കുംഭമേള; പ്രയാഗ്‌രാജിൽ 25 കിലോമീറ്റർ നീണ്ട ഗതാഗത കുരുക്ക്

ലഖ്നൗ: പ്രയാഗ്‌രാജിൽ നടക്കുന്ന കുംഭമേളയെ തുടർന്ന് ജനങ്ങൾ വീണ്ടും ഗതാഗത കുരുക്കിൽ വലയുകയാണ്. 25 കിലോമീറ്റർ നീണ്ട ഗതാഗത കുരുക്ക് സ്ഥലത്ത് അനുഭവപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ട്. ശിവരാത്രിക്ക് മുമ്പായി കുംഭമേളയിലേക്കെത്തുന്ന ജനങ്ങളുടെ എണ്ണം വർധിച്ച സാഹചര്യത്തിലും അത് നിയന്ത്രിക്കാനുള്ള യാതൊരു മുൻ കരുതലുകളും യു പി സർക്കാർ എടുത്തിട്ടില്ല.
ഇന്ന് പുലർച്ചെ മുതൽ പ്രയാഗ്‌രാജിൽ ആയിരക്കണക്കിന് വാഹനങ്ങളാണ് റോഡിൽ കുടുങ്ങിക്കിടക്കുന്നത്. കുംഭമേള അവസാനിക്കുന്നതിന് മുമ്പുള്ള അവസാന വാരാന്ത്യമായതിനാൽ വലിയ ജനക്കൂട്ടമാണ് സ്ഥലത്തേക്ക് എത്തുന്നത്. ഇന്നലെയും കടുത്ത ഗതാഗത കുരുക്ക് അനുഭവപ്പെട്ടിരുന്നു. വാരാണസി, മിർസാപൂർ, ജൗൻപൂർ, കൗശാമ്പി, പ്രതാപ്ഗഡ്, രേവ-ചിത്രകൂട്, കാൺപൂർ, ലഖ്‌നൗ റൂട്ടുകളിൽ പ്രയാഗ്‌രാജിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങളുടെ നീണ്ട നിരയാണ്.
കുഭമേളയിലെ തിക്കിലും തിരക്കിലുംപെട്ട് നിരവധിയാളുകൾക്ക് ജീവൻ നഷ്ടമായിട്ടും തിരക്ക് നിയന്ത്രിക്കാനുള്ള മുൻകരുതലുകൾ ആദിത്യനാഥ് സർക്കാർ എടുക്കുന്നില്ല എന്നത് ആശങ്കാജനകമാണ്. വേണ്ടത്ര ക്രമീകരണങ്ങൾ ഏർപ്പെടുത്താതാണ് അപകടങ്ങൾ കാരണമായതെന്ന് വിമർശനങ്ങൾ ഉയർന്നിരുന്നു. കുംഭമേള തയ്യാറെടുപ്പുകൾക്കായി 7,500 കോടി രൂപ ചെലവിട്ടതായാണ് സർക്കാർ അവകാശപ്പെട്ടത്. ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുക്കുന്ന പരിപാടിയായി വിശേഷിപ്പിച്ച് കേന്ദ്രസർക്കാരും യുപി സർക്കാരും വൻപരസ്യമാണ് കുംഭമേളയ്ക്ക് നൽകുന്നത്. കുംഭമേള നടത്തിപ്പിന്റെ പേരിൽ രാഷ്‌ട്രീയമുതലെടുപ്പിന് ബിജെപി നടത്തുന്നത്.









0 comments