കർണാടകയുടെ ഇരുപത്തിയഞ്ചാമത് മുഖ്യമന്ത്രിയായി ഡി കെ ശിവകുമാർ അധികാരമേറ്റു

ബെംഗളൂരു: ആഴ്ചകൾ നീണ്ട രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കും ഹൈക്കമാൻഡ് ചർച്ചകൾക്കുമൊടുവിൽ കർണാടകയുടെ ഇരുപത്തിയഞ്ചാമത് മുഖ്യമന്ത്രിയായി ഡി കെ ശിവകുമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഉപമുഖ്യമന്ത്രിയായി ജി പരമേശ്വരൻ സത്യപ്രതിജ്ഞ ചെയ്തു.
ജൂൺ 3 ബുധനാഴ്ച ബെംഗളൂരു രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ താവർ ചന്ദ് ഗെലോട്ട് ഡി കെ ശിവകുമാറിന് സത്യവാചകം ചൊല്ലിക്കൊടുത്തു. ഇന്ത്യൻ ഭരണഘടനയുടെ ചെറുപതിപ്പ് കൈയ്യിലേന്തിയാണ് സത്യപ്രതിജ്ഞ ചെയ്തത്.
മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി സിദ്ധരാമയ്യയും ഡി കെ ശിവകുമാറും തമ്മിൽ നിലനിന്നിരുന്ന കടുത്ത തർക്കങ്ങൾക്കൊടുവിലാണ് പാർട്ടി നേതൃത്വത്തിന്റെ അനുനയ നീക്കങ്ങൾക്ക് വഴങ്ങി സിദ്ധരാമയ്യ സ്ഥാനം ഒഴിഞ്ഞത്.
തുടർന്ന് ചേർന്ന കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിൽ സിദ്ധരാമയ്യ തന്നെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ശിവകുമാറിന്റെ പേര് നിർദ്ദേശിച്ചതും ഐകകണ്ഠ്യേന പുതിയ നേതാവായി തിരഞ്ഞെടുത്തതും. കോൺഗ്രസിന്റെ പ്രമുഖ ദേശീയ നേതാക്കൾ ഒന്നിച്ച് ഒരേ വേദിയിൽ അണിനിരന്നു.
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ, എഐസിസി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എന്നിവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു.
വിവിധ സംസ്ഥാനങ്ങളിലെ കോൺഗ്രസ് മുഖ്യമന്ത്രിമാരായ വിഡി സതീശൻ (കേരളം), രേവന്ത റെഡ്‌ഡി (തെലങ്കാന), സുഖ്‌വിന്ദർ സിംഗ് സുഖു (ഹിമാചൽ പ്രദേശ്) എന്നിവരും ചടങ്ങിൽ അധിതികളായെത്തി.
കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസും സംസ്ഥാനത്തെ വിവിധ സാമൂഹിക-സമുദായ സംഘടനകളുടെ പ്രതിനിധികളും ചടങ്ങിൽ സന്നിഹിതരായിരുന്നു. എട്ടുതവണ എംഎൽഎയായ ഡി കെ ശിവകുമാർ സംസ്ഥാനത്തെ നിർണ്ണായക വോട്ട് ബാങ്കായ വൊക്കലിംഗ സമുദായത്തിൽ നിന്നുള്ള നേതാവാണ്.











0 comments