമായ അതിക്രമങ്ങളും അതിജീവിക്കാൻ ഇ‍ൗ സാന്നിധ്യം സഹായിച്ചു.


സിപിഐഎം, സിപിഐർ അടക്കമുള്ള ഇടതുസംഘടനാ നേതാക്കൾ പ്രക്ഷോഭത്തിന്റെ മുൻനിരയിൽ അണിനിരന്ന്‌ പോരാളികൾക്ക്‌ പ്രചോദനമായി. ഇ‍ൗ പോരാട്ടത്തിന്‌ മുന്നോടിയായി തന്ത്രങ്ങൾ ആവിഷ്‌ക്കരിക്കാനും ആസൂത്രണത്തിനും ഇടതുപക്ഷമാണ്‌ മുന്നിൽ നിന്നത്‌. എകെജി ഭവനും സുർജിത്‌ ഭവനും ഇ‍ൗ ചർച്ചകൾക്ക്‌ പ്രധാനമായും വേദിയായി. പിണറായി വിജയനും എം എ ബേബിയും അടക്കമുള്ള സിപിഐ എം പിബി അംഗങ്ങൾ മുൻനിരയിൽ അണിനിരന്നത്‌ കേന്ദ്ര സർക്കാരിനെ ഞെട്ടിച്ചു. സിപിഐ എമ്മിന്റെ മുഴുവൻ കേന്ദ്രക്കമ്മിറ്റി അംഗങ്ങളും സമരരംഗത്തിറങ്ങാൻ തീരുമാനിച്ചതും നിർണായക നീക്കമായി. എസ്‌എഫ്‌ഐ, ഡിവൈഎഫ്‌ഐ, എഐഎസ്‌എഫ്‌, ഐസ ,എന്നിവരും മറ്റു പുരോഗമ പ്രസ്ഥാനങ്ങളുമാണ് ഇടതുപക്ഷത്തിന്റെ കരുത്ത്‌ രാജ്യത്തിന്‌ കാണിച്ചു കൊടുത്തത്‌. സിഐടിയുവും കിസാൻസഭ അടക്കമുള്ള കർഷക സംഘടനകളും അണിനിരന്നത്‌ ബഹുജന മുന്നേറ്റത്തിന്‌ ഇരട്ടിക്കരുത്തായി.


യുവജന, വിദ്യാർത്ഥി പോരാളികൾ ഇടതുപക്ഷത്തിന്റെ പുത്തൻകരുത്തിൽ തിളക്കമുള്ള സാന്നിധ്യമായി. എസ്‌എഫ്‌ഐ ദേശീയ പ്രസിഡന്റ്‌ ആദർശ്‌ എം സജി, ദേശീയ ജോയിന്റ്‌ സെക്രട്ടറി ഐഷി ഘോഷ്‌, എഐഎസ്‌എഫ്‌ ദേശീയ പ്രസിഡന്റ്‌ വിരാജ്‌ ദേവാങ്, സെക്രട്ടറി ദിനേഷ്‌ ശ്രീരംഗരാജ്‌, ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ്‌ എഎ റഹീം, സെക്രട്ടറി ഹിമാഘ്‌നരാജ്‌ ഭട്ടാചാര്യ, എഐവൈഎഫ്‌ ദേശീയ പ്രസിഡന്റ്‌ റ‍ൗഷൻ കുമാർ സിൻഹ, ജനറൽ സെക്രട്ടറി സുഖ്‌ജിന്ദർ മഹേസരി, ഐസ ദേശീയ പ്രസിഡന്റ്‌ നേഹ ബോറ തുടങ്ങിയവർ യുവജനങ്ങളെ പ്രക്ഷോഭത്തിലേക്ക്‌ എത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു.


വോട്ടർപ്പട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവന്നപ്പോൾ അതിനെതിരെ ആദ്യ പ്രതിഷേധം ഉയർത്തിയത്‌ ഇടതുപക്ഷ സംഘടനകളാണ്‌. രണ്ടു ദിവസത്തിനകം ഡൽഹിയിലും സംസ്ഥാനങ്ങളിലും പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയും ചെയ്‌തു. ഇടതുപക്ഷ നേതാക്കളെ അറസ്‌റ്റ്‌ ചെയ്യാനും ഇ‍ൗ സംഘടനകളുടെ പോരാളികളെ അടിച്ചമർത്താനുമാണ്‌ കേന്ദ്ര സർക്കാർ ഒരുക്കിയ സന്നാഹങ്ങൾ പ്രധാനമായും തുനിഞ്ഞിറങ്ങിയത്‌. മോഡിയും കൂട്ടരും ഏറ്റവും കൂടുതൽ ഭയക്കുന്നത്‌ ആരെയാണെന്നു ഇതിലൂടെ കൂടുതൽ തെളിഞ്ഞിരിക്കുകയാണ്‌. എകെജി ഭവനിലും സുർജിത്‌ ഭവനിലുമാണ്‌ പൊലീസുകാർ മുൻകരുതൽ തടങ്കലിനായി ഏറ്റവും കൂടുതൽ പൊലീസിനെ നിയോഗിച്ചത്‌. വിവിധ സംസ്ഥാനങ്ങളിലെ സിപിഐഎം, സിപിഐ, ഇടതു യുവജനസംഘടനകൾ എന്നിവരുടെ നേതാക്കളെയും കരുതൽ തടങ്കലിലാക്കി. ഡൽഹിയിൽ ശനിയാഴ്‌ച ഇടതുപക്ഷ നേതാക്കളെയാണ്‌ ഇടതു വിദ്യാർത്ഥി–യുവജന സംഘടനകളെയുമാണ്‌ പൊലീസ്‌ ഏറ്റവും കൂടുതൽ ലക്ഷ്യമിട്ടത്‌. തുടക്കത്തിൽ തന്നെ ഇവരെ അറസ്‌റ്റ്‌ ചെയ്യാനായിരുന്നു ഉന്നതങ്ങളിൽ നിന്നുള്ള നിർദ്ദേശം. തുടർപ്രതിഷേധങ്ങൾ ഭയന്ന്‌ അറസ്‌റ്റ്‌ ചെയ്‌തവരെ പലയിടത്തായി തടങ്കലിലാക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത കേന്ദ്രകമ്മിറ്റിയംഗങ്ങളെ ജയിലറയ്ക്ക് സമാനമായ വാഹനങ്ങളിലാണ് കൊണ്ടുപോയത്.


പ്രക്ഷോഭം അടിച്ചമര്‍ത്തിയ കിരാതരീതികള്‍ക്കെതിരെ അതിശക്തമായ പ്രസ്താവനകളും വിമര്‍ശനങ്ങളും ഉണ്ടായതും ഇടതുപക്ഷസംഘടനകളില്‍നിന്ന് തന്നെയാണ്. ഡല്‍ഹിയില്‍ ഇന്ന് നടന്ന അനീതികള്‍ക്കെതിരെ വിവിധ സംസ്ഥാനങ്ങളില്‍ അതിശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചതും ഇടതുപക്ഷമാണ്.


ഇടതുപക്ഷ ആശയങ്ങൾക്ക്‌ രാജ്യത്ത്‌ കൂടുതൽ പ്രചാരവും അംഗീകാരവും ലഭിക്കുന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്‌ ശനിയാഴ്‌ച നടന്ന പ്രക്ഷോഭം. തങ്ങളുടെ സ‍ൗകര്യത്തിന്‌ അനുസരിച്ച്‌ സമരം നടത്തുന്ന അഭിനയ പ്രക്ഷോഭകരിൽ നിന്ന്‌ ഇടതുപക്ഷത്തെ വേറിട്ടു നിർത്തുന്നത്‌ അനീതിക്കെതിരായ വിട്ടുവീഴ്‌ചയില്ലാത്ത പോരാട്ട നിലപാടാണ്‌. അതുകൊണ്ട്‌ തന്നെയാണ്‌ കൂടുതൽ പേർ ഇടതുപക്ഷത്തിനു പിന്നിൽ അണിനിരക്കുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home