വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷം: മുപ്പതോളം പേർ മരിച്ചതായി റിപ്പോർട്ട്

north east flash flood

photo credit: X

വെബ് ഡെസ്ക്

Published on Jun 01, 2025, 11:31 AM | 3 min read

ന്യൂഡൽഹി : വടക്കു കിഴക്കൻ സംസ്ഥാനങ്ങളെ ദുരിതത്തിലാഴ്ത്തി മഴ. കഴിഞ്ഞ ദിവസങ്ങളിലായി ശക്തമായി പെയ്യുന്ന മഴയിൽ വിവിധ സംസ്ഥാനങ്ങളിലായി മുപ്പതോളം പേർ മരിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അരുണാചൽ പ്രദേശ്, അസം, മേഘാലയ, ത്രിപുര, മിസോറാം തുടങ്ങിയ സംസ്ഥാനങ്ങളിലാണ് മഴക്കെടുതി ഏറെ രൂക്ഷമായത്. നേരത്തെയെത്തിയ മൺസൂൺ ഇവിടങ്ങളിൽ കാര്യമായ നാശങ്ങളുണ്ടാക്കി. ‌‌കനത്ത മഴയെത്തുടർന്നുണ്ടായ മിന്നൽ പ്രളയത്തിലും മണ്ണിടിച്ചിലുമാണ് മരണങ്ങളുണ്ടായത്. നിരവധിയിടങ്ങളിൽ റോഡുകൾ ഒലിച്ചുപോയതോടെ ​ഗതാ​ഗതം താറുമാറായി. നൂറിലധികം വീടുകൾ വെള്ളപ്പൊക്കത്തിൽ നശിച്ചു. പലയിടങ്ങളിലും കനത്ത മഴ തുടരുന്നുത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി തുടരുന്നതിനാൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ ചില ഭാഗങ്ങളിൽ ഇന്നും കനത്തതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുള്ളതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ മഴ പെയ്യുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.


north east flash floodsphoto credit: X


തുടർച്ചയായ കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും അസമിൽ എട്ട് പേർ മരിച്ചു. 17 ജില്ലകൾ വെള്ളത്തിനടിയിലാവുകയും 78,000 ത്തിലധികം ആളുകൾ പ്രളയ ബാധിതരായതായും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. കാംരൂപ് മെട്രോപൊളിറ്റൻ ജില്ലയിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്നാണ് അഞ്ച് പേർ മരിച്ചത്. അസമിൽ മൂന്ന് ജില്ലകളിൽ റെഡ് അലർട്ടും എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഗുവാഹത്തിയുടെ ചില ഭാഗങ്ങളിൽ തുടർച്ചയായ രണ്ടാം ദിവസവും വെള്ളക്കെട്ട് രൂപപ്പെട്ടു. ഇവിടങ്ങളിൽ ഒറ്റപ്പെട്ടുപോയ ആളുകളെ രക്ഷാപ്രവർത്തകർ പുറത്തെത്തിച്ചു. ലഖിംപൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്. 41,600-ലധികം ആളുകളെയാണ് പ്രളയം ദുരിതത്തിലാക്കിയത്. ദുരിതാശ്വാസ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. നിരവധി ദുരിതാശ്വാസ ക്യാമ്പുകൾ പ്രദേശത്ത് ആരംഭിച്ചു. ഗുവാഹത്തിയിലെ 366 കുന്നിൻ പ്രദേശങ്ങളിൽ ഇപ്പോഴും മണ്ണിടിച്ചിൽ സാധ്യതയുള്ളതായി ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. നിരവധിപേർ ഈ അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നുണ്ട്. ഗുവാഹത്തിയിൽ വെള്ളപ്പൊക്കം രൂക്ഷമായതോടെ സർക്കാർ ഓഫീസുകളും സ്കൂളുകളും അടച്ചു.


north east flash floodphoto credit: X


മിസോറാമിൽ കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിലിൽ നാല് പേർ മരിച്ചു. ഇതിൽ മൂന്ന് പേർ മ്യാൻമർ അഭയാർത്ഥികളാണ്. സംസ്ഥാനത്തൊട്ടാകെ 147 അപകടങ്ങളിലായി 56 വീടുകൾക്ക് നാശനഷ്ടമുണ്ടായി. ദേശീയ, അന്തർസംസ്ഥാന പാതകൾ 69 പോയിന്റുകളിൽ അടച്ചിട്ടിട്ടുണ്ട്. അറുപത്തിമൂന്ന് കുടുംബങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. ഹൈവേയിൽ മണ്ണിടിഞ്ഞ് ​ഗതാ​ഗതം തടസപ്പെട്ടിതിനെത്തുടർന്ന് തെക്കൻ മിസോറാമിലേക്കുള്ള യാത്രക്കാർ സെർച്ചിപ്പിൽ കുടുങ്ങിക്കിടക്കുകയാണ്.


മേഘാലയയിൽ കനത്ത മഴയിൽ ഇടിമിന്നലേറ്റ് രണ്ട് പെൺകുട്ടികൾ മരിച്ചു. ഒരാൾ മുങ്ങിമരിച്ചു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഏഴ് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി പിടിഐ റിപ്പോർട്ട് ചെയ്തു. 49 ഗ്രാമങ്ങളിലായി ഏകദേശം 1,100 പേർ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും വൈദ്യുതി തടസവും മൂലം ദുരിതത്തിലായി. അടുത്ത 24 മണിക്കൂറിനുള്ളിൽ കിഴക്കൻ, തെക്ക് പടിഞ്ഞാറൻ ഖാസി കുന്നുകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. മേഘാലയയിൽ കാണാതായ മധ്യപ്രദേശ് സ്വദേശികളായ ദമ്പതികളെ കണ്ടെത്തുന്നതിനായി അർദ്ധസൈനിക വിഭാഗങ്ങളെ വിളിക്കുന്ന കാര്യം സർക്കാർ പരിഗണനയിലാണെന്ന് അധികൃതർ പറഞ്ഞു. മഴയും മോശം ദൃശ്യപരതയും കാരണ് രക്ഷാപ്രവർത്തനം വൈകുന്ന സാഹചര്യത്തിലാണ് തീരുമാനം. ചിറാപുഞ്ചിയിലും മൗസിൻറാമിലും ഒരു ദിവസം കൊണ്ട് 47 സെന്റീമീറ്റർ മഴ പെയ്തു.


north east flash floodphoto credit: X


കനത്ത മഴയെത്തുടർന്ന് അരുണാചൽ പ്രദേശിലുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 9 പേർ മരിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. ഇതേത്തുടർന്ന് നിരവധി ജില്ലകളിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമുണ്ടായിരുന്നു. ഈസ്റ്റ് കമെങ് ജില്ലയിൽ വ്യാഴാഴ്ച രാത്രി ദേശീയപാത 13ലെ ബന-സെപ്പ മേഖലയിൽ ഉണ്ടായ വൻ മണ്ണിടിച്ചിലിൽ വാഹനം ഒലിച്ചു പോയാണ് ഏഴ് പേർ മരിച്ചത്. സെപ്പയിലേക്ക് പോവുകയായിരുന്ന വാഹനം തുടർച്ചയായ മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ പെട്ടെന്നുള്ള മണ്ണിടിച്ചിലിൽ ആഴത്തിലുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു. ലോവർ സുബൻസിരി ജില്ലയിൽ സിറോ-കാംലെ റോഡരികിലെ പൈൻ ഗ്രൂവ് പ്രദേശത്തിനടുത്തുള്ള ഒരു കാബേജ് ഫാമിലുണ്ടായ മണ്ണിടിച്ചിലിൽ രണ്ട് തൊഴിലാളികൾ കൊല്ലപ്പെട്ടു. രണ്ട് പേരെ രക്ഷപ്പെടുത്തി. കനത്ത മഴയെ തുടർന്ന് അരുണാചലിലെ അപ്പർ സുബൻസിരി ജില്ലയിൽ വെള്ളപ്പൊക്കമുണ്ടായി. ഇത് നൂറിലധികം കുടുംബങ്ങളെ ബാധിച്ചു. തുടർച്ചയായ മഴയിൽ സിഗിൻ നദി കരകവിഞ്ഞൊഴുകിയതോടെ നിരവധി താമസസ്ഥലങ്ങൾ വെള്ളത്തിനടിയിലായി. ജില്ലാ ആസ്ഥാനമായ ഡാപോറിജോയിൽ വെള്ളപ്പൊക്കത്തിൽ വ്യാപകമായ നാശനഷ്ടമുണ്ടായി. നിരവധി താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. കുറുങ് കുമേ, കാംലെ, ലോവർ സുബാൻസിരി ജില്ലകളിലും മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ബംഗ്ലാദേശിൽ രൂപം കൊണ്ട ന്യൂനമർദം മൂലം പ്രദേശത്ത് വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.


north east flash floodphoto credit: X


ശനിയാഴ്ച തുടർച്ചയായ മഴയിൽ മണിപ്പുർ ഇംഫാലിൽ ചില ഭാഗങ്ങളിൽ വെള്ളപ്പൊക്ക സമാന അവസ്ഥയുണ്ടായി. ഇത് ദൈനംദിന ജീവിതത്തിന് തടസമായി. തെരുവുകളിൽ വെള്ളം കയറിയതോടെ ഗതാഗതം തടസപ്പെട്ടു. താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലേക്കും കടകളിലേക്കും വെള്ളം കയറി.‌ അപര്യാപ്തമായ ഡ്രെയിനേജ് സംവിധാനങ്ങൾ കാരണം നിരവധിയിടങ്ങളിൽ വെള്ളം കയറി. മണിപ്പൂരിൽ ഇറിൽ, നമ്പുൾ എന്നീ നദികൾ അപകടനിലയ്ക്ക് മുകളിൽ ഉയർന്നു. ഇംഫാൽ നദിയുടെ വൃഷ്ടിപ്രദേശമായ കാങ്‌പോക്പിയിൽ മൂന്ന് ദിവസത്തിനുള്ളിൽ 175 മില്ലിമീറ്റർ മഴ ലഭിച്ചു. ഇംഫാൽ നദിയിൽ ജലനിരപ്പ് ഉയർന്നത് ചില പ്രദേശങ്ങളിൽ നാശനഷ്ടങ്ങളുണ്ടാക്കി. നാഗാലാൻഡിൽ ചുമൗകെഡിമ ജില്ലയിലെ ദേശീയപാത-29 ൽ ഡമ്പറിൽ പാറ ഇടിഞ്ഞുവീണ് ഒരാൾ മരിച്ചു.


north east flash floodphoto credit: X


അസമിലെ 12 ജില്ലകളിലായി മാത്രം 60,000-ത്തിലധികം ആളുകളെയാണ് പ്രളയം ബാധിച്ചത്. നിരവധി പ്രദേശങ്ങളിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമുണ്ടായതായി അസം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സ്ഥിരീകരിച്ചു. ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) അസമിന്റെ ചില ഭാഗങ്ങളിൽ ചുവപ്പ്, ഓറഞ്ച് അലേർട്ടുകളും മറ്റ് വടക്കുകിഴക്കൻ പ്രദേശങ്ങളിൽ ഓറഞ്ച്, മഞ്ഞ അലേർട്ടുകളും പുറപ്പെടുവിച്ചിട്ടുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളിൽ മഴയുടെ തീവ്രത കുറയുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും സംസ്ഥാനത്ത് അതീവ ജാഗ്രത തുടരുകയാണ്.


ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖല, കുന്നിൻ പ്രദേശങ്ങളും കനത്ത മഴയും കാരണം, മൺസൂൺ സമയത്ത് മണ്ണിടിച്ചിലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ളതാണ്. ഗുവാഹത്തി പോലുള്ള നഗര കേന്ദ്രങ്ങൾ അപര്യാപ്തമായ ഡ്രെയിനേജ് സംവിധാനങ്ങളും ദുർബലമായ ചരിവുകളിലെ ആസൂത്രിതമല്ലാത്ത ജനവാസ കേന്ദ്രങ്ങളും മൂലം കൂടുതൽ വെല്ലുവിളികൾ നേരിടുന്നുണ്ട്.


north east flash floodsphoto credit: X



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home