ad
Deshabhimani

മോദി സര്‍ക്കാരിന്റെ അവഗണനയില്‍ അതൃപ്തി

ലഡാക്ക് കത്തുന്നു ; യുവജനങ്ങള്‍ തെരുവിൽ , 4 പേരെ വെടിവച്ചുകൊന്നു

ladakh youth protest ,curfew imposed in Leh

ലഡാക്കിൽ പ്രക്ഷോഭകർ ബിജെപിയുടെ ആസ്ഥാന 
മന്ദിരത്തിന് തീയിട്ടപ്പോൾ

വെബ് ഡെസ്ക്

Published on Sep 25, 2025, 02:50 AM | 2 min read

ലേ

സംസ്ഥാന പദവി വേണമെന്നതടക്കമുള്ള ജനകീയ ആവശ്യങ്ങളെ അവഗണിക്കുന്ന മോദി സര്‍ക്കാരിന്റെ നിലപാടില്‍ കേന്ദ്രഭരണപ്രദേശമായ ലഡാക്കിൽ യുവജന പ്രതിഷേധത്തിനുനേരെ പൊലീസും അര്‍ധസൈനികരും നടത്തിയ വെടിവയ്പിൽ നാലുപേര്‍ കൊല്ലപ്പെട്ടു. അമ്പതിലേറെ പേര്‍ക്ക് പരിക്കേറ്റു. തലസ്ഥാനമായ ലേയില്‍ ബുധനാഴ്‌ച നടന്ന പ്രകടനത്തിന് നേരെയാണ് വെടിവയ്‍പുണ്ടായത്. 19,20,23,46 വയസുള്ളവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പൊലീസും അര്‍ധസൈനികരും ചേര്‍ന്ന് സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികളും ബുദ്ധസന്യാസിമാരുമടക്കമുള്ള പ്രതിഷേധക്കാരെ നേരിട്ടതോടെ മണിക്കൂറുകളോളം ലേ നഗരം യുദ്ധക്കളമായി. ലേയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സ്വയംരക്ഷയ്ക്കാണ് വെടിയുതിര്‍ത്തതെന്ന് കേന്ദ്രആഭ്യന്തരമന്ത്രാലയം അവകാശപ്പെട്ടു.


പ്രതിഷേധത്തിനിടെ ബിജെപി ലഡാക്ക് ആസ്ഥാനത്തിനും സിആര്‍പിഎഫ് വാനിനും തീയിട്ടു. ബിജെപി ഭരിക്കുന്ന ലഡാക്ക് ഓട്ടോണമസ് ഹിൽ ഡെവലപ്മെന്റ് കൗൺസിൽ ഓഫീസിന് നേരെ കല്ലേറുണ്ടായി.


ആവശ്യങ്ങളിൽ തീരുമാനമെടുക്കാതെ ചര്‍ച്ച നീട്ടിക്കൊണ്ടുപോകുന്ന കേന്ദ്രസര്‍ക്കാരിനെതിരെ ലഡാക്ക് അപക്‌സ്‌ ബോഡി (ലാബ്), കാര്‍ഗിൽ ഡെമോക്രാറ്റിക് അലയൻസ് (കെഡിഎ) എന്നീ സംഘടനകളുടെ നേതൃത്വത്തിൽ പരിസ്ഥിതി പ്രവര്‍ത്തകൻ സോനം വാങ്ചുക്ക് അടക്കം 15 പേരുടെ 35 ദിവസത്തെ നിരാഹാര സമരം സെപ്തംബര്‍ 10ന് ആരംഭിച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ ഒക്‌ടോബര്‍ ആറിനാണ് അടുത്ത ചര്‍ച്ച തീരുമാനിച്ചത്.


ഇതിനിടെ നിരാഹാരം കിടന്ന സെറിങ് ആങ്ചുക്ക് (72), താഷി ഡോള്‍മ (60) എന്നിവരുടെ ആരോഗ്യസ്ഥിതി മോശമായി. ചൊവ്വാഴ്‌ച ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഇതിന് പിന്നാലെയാണ് ലാബിന്റെ യുവജനവിഭാഗം ബുധനാഴ്‌ച പ്രതിഷേധം പ്രഖ്യാപിച്ചത്. ആയിരക്കണക്കിനുപേര്‍ അണിനിരന്ന പ്രകടനം നിരാഹാരം നടക്കുന്ന എൻഡിഎസ് മൈതാനത്തേക്ക് നീങ്ങവെയാണ് അക്രമത്തിൽ കലാശിച്ചത്. സംഘര്‍ഷ പശ്ചാത്തലത്തില്‍ ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ കവിന്ദര്‍ ഗുപ്തി വ്യാഴാഴ്‌ചത്തെ കാര്‍ഗില്‍ സന്ദര്‍ശനം ഒഴിവാക്കി. പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യമറിയിച്ച് കെഡിഎ വ്യാഴാഴ്‌ച ബന്ദ് പ്രഖ്യാപിച്ചു. സമാധാനത്തിന്‌ ആഹ്വാനംചെയ്‌ത്‌ സോനം വാങ്ചുക്ക് നിരാഹാരം അവസാനിപ്പിച്ചു.


​ആവശ്യങ്ങള്‍‌

സംസ്ഥാന പദവികൂടാതെ അസം, മേഘാലയ, ത്രിപുര, മിസോറാം സംസ്ഥാനങ്ങളിലെ ഗോത്രവർഗ മേഖലകൾക്ക് കൂടുതൽ സ്വയംഭരണാധികാരം നൽകുന്ന ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ ലഡാക്കിനെയും ഉള്‍പ്പെടുത്തുക, പ്രത്യേക പബ്ലിക് സര്‍വീസ് കമീഷൻ, ലഡാക്കിന്റെയും കാര്‍ഗിലിന്റെയും പ്രാതിനിധ്യം കൂട്ടാൻ ലോക്‍സഭാ മണ്ഡലം രണ്ടായി ഉയര്‍ത്തുക തുടങ്ങിയവയാണ് ആവശ്യങ്ങള്‍.


​ആശങ്ക അണപൊട്ടി

ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന തന്ത്രപ്രധാനമായ ലഡാക്കിനെ 2019ലാണ് ജമ്മു കശ്‍മീരിൽനിന്ന് വിഭജിച്ച് കേന്ദ്രഭരണപ്രദേശമാക്കിയത്. ജമ്മു കശ്മീര്‍ സംസ്ഥാനത്തിന്റെ ഭാഗമായി ലഡാക്കിനുണ്ടായിരുന്ന പ്രത്യേക പരിരക്ഷ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ ഇല്ലാതായി. പുറത്തുനിന്നുള്ള ആര്‍ക്കും ഭൂമി വാങ്ങാനും സ്ഥിരതാമസമാക്കാനും കഴിയും. ഇതിൽ തദ്ദേശീയ ജനത ആശങ്കയിലാണ്. തൊഴിലില്ലായ്മയും രൂക്ഷമാണ്.


തെരുവിലിറങ്ങാന്‍ കേന്ദ്രം നിര്‍ബന്ധിതരാക്കി

ലഡാക്കില്‍ ജെൻ സി
രോഷം: സോനം വാങ്ചുക്ക്

യുവജനങ്ങളെ തെരുവിലിറങ്ങാൻ നിര്‍ബന്ധിതരാക്കി കേന്ദ്രസര്‍ക്കാര്‍ സമാധാനപരമായ പ്രതിഷേധങ്ങളെ അട്ടിമറിച്ചെന്ന് ലഡാക്കിന്റെ അവകാശങ്ങള്‍ക്കായി നിരാഹാരം കിടന്ന പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാങ്ചുക്ക് പറഞ്ഞു. ജെൻ സികളുടെ രോഷമാണ് ലഡാക്ക് കണ്ടത്.


സമാധാനപരമായ പ്രതിഷേധം ഫലപ്രദമാകുന്നില്ലെന്നാണ് യുവജനങ്ങള്‍ പറയുന്നത്. അവര്‍ ആരെയും കേള്‍ക്കുന്നില്ല. ബുള്ളറ്റുകളെ പോലും ഭയപ്പെടുന്നില്ല. ഇത് അ‍ഞ്ചാം തവണയാണ് നിരാഹാര സമരം ഞങ്ങള്‍ നടത്തുന്നത്. പതിനഞ്ചുദിവസം പിന്നിട്ടപ്പോഴാണ് കേന്ദ്രആഭ്യന്തരമന്ത്രാലയം ചര്‍ച്ചയ്ക്കുള്ള തീയതി നിശ്ചയിക്കുന്നത്. ഇത് ആളുകളെ കൂടുതൽ രോഷാകുലരാക്കി. ചര്‍ച്ച വൈകുന്നതാണ് യുവാക്കള്‍ക്കിടയിലുള്ള പ്രതിഷേധത്തിന് പ്രധാനകാരണം. യുവാക്കള്‍ രംഗത്തിറങ്ങുന്നില്ലെന്നായിരുന്നു ഞങ്ങളുടെ പരാതി. ഇതുവരെ 30ഓളം യുവാക്കളാണ് സമരത്തിൽ പങ്കെടുത്തത്. എന്നാൽ ബുധനാഴ്ച ഞങ്ങളുടെ ചിന്തകള്‍ക്കപ്പുറമാണ് നടന്നതെന്നും വാങ് ചുക്ക് പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home