ad
Deshabhimani

ബിസിസിഐയും ഉടക്കി; ബംഗ്ലാദേശ് താരത്തെ ടീമിൽ നിന്നും ഒഴിവാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്

mustafz
വെബ് ഡെസ്ക്

Published on Jan 03, 2026, 05:42 PM | 2 min read

കൊൽക്കത്ത: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) സീസണിലേക്കുള്ള ടീമിൽ നിന്നും ബംഗ്ലാദേശ് താരം മുസ്തഫിസുർ റഹ്മാനെ ഒഴിവാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. ബി‌സി‌സി‌ഐയുടെ നിർദ്ദേശപ്രകാരമാണ് മുസ്തഫിസുറിനെ ഒഴിവാക്കിയതെന്ന് കെ‌കെ‌ആർ വെളിപ്പെടുത്തി.


ബംഗ്ലാദേശിൽ ഇന്ത്യൻ വംശജർക്കെതിരെയുള്ള ആക്രമണങ്ങൾ മുൻ നിർത്തി താരത്തിനെതിരെ കടുത്ത വിദ്വേഷ പ്രചാരണങ്ങൾ ഉയർന്നിരുന്നു. നടൻ ഷാരൂഖ് ഖാന്റെ സഹ ഉടമസ്ഥതയിലുള്ളതാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഷാരൂഖിനെയും വിദ്വേഷ പ്രചാരകർ കടുത്ത ഭാഷയിൽ ആക്രമിച്ചു. എന്നാൽ രാജ്യത്തെ തന്നെ ഇതര ഐപിഎൽ ടീമുകളോട് മത്സരിച്ച് സ്വന്തമാക്കിയ താരത്തെ കെകെആർ കൈ വിട്ടില്ല. ഒടുവിൽ ബിസിസിഐ തന്നെ എതിരായി രംഗത്ത് വന്നതോടെയാണ് നടപടി.


ഐ‌പി‌എല്ലിന്റെ റെഗുലേറ്റർ എന്ന നിലയിൽ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബി‌സി‌സി‌ഐ) വരാനിരിക്കുന്ന ഐ‌പി‌എൽ സീസണിന് മുമ്പ് മുസ്തഫിസുറിനെ ടീമിൽ നിന്ന് ഒഴിവാക്കാൻ ആവശ്യപ്പെട്ടതായി കെ‌കെ‌ആർ സ്ഥിരീകരിച്ചു.


കഴിഞ്ഞ മാസം അബുദാബിയിൽ നടന്ന ലേലത്തിൽ മുസ്തഫിസുറിനെ 9.2 കോടി രൂപയ്ക്കാണ് കെകെആർ സ്വന്തമാക്കിയത്.


ബംഗ്ലാദേശിൽ നിന്നുള്ള ഫാസ്റ്റ് ബൗളറാണ് മുസ്തഫിസുർ റഹ്മാൻ. 30 കാരനായ ഇടം കൈയൻ താരത്തിന്റെ വരവ് കെകെആറിന് മുതൽക്കൂട്ടാവും എന്ന് കണക്കാക്കപ്പെട്ടിരുന്നു. ചെന്നൈ സൂപ്പർ കിംഗ്‌സും ഡൽഹി ക്യാപിറ്റൽസും മുസ്തഫിസുറിനായി കടുത്ത വിലപേശൽ നടത്തിയിരുന്നു. അവസാനം ലേലം കെകെആറിന് ലഭിക്കയായിരുന്നു.


ഇന്ത്യയിൽ 2016 മുതൽ എട്ട് ഐപിഎൽ പതിപ്പുകളിൽ ഈ യുവതാരം കളിച്ചിട്ടുണ്ട്. 2019 ലും 2020 ലും മാത്രമാണ് ടൂർണമെന്റിൽ പങ്കെടുക്കാതിരുന്നത്.


സൺറൈസേഴ്‌സ് ഹൈദരാബാദ്, മുംബൈ ഇന്ത്യൻസ്, ഡൽഹി ക്യാപിറ്റൽസ്, ചെന്നൈ സൂപ്പർ കിംഗ്‌സ്, രാജസ്ഥാൻ റോയൽസ് തുടങ്ങിയ ടീമുകൾക്കായി 60 തവണ കളത്തിൽ ഇറങ്ങിയിട്ടണ്ട്. മൂന്ന് തവണ ഐപിഎൽ ജേതാക്കളായ കെകെആറിന് വേണ്ടി ആദ്യമായി രംഗത്തിറങ്ങാൻ ഇരിക്കയായിരുന്നു.


കഴിഞ്ഞ വർഷം ഓഗസ്റ്റിൽ സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളെത്തുടർന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്തയിലേക്ക് പലായനം ചെയ്തിരുന്നു. സംഘർഷത്തിന് പിന്നാലെ ഇന്ത്യ സൗഹൃദ അവാമി ലീഗ് സർക്കാരിൽ നിന്ന് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരിലേക്ക് ഭരണ നേതൃത്വം മാറി. തൊട്ടു പിന്നാലെ ബംഗ്ലാദേശ് ഇന്ത്യ നയതന്ത്ര ബന്ധം വഷളായി. പാകിസ്ഥാനുമായുള്ള അവരുടെ ഇടപെടൽ ഇന്ത്യയുമായുള്ള സമവാക്യത്തെ കൂടുതൽ സങ്കീർണ്ണമാക്കി. ബംഗ്ലാദേശ് സംഘർഷത്തിൽ അവിടെ ന്യൂനപക്ഷമായ ഹിന്ദു വിശ്വാസി കൊല്ലപ്പെട്ടത് വീണ്ടും പ്രതിഷേധം കത്തിച്ചു.


ഇവയെ ഇന്ത്യയിലെ വിദ്വേഷ പ്രചാരകർ അവസരമാക്കി. ക്രിക്കറ്റിലേക്കും സ്പോട്സിലേക്കും വരെ എത്തി. ബിജെപി നേതാവ് സംഗീത് സോം ഷാരൂഖ് ഖാനെ "ഗദ്ദാർ (രാജ്യദ്രോഹി)" എന്ന് വിളിച്ച് ആക്ഷേപിച്ചിരുന്നു.

 

 

 

 



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home