കരൂർ ദുരന്തം: നടൻ വിജയ്‌യെ സിബിഐ വീണ്ടും ചോദ്യം ചെയ്യും

ചെന്നൈ: തമിഴ്‌നാട്ടിലെ കരൂരിൽ രാഷ്ട്രീയ പാർട്ടി സമ്മേളനത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ആളുകൾ മരിച്ച സംഭവത്തിൽ തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ്‌യെ സിബിഐ വീണ്ടും ചോദ്യം ചെയ്യും.
കേസുമായി ബന്ധപ്പെട്ട് കൂടുതൽ വ്യക്തത വരുത്തുന്നതിനായി ചെന്നൈയിലെ സിബിഐ ഓഫീസിൽ ഹാജരാകാൻ വിജയിക്ക് നോട്ടീസ് നൽകി. കഴിഞ്ഞ വർഷം കരൂരിൽ നടന്ന ടിവികെ റാലിക്കിടെയായിരുന്നു ദാരുണമായ സംഭവം നടന്നത്.
തിരക്ക് നിയന്ത്രിക്കുന്നതിൽ സംഘാടകർക്ക് വീഴ്ച പറ്റിയെന്നും മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയില്ലെന്നും ആരോപിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങൾ കോടതിയെ സമീപിച്ചിരുന്നു. കോടതി ഉത്തരവിനെത്തുടർന്നാണ് കേസ് സിബിഐ ഏറ്റെടുത്തത്.
നേരത്തെ ഒരു തവണ വിജയിയെ സിബിഐ ചോദ്യം ചെയ്തിരുന്നുവെങ്കിലും മൊഴികളിലെ വൈരുദ്ധ്യം പരിഗണിച്ചാണ് വീണ്ടും വിളിപ്പിക്കുന്നത്. പാർട്ടി പരിപാടിയുടെ ആസൂത്രണം, വോളന്റിയർമാരുടെ വിന്യാസം, അനുമതി പത്രത്തിലെ നിബന്ധനകൾ പാലിച്ചോ തുടങ്ങിയ കാര്യങ്ങളിലാകും പ്രധാനമായും സിബിഐ അന്വേഷണം നടക്കുക.
രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതിന് പിന്നാലെ വിജയിക്കെതിരെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ വേട്ടയാടൽ നടത്തുകയാണെന്ന് ടിവികെ പ്രവർത്തകർ ആരോപിച്ചു. എന്നാൽ നിയമപരമായ നടപടിക്രമങ്ങൾ മാത്രമാണിതെന്നാണ് സിബിഐയുടെ വിശദീകരണം.










0 comments