കൊഗിലുവിൽ പുനരധിവാസം ഇനിയുമായില്ല
print edition കർണാടകത്തിൽ വീണ്ടും കോൺഗ്രസ് ബുൾഡോസർരാജ് ; വടക്കൻ ബംഗളൂരുവിൽ 30 വീടുകൂടി ഇടിച്ചുനിരത്തി

വടക്കൻ ബംഗളൂരു സറൈപാളയം തനിസാന്ത്രയിലെ ബുൾഡോസർരാജിൽ വീട് നഷ്ടപ്പെട്ടവർ മാധ്യമങ്ങൾക്കുമുന്നിൽ
ബംഗളൂരു
യെലഹങ്ക കൊഗിലുവിൽ ഇരുനൂറോളം വീടുകൾ ബുൾഡോസർ ഉപയോഗിച്ച് തകർത്തതിനുപിന്നാലെ വടക്കൻ ബംഗളൂരുവില്‍ 30 വീട് തകർത്ത് കർണാടകത്തിലെ കോൺഗ്രസ് സർക്കാർ. കൈയേറ്റമാരോപിച്ച് സറൈപാളയം തനിസാന്ത്ര മേഖലയിലെ വീടുകളാണ് വ്യാഴം രാവിലെ നാല് ബുൾഡോസറുകളുപയോഗിച്ച് തകർത്തത്. ബംഗളൂരു വികസന അതോറിറ്റി അധികൃതർ മുന്നറിയിപ്പൊന്നുമില്ലാതെ തകർത്ത വീടുകളെല്ലാം ഇരുപതുവർഷമായി ഇവിടെ കഴിയുന്ന മുസ്ലിം കുടുംബങ്ങളുടേതാണ്.
‘‘രാവിലെ ഏഴിന് വീട്ടിലെത്തി, സാധനങ്ങളുമായി പുറത്തിറങ്ങാൻ പറഞ്ഞു. വിസമ്മതിച്ചവരുടെ വീടുകളിൽ കയറി, കോടതി ഉത്തരവുണ്ടെന്ന് പറഞ്ഞ് ഗ്യാസ് സിലിൻഡർ പുറത്തിട്ടു. മേൽക്കൂരകൾ ബുൾഡോസർ ഉപയോഗിച്ച് തകർത്തു. ഒരു മുന്നറിയിപ്പും കിട്ടിയില്ല’’–ആൾട്ട് ന്യൂസിലെ മുഹമ്മദ് സുബൈർ പുറത്തുവിട്ട എക്‌സ് വീഡിയോയിൽ അന്തേവാസിയായ യുവതി പ്രതികരിച്ചു. ഗാരേജും ഗോഡൗണും ഉൾപ്പെടെയുള്ള സ്ഥാപനങ്ങളും തകർത്തു. ഡിജിറ്റൽ കൈവശാവകാശരേഖ, കരമടച്ച രസീത്, വൈദ്യുതി–വെള്ളം ബിൽ എന്നിവ മാധ്യമങ്ങൾക്കുമുന്നിൽ നാട്ടുകാർ പ്രദർശിപ്പിച്ചു.
80 കോടി രൂപ വിലവരുന്ന രണ്ടേക്കറോളം സ്ഥലം സറൈപാളയത്ത് കൈയേറിയെന്നും 2004ൽ അർക്കാവതി ലേഒൗട്ട് എന്ന ഭവനപദ്ധതിക്ക് സർക്കാർ ഏറ്റെടുത്ത സ്ഥലമാണിതെന്നും ബംഗളൂരു വികസന അതോറിറ്റി അധികൃതർ പറയുന്നു.
കൊഗിലുവിൽ പുനരധിവാസം ഇനിയുമായില്ല
ഡിസംബർ 20ന് പുലർച്ചെ ബുൾഡോസറുകൾ കൊണ്ട് വീടുകള്‍ ഇടിച്ചുനിരത്തിയതോടെ വഴിയാധാരമായ യെലഹങ്ക കൊഗിലുവിലെ ഇരുനൂറോളം കുടുംബങ്ങൾ ഇപ്പോഴും തെരുവിൽ. കേരളം ഇടപെട്ടതോടെ, മുഖം രക്ഷിക്കാൻ പറഞ്ഞ പുനരധിവാസ പദ്ധതി ഇനിയും നടപ്പായിട്ടില്ല. വീട് നഷ്‌ടപ്പെട്ടവരെ ജനുവരി ഒന്നുമുതൽ സർക്കാർ ഫ്ലാറ്റിലേക്ക് മാറ്റുമെന്നാണ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അവകാശപ്പെട്ടത്. എന്നാൽ, ഇതുവരെ ഒറ്റ കുടുംബത്തിനും ബദൽ സംവിധാനമായില്ല.











0 comments