പത്തിൽ കാൺപൂർ ജില്ലാ ടോപ്പറായിരുന്ന വിദ്യാർഥി 12 പ്രീ-ബോർഡ് പരീക്ഷയ്ക്ക് മണിക്കൂറുകൾ മുമ്പ് റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ

കാൺപൂർ: 2023-ലെ പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ ജില്ലയിൽ ഒന്നാം സ്ഥാനം നേടിയ വിദ്യാർഥി റെയിൽവേ ട്രാക്കിന് സമീപം മരിച്ച നിലയിൽ. 17 വയസ്സുകാരനായ റൗണക് പഥക്കാണ് മരിച്ചത്. പന്ത്രണ്ടാം ക്ലാസ് ഫിസിക്സ് പ്രീ-ബോർഡ് പരീക്ഷയ്ക്ക് മണിക്കൂറുകൾക്ക് മുൻപാണ് വിദ്യാർഥി ആത്മഹത്യ ചെയ്തത്. ബ്രിജ് കിഷോരി ദേവി മെമ്മോറിയൽ ഇൻ്റർ കോളേജ് വിദ്യാർഥിയാണ് സാകേത് നഗർ സ്വദേശിയായ റൗണക്.
തിങ്കളാഴ്ച രാവിലെ 6:30-ന് വീട്ടിൽ നിന്നിറങ്ങിയ വിദ്യാർഥിയെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ തിരച്ചിലിനൊടുവിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തിരച്ചിലിനിടെ ജുഹി റെയിൽവേ യാർഡിന് സമീപം റൗണകിൻ്റെ മോട്ടോർ സൈക്കിൾ കണ്ടെത്തുകയായിരുന്നു. തുടർന്ന് ട്രാക്കുകൾക്ക് സമീപം മൃതദേഹവും കണ്ടെത്തി. "എൻ്റെ ഒരേയൊരു മകൻ ഇങ്ങനെയൊരു കടുംകൈ ചെയ്യുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ല. അവൻ വളരെ മിടുക്കനായിരുന്നു," റൗണക്കിന്റെ പിതാവ് അലോക് പഥക് പറഞ്ഞു.
ആത്മഹത്യയുടെ കാരണം വ്യക്തമല്ലെന്ന് റെയിൽവേ പൊലീസ് ഇൻസ്പെക്ടർ ഓം നാരായൺ സിംഗ് അറിയിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിരിക്കുകയാണ്. "ആത്മഹത്യയ്ക്ക് പിന്നിലെ കാരണം വ്യക്തമല്ല. ഞങ്ങൾ അവൻ്റെ മൊബൈൽ ഫോൺ പരിശോധിക്കുകയും സുഹൃത്തുക്കളുമായി സംസാരിക്കുകയും ചെയ്യുന്നുണ്ട്," അദ്ദേഹം കൂട്ടിച്ചേർത്തു. പത്താം ക്ലാസ് പരീക്ഷയിൽ 97.4 ശതമാനം മാർക്ക് നേടിയ റൗണക്, തൻ്റെ കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഫീസ് ഇളവ് നേടാൻ അർഹത നേടിയിരുന്നു.








0 comments