ബംഗളൂരുവിൽ നൂറിലധികം ഐടി ജീവനക്കാർ അറസ്റ്റിൽ; തൊഴിലാളിദ്രോഹം തുടർന്ന് കോൺഗ്രസ് സർക്കാർ

ബംഗളൂരു: രാജ്യവ്യാപകമായി തുടരുന്ന പൊതുപണിമുടക്കിന്റെ ഭാഗമായി ബംഗളുരുവിൽ സമാധാനപരമായി സംഘടിച്ച നൂറിലധികം ഐടി ജീവനക്കാരെയും സംഘടനാ നേതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. കർണാടകയിലെ ഐടി തൊഴിലാളികളുടെ സംഘടനയായ കർണാടക ഐടി/ഐടിഇഎസ് എംപ്ലോയീസ് യൂണിയൻ (കെഐടിയു) ജനറൽ സെക്രട്ടറി സുഹാസ് അഡിഗ, മറ്റ് യൂണിയൻ ഭാരവാഹികൾ, വിവിധ കേന്ദ്ര ട്രേഡ് യൂണിയൻ നേതാക്കൾ, ഐടി ജീവനക്കാര്‍തുടങ്ങിയവരെയാണ് സമരത്തിനിടെ പൊലീസ് അറസ്റ്റ് ചെയ്തത്. സമാധാനപരമായി സമരം ചെയ്ത തൊഴിലാളികളെ അടിച്ചമർത്തുന്നതിലൂടെ കർണാടകയിലെ കോൺഗ്രസ് സർക്കാരിന്റെ തൊഴിലാളി വിരുദ്ധ മുഖമാണ് പ്രകടമായിരിക്കുന്നതെന്ന് കെഐടിയു നേതാക്കൾ പ്രതികരിച്ചു.
കേന്ദ്രസർക്കാരിന് വഴങ്ങി കര്‍ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ലേബര്‍ കോഡുകളുടെ ചട്ടങ്ങൾ നടപ്പാക്കിയിരുന്നു. കൂടാതെ, ഐടി തൊഴിലാളികളുടേതുൾപ്പെടയുള്ള സമരങ്ങളെ മുൻപും പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്താൻ ശ്രമിച്ചിട്ടുണ്ട്. തൊഴിലാളികളുടെ ന്യായമായ അവകാശ പോരാട്ടങ്ങൾക്ക് നേരെയുള്ള കിരാതമായ നടപടികൾ ഒരുതരത്തിലും അംഗീകരിക്കാനാകില്ലെന്നും കർണാടക സർക്കാരിന്റെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയർത്തുമെന്നും കെഐടിയു അറിയിച്ചു.
ജനവിരുദ്ധ കേന്ദ്ര ബജറ്റും യുഎസിന് കീഴ്‌പ്പെട്ട് കേന്ദ്രസർക്കാർ ഒപ്പിട്ട വ്യാപാര കരാറും വലിയ പ്രതിഷേധത്തിനിടയാക്കിയ ഘട്ടത്തിലാണ് സിഐടിയു, എഐടിയുസി, ഐഎൻടിയുസി, എച്ച്‌എംഎസ്, എഐയുടിയുസി, ടിയുസിസി, സേവാ, എഐസിസിടിയു, എൽപിഎഫ്, യുടിയുസി എന്നീ കേന്ദ്ര ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ പണിമുടക്ക്. തൊഴിലുറപ്പ് പദ്ധതി അട്ടിമറിയടക്കം ചോദ്യംചെയ്‌ത് കർഷകരും കർഷകത്തൊഴിലാളികളും പണിമുടക്കുന്നുണ്ട്. കഴിഞ്ഞ ജൂലൈയിൽ നടന്ന പണിമുടക്കിൽ 25 കോടിയിലധികം തൊഴിലാളികളാണ് അണിനിരന്നത്. ഇത്തവണ അതിനെ മറികടക്കുന്ന പങ്കാളിത്തമുണ്ടാകുമെന്ന് ട്രേഡ് യൂണിയൻ നേതാക്കൾ അറിയിച്ചു.











0 comments