തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിൽ ബിജെപി സീൽ: ഉദ്യോഗസ്ഥന് സസ്പെൻഷൻ; കമ്മീഷൻ 'കാവിവൽക്കരിക്കപ്പെടുന്നുവെന്ന്' ആക്ഷേപം

തിരുവനന്തപുരം: രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച ഔദ്യോഗിക കത്തിൽ ബിജെപിയുടെ സീൽ പതിപ്പിച്ച സംഭവത്തിൽ നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. കത്തുകൾ മെയിൽ അയച്ച അസിസ്റ്റന്റ് സെക്ഷൻ ഓഫീസറെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ നടപടി സ്വീകരിച്ചത്.
2019-ലെ തെരഞ്ഞെടുപ്പ് ചട്ടങ്ങൾ വിശദീകരിച്ചുകൊണ്ട് ഈ മാസം 22-ന് ഉച്ചയോടെ രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച ഇമെയിൽ സന്ദേശത്തിലായിരുന്നു ബിജെപിയുടെ സീൽ പ്രത്യക്ഷപ്പെട്ടത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക മുദ്രയ്ക്ക് പകരമായി ബിജെപി കേരള ഘടകത്തിന്റെ സീൽ പതിപ്പിച്ച കത്ത് ലഭിച്ചതോടെ വിമർശനങ്ങൾ പൊട്ടിപുറപ്പെടുകയായിരുന്നു.
2019-ലെ ചട്ടങ്ങൾ ഉൾക്കൊള്ളുന്ന പഴയ കത്താണ് ഇത്തവണ വീണ്ടും അയച്ചത്. ഇതിന്റെ അടിഭാഗത്താണ് ബിജെപി കേരള സ്റ്റേറ്റ് കമ്മിറ്റിയുടെ സീൽ പതിഞ്ഞിരുന്നത്. സംഭവിച്ചത് സാങ്കേതിക പിഴവാണെന്നും കത്തിൽ ബിജെപി സീൽ ഉള്ളത് ശ്രദ്ധിച്ചില്ലെന്നുമാണ് കമ്മീഷന്റെ വാദം. വിവാദമായതോടെ ഇത് തിരുത്തിയതായും അധികൃതർ അറിയിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര സർക്കാരിന്റെ ചട്ടുകമായി മാറുന്നതിന്റെ തെളിവാണിതെന്നും കമ്മീഷനെ സ്വന്തം വരുതിയിലാക്കാൻ ബിജെപി നടത്തുന്ന ശ്രമങ്ങൾ ജനാധിപത്യത്തിന് ഭീഷണിയാണെന്നും എംവി ജയരാജൻ പറഞ്ഞു. ഈ സംഭവം പുറത്തുവന്നതോടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്.










0 comments