ad
Deshabhimani

പറഞ്ഞുപറ്റിച്ച് കർണാടക സർക്കാർ; യെലഹങ്കയിൽ വഴിയാധാരമായ എല്ലാ കുടുംബങ്ങൾക്കും വീട് നൽകില്ല

Yelahanka Demolition Siddaramaiah

ബുൾഡോസർ രാജിൽ ഇടിച്ചുനിരത്തിയ കെട്ടിടങ്ങൾ (ഇടത്), സിദ്ധരാമയ്യ (വലത്)

വെബ് ഡെസ്ക്

Published on Jan 07, 2026, 02:22 PM | 1 min read

ബം​ഗളൂരു: കർണാടകയിലെ ​യെലഹങ്ക കൊഗിലുവിൽ ബുൾഡോസർ രാജിൽ വഴിയാധാരമാക്കിയ കുടുംബങ്ങളെ കയ്യൊഴിഞ്ഞ് കോൺഗ്രസ്‌ സർക്കാർ. കുടുംബങ്ങളുടെ പുനരധിവാസം ഉറപ്പാക്കാമെന്ന് നൽകിയ വാ​ഗ്ദാനത്തിൽനിന്ന് സർക്കാർ പിന്മാറി. പ്രദേശത്ത് അഞ്ച് വർഷമോ അതിലധികമോ കാലയളവിൽ താമസിക്കുന്നവർക്കേ വീട് നൽകു എന്നാണ് സിദ്ധരാമയ്യ സർക്കാരിന്റെ പുതിയ നിലപാട്. സിപിഐ എമ്മിന്റെ ശക്തമായ പ്രതിഷേധങ്ങളുടെയും കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ വിമർശനത്തിനും പിന്നാലെ കുടിയിറക്കപ്പെട്ട എല്ലാ ജനങ്ങൾക്കും പുനരധിവാസം ഏർപ്പെടുത്തുമെന്ന് കർണാടക സർക്കാർ ഉറപ്പുനൽകിയിരുന്നു. ഇതിൽനിന്നാണ് ഇപ്പോഴത്തെ പിന്മാറ്റം.


എല്ലാ രേഖകളോടും ജീവിച്ച ഇരുന്നൂറോളം കുടുംബങ്ങളെയാണ് ഡിസംബർ അഞ്ചിന് അർധരാത്രി കോൺ​ഗ്രസ് സർക്കാർ കുടിയിറക്കിയത്. പിന്നാലെ ശക്തമായ പ്രതിഷേധവുമായി സിപിഐ എം, ഡിവൈഎഫ്ഐ പ്രവർത്തകരെത്തി. ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹിം എംപിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ച് സർക്കാരിന്റെ ക്രൂരത പുറംലോകത്തെത്തിച്ചു. യുപിയിലെ യോഗി മോഡൽ ബുൾഡോസർരാജാണോ അരങ്ങേറിയത് എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ എക്‌സിലെ ചോദ്യമാണ് കർണാടകത്തെ ഉണർത്തിയത്. കേരളത്തിലും സംഭവം വിവാദമായതോടെ തടിതപ്പാനായി പുനരധിവാസപ്രഖ്യാപനം നടത്തുകയായിരുന്നു കർണാടക സർക്കാർ.


ജനുവരി ഒന്നു മുതൽ കൊഗിലുവിലെ കുടുംബങ്ങളെ ബൈയപ്പനഹള്ളിയിലെ ഫ്ലാറ്റിലേക്ക് മാറ്റും എന്നാണ് സർക്കാർ പ്രഖ്യാപിച്ചത്. എന്നാൽ ഒറ്റക്കുടുംബത്തിന് പോലും നൽകുന്ന സഹായം സംബന്ധിച്ച് തീരുമാനമായില്ല. അർഹരായവരെ കണ്ടെത്തുന്നതിനുള്ള സർവേ പോലും പൂർത്തിയായിട്ടില്ല. ഇവിടെ വർഷങ്ങളായി താമസിക്കുന്നവരിൽ പലരും പുനരധിവാസ പട്ടികയിലില്ല. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കഴിയുന്ന നൂറുകണക്കിന് കുടുംബങ്ങൾക്ക് താൽക്കാലിക താമസസൗകര്യമെങ്കിലും ഒരുക്കാൻ സർക്കാർ തയ്യാറായിട്ടില്ല. ശുചിമുറികളുൾപ്പെടെയുള്ള അടിസ്ഥാന സൗകര്യം പോലുമില്ലാതെ വൃത്തിഹീനമായ സാഹചര്യത്തിലാണ് സ്ത്രീകളും കുട്ടികളും പ്രായമായവരും ഇപ്പോഴും കഴിയുന്നത്.


വഴിയാധാരമായ കുടുംബങ്ങളെ പുനരധിവസിപ്പിക്കാത്തതിൽ പ്രതിഷേധിച്ച്‌ സിപിഐ എം നേതൃത്വത്തിൽ കഴിഞ്ഞ​ദിവസം പൊതുയോഗം ചേർന്നു.​


cpim protestയെലഹങ്ക കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങളെ പുനരധിവസിപ്പിക്കാത്തതിൽ പ്രതിഷേധിച്ച്‌ സിപിഐ എം നേതൃത്വത്തിൽ കൊഗിലു ഫക്കീർ കോളനിയിൽ ചേർന്ന പൊതുയോഗം


ഫക്കീർ കോളനിക്ക്‌ സമീപത്തെ ഉറുദു യുപി സ്‌കൂൾ മുറ്റത്ത്‌ ചേർന്ന യോഗത്തിൽ ഫക്കീർ കോളനിയിലേയും വസീം സ്‌ട്രീറ്റിലെയും കുടിയിറക്കപ്പെട്ട കുടുംബങ്ങൾ പങ്കെടുത്തു. പാർടി ബംഗളൂരു നോർത്ത് ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം ഹുള്ളി ഉമേഷ്, അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവ്‌ ഗൂരമ്മ എന്നിവർ സംസാരിച്ചു. ​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home