print edition കൊൽക്കത്തയില്‍ സ്‌കൂൾഭക്ഷണം തയ്യാറാക്കാൻ മതസംഘടന; 4000 പേര്‍ക്ക് ജോലി ഇല്ലാതാകും

പ്രതീകാത്മക ചിത്രം

സ്വന്തം ലേഖകൻ
Published on Jun 28, 2026, 01:43 AM | 1 min read
ന്യൂഡൽഹി: കൊൽക്കത്തയിലെ സർക്കാർ, എയ്‌ഡഡ് സ്‌കൂളുകളിലെ ഉച്ചഭക്ഷണ വിതരണം മതസംഘടനയായ ഇസ്‌കോണിനെ ഏൽപ്പിക്കാനുള്ള ബിജെപി സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഉച്ചഭക്ഷണത്തൊഴിലാളികള്‍.
സ്കൂള്‍ ഉച്ചഭക്ഷണ വിതരണം സ്വകാര്യവത്കരിക്കാനും മതമൗലികവാദം അടിച്ചേൽപ്പിക്കാനുള്ള നീക്കമാണിതെന്ന് മിഡ്‌ഡേ മീൽ വർക്കേർസ് ഫെഡറേഷൻ ഓഫ് ഇന്ത്യ(എംഡിഎംഡബ്ല്യുഎഫ്‌ഐ) ചൂണ്ടിക്കാട്ടി.
ഒരുസ്ഥലത്തുനിന്ന് ഭക്ഷണം പാകം ചെയ്ത് അത് എല്ലാ സ്‌കൂളിലും വിതരണം ചെയ്യാനാണ് നീക്കം. ഇത് കൊൽക്കത്തയിലെ 4,000 ഉച്ചഭക്ഷണത്തൊഴിലാളികളുടെ തൊഴിലില്ലാതാക്കും. നിലവാരമില്ലാത്ത ഭക്ഷണം വിളന്പിയതിന് കുപ്രസിദ്ധരായ ഇസ്കോണ്‍ മതപരമായ കാരണം ചൂണ്ടിക്കാട്ടി ഉള്ളിയും വെളുത്തുള്ളിയും പാചകത്തലിന് ഉപയോഗിക്കാതിരുന്നത് മുന്പ് വിവാദമായിരുന്നു.
ഇസ്കോണ്‍ ചുമതല ഏറ്റെടുത്താല്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തൊടൊപ്പമുള്ള മുട്ട കിട്ടാതാകും. ബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്പ് പരസ്യമായി മാംസാഹാരം കഴിച്ച്, എല്ലാതരം ഭക്ഷണരീതിയെയും ഉള്‍കൊള്ളുമെന്ന് അവകാശപ്പെട്ട ബംഗാളിലെ ബിജെപി നേതാക്കാൾ ഇപ്പോള്‍ സ്കൂളുകളില്‍ മുട്ടപോലും വിലക്കുകയാണ്.
സ്കൂള്‍ ഭക്ഷണവിതരണം ഇസ്കോണിനെ ഏല്‍പ്പിക്കാന്‍ ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, അസം ഉൾപ്പെടെയുള്ള സംസ്ഥാന സർക്കാരുകള്‍ നീക്കം നടത്തിയപ്പോള്‍ സിഐടിയു നേതൃത്വത്തിൽ ഉച്ചഭക്ഷണത്തൊഴിലാളികൾ സമരത്തിനിറങ്ങി തീരുമാനത്തിൽ സര്‍ക്കാരുകളെ പിന്തിരിപ്പിച്ചിരുന്നു. ഇത് ബംഗാളിലെ ബിജെപി സർക്കാരിനെ ഓർമിപ്പിക്കുന്നുവെന്നും എംഡിഎംഎഫ്‌ഡബ്ല്യുഐ പ്രസ്‌താവനയിൽ അറിയിച്ചു.










0 comments