ഇത്തവണ ഹിമപാതമില്ല; കേദാർനാഥിൽ മഞ്ഞ് കാണാനില്ലാതെ ഡിസംബർ

ഡെറാഡൂൺ: സാധാരണയായി ഡിസംബർ മാസത്തിൽ അഞ്ച് മുതൽ എട്ട് അടി വരെ മഞ്ഞുവീഴ്ചയുണ്ടാകേണ്ട കേദാർനാഥിൽ ഇത്തവണ ഹിമപാതമില്ലാത്ത മഞ്ഞുകാലം. ഉത്തരാഖണ്ഡിലെ ഈ തീർത്ഥാടനകേന്ദ്രത്തിൽ ചൊവ്വാഴ്ച വരെ കാര്യമായ മഞ്ഞുവീഴ്ച റിപ്പോർട്ട് ചെയ്തിട്ടില്ല.
കാലാവസ്ഥാ വ്യതിയാനത്തിന്റെ വ്യക്തമായ സൂചനയായാണ് ശാസ്ത്രലോകം ഇതിനെ കാണുന്നത്. ഡിസംബർ പകുതി പിന്നിട്ടിട്ടും മഞ്ഞുവീഴ്ചയുണ്ടാകാത്തത് കേദാർനാഥിൽ അസാധാരണമാണ്.
ഓരോ വർഷവും കനത്ത ഹിമപാതത്തെത്തുടർന്ന് ശീതകാലത്തേക്ക് ക്ഷേത്രനട അടയ്ക്കാറുള്ള ഈ മേഖലയിൽ ഇത്തവണ കാലാവസ്ഥയിൽ വലിയ മാറ്റങ്ങളാണ് അനുഭവപ്പെടുന്നത്. മഞ്ഞുവീഴ്ചയില്ലാത്തതിനാൽ മേഖലയിൽ അതിശക്തമായ 'വരണ്ട തണുപ്പ്' അനുഭവപ്പെടുകയാണ്.
താപനില -10 ഡിഗ്രി സെൽഷ്യസിലേക്ക് താഴുന്നുണ്ടെങ്കിലും മഞ്ഞ് വീഴുന്നില്ല. ഇത് ഈ മേഖലയിലെ പാരിസ്ഥിതിക സന്തുലിതാവസ്ഥയെ ദോഷകരമായി ബാധിച്ചേക്കാമെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു.
മഞ്ഞുവീഴ്ച ഇല്ലാത്തത് കേദാർപുരിയിലെ പുനർനിർമ്മാണ പ്രവർത്തനങ്ങളെ സഹായിക്കുന്നുണ്ട്. ഏകദേശം 150-ഓളം തൊഴിലാളികളാണ് കഠിനമായ തണുപ്പിനിടയിലും അവിടെ നിർമ്മാണ ജോലികളിൽ ഏർപ്പെട്ടിരിക്കുന്നത്.
സാധാരണയായി ഈ സമയത്ത് മഞ്ഞുവീഴ്ച കാരണം നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെക്കാറാണ് പതിവ്. 2013-ലെ പ്രളയത്തിൽ വന്നടിഞ്ഞ വലിയ ശിലകളെ കൊത്തിയെടുത്ത് മനോഹരമായ കലാരൂപങ്ങളാക്കി മാറ്റുന്ന ജോലികളാണ് ഇപ്പോൾ അവിടെ പ്രധാനമായും നടക്കുന്നത്.
ഹിമാലയൻ മേഖലയിൽ അനുഭവപ്പെടുന്ന ഈ പ്രതിഭാസം വരും വർഷങ്ങളിൽ ജലലഭ്യതയെയും മറ്റ് സ്വാഭാവിക ഉറവിടങ്ങളെയും എങ്ങനെ ബാധിക്കുമെന്ന കാര്യത്തിൽ ഗൗരവകരമായ പഠനങ്ങൾ ആവശ്യമാണെന്ന് പരിസ്ഥിതി പ്രവർത്തകർ പര്യയുന്നു. അതേസമയം മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കൊടും തണുപ്പും മഞ്ഞുവീഴ്ചയുമായി അനുഭവപ്പെടുന്നത്.











0 comments