print edition കത്തിപ്പടരുന്നു തൊഴിലാളി പ്രക്ഷോഭം


കെ പി അക്ഷയ്
Published on Apr 20, 2026, 12:29 AM | 2 min read
ന്യൂഡൽഹി: "ഞങ്ങളിൽ ഭൂരിഭാഗം പേരും കുടിയേറ്റ തൊഴിലാളികളാണ്. വിദഗ്ധ തൊഴിലാളികള്‍ക്കുപോലും കിട്ടുന്നത് 13940 രൂപയാണ്. ഞങ്ങളുടെ കുട്ടികള്‍ പഠിക്കുകയാണ്. വൈദ്യുതിക്ക് യൂണിറ്റിന് 12 രൂപ കൊടുക്കണം. പാചകവാതക വില കൂടി. ഇവിടെ മാസം കഴിഞ്ഞുകൂടാൻ കുറഞ്ഞത് 20,000 മുതൽ 22000 രൂപയെങ്കിലും വേണം.' യുപി നോയ്‌ഡയിൽ ഗാര്‍മന്റ് ഫാക്ടറി തൊഴിലാളി ഒഡിഷ സ്വദേശി സുമിത്ര (യഥാര്‍ഥ പേരല്ല) ഒരു ദേശീയ മാധ്യമത്തോട് പ്രതികരിച്ചതാണിത്. വീട്ടിൽ പോയിട്ട് മൂന്ന് വര്‍ഷമായെന്ന് ഒഡിഷയിൽനിന്നുള്ള മറ്റൊരു സ്‌ത്രീതൊഴിലാളിയും പറഞ്ഞു. "അടുത്ത ബന്ധുക്കളുടെ മരണത്തിനുപോലും വീട്ടിൽപോകാനാകില്ല. യാത്രാച്ചെലവ് താങ്ങാനാകില്ല. പാചകവാതകം, വെള്ളം, വൈദ്യുതി എല്ലാത്തിനും തീപിടിച്ച വില'.
"ഫാക്‌ടറി ഉടമകള്‍ കോടികളുണ്ടാക്കുന്നു. ഞങ്ങളുടെ അധ്വാനത്തിലൂടെ ലഭിച്ച പണംകൊണ്ട് ആഡംബര കാറുകളിൽ വിലസുന്നു. ഞങ്ങള്‍ക്കൊരു സൈക്കിള്‍ പോലുമില്ല. സൂചി കൊണ്ടുള്ള മുറിവിനുപോലും മരുന്നിനൊരു സഹായമില്ല.' ടെക്‍സ്റ്റൈൽ ഫാക്‌ടറിയിലെ മറ്റൊരു തൊഴിലാളി പറഞ്ഞു.
തുച്ഛമായ വേതനവും മോശം ജോലി, ജീവിത സാഹചര്യങ്ങളും കോര്‍പ്പറേറ്റുകളെ താലോലിക്കുന്ന യുപിയിലെയും ഹരിയാനയിലെയും കേന്ദ്രത്തിലെയും ബിജെപി സര്‍ക്കാരുകളുടെ നിലപാടുമാണ് ദേശീയ തലസ്ഥാന മേഖലയിൽപ്പെടുന്ന മനേസർ, നോയ്‌ഡ എന്നിവിടങ്ങളിലെ വ്യവസായമേഖലയിൽ തൊഴിലാളികളെ തെരുവിലിറക്കിയത്. തൊഴിലാളിവിരുദ്ധ ലേബർ കോഡുകൾ സൃഷ്ടിച്ച അസ്വസ്ഥതയും ഒപ്പം പശ്ചിമേഷ്യൻ പ്രതിസന്ധിയിൽ പാചകവാതക വില അടക്കം ജീവിതച്ചെലവ് കുത്തനെ കൂടിയതും ജീവിതം അതീവദുരിതത്തിലാക്കി.
ഹരിയാന മനേസറിലായിരുന്നു പ്രക്ഷോഭത്തിന്റെ ആരംഭം. നോയ്‌ഡയിൽ സമരം രൂക്ഷമായി. ഗുഡ്‌ഗാവ്, ഫരീദാബാദ്, പൽവാൽ എന്നിവിടങ്ങളിലും തൊഴിലാളികൾ പ്രതിഷേധമുയർത്തി. ചെറുപ്പക്കാരായിരുന്നു സമരത്തിന്റെ മുന്നണിപ്പോരാളികൾ.
മനേസറിലെ ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ പ്ലാന്റിൽ വേതനവർധനയ്‍ക്കായി ആയിരങ്ങൾ സമരംചെയ്‌തു. സമരം പിന്നീട് മനേസറിലെ 20,000ത്തോളം ജീവനക്കാരിലേക്ക് പടർന്നു. തുടർന്ന് മിനിമം വേതനം 15,220 ആയി വർധിപ്പിക്കാൻ ഹരിയാന സർക്കാർ നിർബന്ധിതരായി. മനേസറിലെ റിച്ച ഗ്ലോബൽസ് എന്ന വസ്‌ത്ര കയറ്റുമതി കന്പനിയിലെ തൊഴിലാളികളും സമരത്തിൽ സജീവമായി. മനേസറിലെ തൊഴിലാളികൾക്ക് വേതന വർധന ലഭിച്ചത് റിച്ച ഗ്ലോബൽസിന്റെ നോയ്‌ഡയിലെ തൊഴിലാളികളറിഞ്ഞു. തുടർന്ന് നോയ്‌ഡയിൽ റിച്ച ഗ്ലോബൽസിലൂടെ സമരമാരംഭിച്ചു. മദർസൺ എന്ന കന്പനിയിലെ തൊഴിലാളികളും സമരമുഖത്തെത്തിയതോടെ പ്രതിഷേധം രൂക്ഷമായി. നാൽപതിനായിരത്തിലധികം തൊഴിലാളികൾ ആദിത്യനാഥ്–മോദി സർക്കാരുകളെ പ്രതിരോധത്തിലാക്കി. എന്നാൽ പ്രശ്നപരിഹാരത്തിനുപകരം സമരം അടിച്ചമര്‍ത്താനാണ് ബിജെപി സര്‍ക്കാര്‍ ശ്രമിച്ചത്. രാജസ്ഥാനിലും ഹിമാചൽ പ്രദേശിലുംഇൗ വർഷം ആരംഭം മുതൽ തൊഴിലാളി പ്രക്ഷോഭം സജീവമാണ്.
തൊഴിലാളികളെ അടിമകളാക്കുന്ന ലേബര്‍ കോഡ്
ലേബർ കോഡുകൾ വന്നാൽ തൊഴിലാളിക്ക് നല്ല കാലമാണെന്ന് മോദി അനുകൂല മാധ്യമങ്ങളും ബിജെപിയും വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. നിരവധി തൊഴിലാളികൾ, പ്രത്യേകിച്ച് ഉത്തരേന്ത്യയിലുള്ളവർ ഇത് വിശ്വസിച്ചു. എന്നാൽ ഇത് സംഭവിക്കാത്തതോടെ തൊഴിലാളികൾ കനത്ത അസ്വസ്ഥതയിലായി. വെറും പതിനായിരം രൂപ നൽകിയാണ് നോയ്‌ഡയിലും മനേസറിലുമെല്ലാം കന്പനികൾ തൊഴിലാളികളെക്കൊണ്ട് പണിയെടുപ്പിച്ചിരുന്നത്. ഇൗ പതിനായിരത്തിൽ നാലായിരമോ അതിലധികമോ തുക വാടകയായി നൽകണം. പശ്ചിമേഷ്യൻ സംഘർഷം ആരംഭിച്ചതോടെ ഒരു കിലോ പാചകവാതകത്തിന്റെ വില 100ൽനിന്ന് 700 ആയി.











0 comments