ad
Deshabhimani

'മാസ്' കാണിക്കാൻ തോക്കുമായി റീൽസ്; കോൺഗ്രസ് നേതാവ് മതീൻ പട്ടേൽ കുരുക്കിൽ

gun congress.jpg
വെബ് ഡെസ്ക്

Published on Feb 11, 2026, 12:55 PM | 1 min read

കലാബുറഗി: സിനിമാ സ്‌റ്റൈലിൽ തോക്കുകൾ പ്രദർശിപ്പിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ റീൽസ് പോസ്റ്റ് ചെയ്ത കോൺഗ്രസ് നേതാവ് കുരുക്കിൽ. കർണാടകയിലെ കലാബുറഗിയിൽ നിന്നുള്ള കോൺഗ്രസ് നേതാവും എംഎൽഎ എംവൈ പാട്ടീലിന്റെ അടുത്ത അനുയായിയുമായ മതീൻ പട്ടേലിനെതിരെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.


രൺവീർ സിംഗ് നായകനാകുന്ന 'ധുരന്ധർ' എന്ന പുതിയ ചിത്രത്തിലെ 'ഫാസില' എന്ന ഗാനത്തിനൊപ്പമാണ് മതീൻ പട്ടേൽ വീഡിയോ ചിത്രീകരിച്ചത്. കറുത്ത എസ്‌യുവിയിൽ സുഹൃത്തുക്കൾക്കൊപ്പം എത്തുന്ന നേതാവ്, തോക്കുകളുമായി നൃത്തം ചെയ്യുന്നതാണ് വീഡിയോയിലുള്ളത്.


ചിത്രത്തിലെ 'റഹ്മാൻ ഡക്കൈറ്റ്' എന്ന കഥാപാത്രത്തെ അനുകരിക്കാനാണ് നേതാവ് ശ്രമിച്ചത്. വീഡിയോ വൈറലായതോടെ തോക്ക് ഉപയോഗിച്ചുള്ള ഈ പ്രകടനം വലിയ ചർച്ചയാവുകയായിരുന്നു. വീഡിയോയിൽ കാണുന്ന ആയുധങ്ങൾ യഥാർത്ഥമാണോ എന്ന് പൊലീസ് പരിശോധിച്ചു വരികയാണ്.


ആയുധങ്ങൾക്ക് ലൈസൻസ് ഉണ്ടോ എന്നും, ഉണ്ടെങ്കിൽ തന്നെ ലൈസൻസ് നിബന്ധനകൾ ലംഘിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കുമെന്ന് കലാബുറഗി പൊലീസ് കമ്മീഷണർ ശരണപ്പ എസ്ഡി അറിയിച്ചു.


ആയുധങ്ങൾ അനധികൃതമാണെന്ന് കണ്ടെത്തിയാൽ ആംസ് ആക്ട് പ്രകാരം കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി. അതേസമയം, വീഡിയോ വിവാദമായതോടെ ഇത് വെറുമൊരു 'ടോയ് ഗൺ' ആണെന്ന വാദവുമായി നേതാവ് രംഗത്തെത്തിയിട്ടുണ്ട്.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home