വ്യാജ പിഎച്ച്ഡി സർട്ടിഫിക്കറ്റ് സമർപ്പിച്ച് നിയമനം; കർണാടകയിൽ ഇരുനൂറിലധികം അധ്യാപകർക്കെതിരെ കേസ്

പ്രതീകാത്മക എഐ ചിത്രം
ബെംഗളൂരു : കർണാടകയിലെ സർക്കാർ ഫസ്റ്റ് ഗ്രേഡ് കോളേജുകളിൽ വ്യാജ പിഎച്ച്ഡി സർട്ടിഫിക്കറ്റുകൾ സമർപ്പിച്ച് ജോലി നേടിയ അധ്യാപകർക്കെതിരെ കേസ്. 249 അതിഥി അധ്യാപകർക്കെതിരെയാണ് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യാൻ കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിട്ടത്. വ്യാജ രേഖകൾ ചമച്ച് സർക്കാരിനെ വഞ്ചിച്ചതിനാണ് നടപടി. വ്യാജ ബിരുദ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് ജോലിയിൽ പ്രവേശിച്ച ഈ അധ്യാപകരെ കോളേജ് വിദ്യാഭ്യാസ വകുപ്പ് പിരിച്ചുവിടുകയും കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുമുണ്ട്.
2025-26 അധ്യയന വർഷത്തിൽ ഓൺലൈൻ കൗൺസിലിംഗ് വഴിയാണ് സംസ്ഥാനത്തെ വിവിധ കോളേജുകളിലേക്ക് പതിനായിരത്തോളം അതിഥി അധ്യാപകരെ നിയമിച്ചത്. പ്രവേശന സമയത്ത് സമർപ്പിച്ച പിജി സാക്ഷ്യപത്രങ്ങൾ, നെറ്റ്, കസെറ്റ്, പിഎച്ച്ഡി, എംഫിൽ സർട്ടിഫിക്കറ്റുകളുടെ സത്യാവസ്ഥ ബന്ധപ്പെട്ട സർവകലാശാലകളിൽ നിന്ന് നേരിട്ട് പരിശോധിച്ച് ഉറപ്പുവരുത്താൻ പ്രിൻസിപ്പൽമാർക്ക് നിർദേശം നൽകിയിരുന്നു. കോളേജ് തലത്തിലും വിദ്യാഭ്യാസ വകുപ്പിന്റെ ആസ്ഥാനത്തും നടത്തിയ വിശദമായ സർട്ടിഫിക്കറ്റ് പരിശോധനയിലാണ് 249 പേരുടെ പിഎച്ച്ഡി സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്ന് കണ്ടെത്തിയത്.
തട്ടിപ്പ് നടത്തിയ അധ്യാപകരെ 2026-27 അധ്യയന വർഷത്തേക്കുള്ള നിലവിലെ അതിഥി അധ്യാപക നിയമന പ്രക്രിയയിൽ നിന്ന് പൂർണമായി ഒഴിവാക്കിയിട്ടുണ്ട്. സർക്കാർ കോളേജുകളിൽ അതിഥി അധ്യാപകരായി അപേക്ഷിക്കുന്നതിൽ നിന്ന് ഇവരെ സ്ഥിരമായി വിലക്കിയതായും കോളേജ് വിദ്യാഭ്യാസ കമ്മീഷണർ പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കുന്നു. വ്യാജ രേഖകൾ സമർപ്പിച്ച് സർക്കാരിനെ വഞ്ചിച്ച മുഴുവൻ ആളുകൾക്കെതിരെയും ശക്തമായ നിയമനടപടി തുടരുമെന്ന് അധികൃതർ അറിയിച്ചു.










0 comments