വിവാഹം പവിത്രമായ ആത്മബന്ധം, കരാറല്ല; യുവതിയുടെ വിവാഹമോചന ഹർജി തള്ളി കർണാടക ഹൈക്കോടതി

ബംഗളൂരു: വിവാഹം കേവലമൊരു സിവിൽ കരാറല്ലെന്നും അത് പവിത്രവും ശാശ്വതവുമായ ആത്മബന്ധമാണെന്നും കർണാടക ഹൈക്കോടതി. നിസാര കാരണങ്ങൾ നിരത്തി വിവാഹമോചനം ആവശ്യപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടി യുവതിയുടെ ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
ജസ്റ്റിസ് അനു ശിവരാമൻ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് വിധി. ഭർത്താവുമായുള്ള പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടി കുടുംബ കോടതി വിവാഹമോചനം അനുവദിക്കാത്തതിനെ തുടർന്നാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്.
എന്നാൽ, വിവാഹബന്ധം തകർക്കാൻ മാത്രമുള്ള ക്രൂരതയോ മതിയായ കാരണങ്ങളോ ഹർജിയിൽ ബോധിപ്പിക്കാൻ യുവതിക്ക് കഴിഞ്ഞില്ലെന്ന് കോടതി വിലയിരുത്തി. വിവാഹം എന്നത് പവിത്രമായ ഒന്നാണെന്നും അത് സംരക്ഷിക്കപ്പെടേണ്ടതാണെന്നും കോടതി അഭിപ്രായപ്പെട്ടു.
ഇന്നത്തെ കാലത്ത് വിവാഹത്തെ ഒരു പാശ്ചാത്യ രാജ്യങ്ങളിലെപ്പോലെ ഒരു കരാറായി കാണുന്ന പ്രവണത കൂടിവരികയാണെന്നും എന്നാൽ ഭാരതീയ സംസ്കാരത്തിൽ അത് പവിത്രമായ ഒരു ചടങ്ങാണെന്നും കോടതി പറഞ്ഞു. ദമ്പതികൾക്കിടയിലുള്ള ചെറിയ അഭിപ്രായവ്യത്യാസങ്ങൾ വിവാഹമോചനത്തിനുള്ള കാരണമല്ല.
ഇത്തരം വിഷയങ്ങളിൽ വിട്ടുവീഴ്ചാ മനോഭാവമാണ് വേണ്ടതെന്നും കോടതി വ്യക്തമാക്കി. കുടുംബ കോടതിയുടെ വിധി ശരിവെച്ച ഹൈക്കോടതി, ദമ്പതികൾക്ക് കൗൺസിലിംഗിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാൻ നിർദ്ദേശം നൽകി.










0 comments