വ്യാജ ജനന സർടിഫിക്കറ്റ് നിർമിച്ചു; മധ്യപ്രദേശ് പൊലീസ് വിവാഹ ജീവിതം തകർക്കുന്നു; കുംഭമേള വൈറൽതാരം ഹൈക്കോടതിയിൽ

കുംഭമേള വൈറൽതാരം ഭർത്താവ് ഫർമാനൊപ്പം
ന്യൂഡൽഹി: മധ്യപ്രദേശ് പൊലീസ് വേട്ടയാടുന്നുവെന്നാരോപിച്ച് മിശ്രവിവാഹിതരായ കുംഭമേള വൈറൽ താരവും ഭർത്താവും മധ്യപ്രദേശ് ഹൈക്കോടതിയിൽ. തനിക്ക് പ്രായപൂർത്തിയായില്ലെന്ന് തെളിയിക്കാൻ വ്യാജ ജനന സർടിഫിക്കറ്റടക്കം നിർമിച്ചുവെന്നും അവ റദ്ദാക്കണമെന്നും ദന്പതികൾ ഹർജിയിൽ ആവശ്യപ്പെട്ടു.
ആധാർ, വോട്ടർ ഐഡി, പാൻ കാർഡ് തുടങ്ങിയവയിൽ 2008 ജനുവരി ഒന്ന് ആണ്. ഇത് കേരള പൊലീസ് സാക്ഷ്യപ്പെടുത്തിയിരുന്നുവെന്നും മലയാള ചലച്ചിത്ര നടി എന്ന പേരിൽ ഫയൽ ചെയ്‌ത ഹർജിയിൽ പറഞ്ഞു. ഭര്‍ത്താവിനെ ക്രിമിനൽ കേസിൽ കുടുക്കി അറസ്റ്റ്‌ചെയ്യാൻ ശ്രമിക്കുന്നത് തടയണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
യഥാർഥ രേഖകൾ റദ്ദാക്കിയ സർക്കാർ, വ്യാജരേഖ നിർമിച്ച് അവ പോർട്ടലിൽ ഉൾപ്പെടുത്തി. മധ്യപ്രദേശ് പൊലീസ് തുടർച്ചയായി കേരളത്തിലെത്തി താനുമായി ബന്ധമുള്ളവരെ ചോദ്യംചെയ്യുകയാണ്. ഇത് ഭയത്തിന്റെയും ഭീഷണിയുടെയും അന്തരീക്ഷം സൃഷ്‌ടിക്കുന്നു. പ്രായപൂർത്തിയായ ഒരാൾക്ക് സ്വന്തം ഇഷ്‌ടപ്രകാരം വിവാഹം ചെയ്യാമെന്നിരിക്കേ വ്യാജരേഖ സൃഷ്‌ടിച്ച് വിവാഹ ജീവിതം തകർക്കാൻ സംഘടിതമായ ശ്രമമാണ് നടക്കുന്നത്. മധ്യപ്രദേശ് സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്‌തതിലും വ്യാജരേഖ ചമച്ചതിലും സ്വതന്ത്രമായ അന്വേഷണത്തിന് ഉത്തരവിടണം. ഗൂഢാലോചന നടത്തിയ അച്ഛനെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണം. മറ്റൊരു വിവാഹം കഴിപ്പിക്കാൻ പിതാവ് ശ്രമിച്ചിരുന്നു. ഇതിനെതിരെ തന്പാനൂർ പൊലീസിൽ പരാതി നൽകിയിരുന്നു. വിവാഹം ലൗ ജിഹാദായും ഭർത്താവിനെ ഭീകരവാദിയായും ചിത്രീകരിക്കുന്നെന്നും ഹർജിയിൽ പറഞ്ഞു.










0 comments