മണ്ഡല പുനര്‍നിര്‍ണയത്തിന് വനിതകളെ മനുഷ്യകവചമാക്കുന്നു: കനിമൊഴി

ന്യൂഡൽഹി
: ഭരണഘടനാവിരുദ്ധമായ മണ്ഡല പുനര്‍നിർണയം നടപ്പാക്കാൻ കേന്ദ്രസർക്കാർ വനിതകളെ മനുഷ്യകവചമാക്കുകയാണെന്ന് കനിമൊഴി എംപി ലോക്‌സഭയിൽ പറഞ്ഞു. 2011 സെൻസസിന്റെ അടിസ്ഥാനത്തിൽ മണ്ഡലപുനര്‍നിർണയം നടത്തി സീറ്റുകൾ വർധിപ്പിക്കാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കം ഭരണഘടന അട്ടിമറിക്കാനുള്ള നിയമനിർമാണങ്ങൾ എളുപ്പത്തിൽ പാസാക്കിയെടുക്കാനുള്ള മൃഗീയ ഭൂരിപക്ഷം ഉറപ്പാക്കാനാണ്.
2011 സെൻസസിന്റെ അടിസ്ഥാനത്തിൽ മണ്ഡല പുനര്‍നിർണയം നടത്തി 50 ശതമാനം വർധനയെന്ന ഫോർമുല നടപ്പാക്കിയാൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ സീറ്റ് കുതിച്ചുയരും. ഉത്തർപ്രദേശ്, ബിഹാർ, മധ്യപ്രദേശ്, രാജസ്ഥാൻ, ഹരിയാന, ഉത്തരാഖണ്ഡ്, ഛത്തീസ്‌ഗഡ്, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങൾക്ക് 400 മുതൽ 420 സീറ്റുകൾ വരെ ലഭിക്കും. ഭരണഘടനാഭേദഗതികൾ പാസാക്കാൻ പാർലമെന്റിൽ സർക്കാരിന് വേണ്ടത് മൂന്നിൽ രണ്ട് ഭൂരിപക്ഷമാണ്. ലോക്‌സഭയിലെ സീറ്റ് 816 ആയാൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം 544 വോട്ടാകും.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ വോട്ടിന് പുറമേ സഖ്യകക്ഷികളുടെയും മറ്റും പിന്തുണ കൂടിയായാൽ നിർണായക ഭരണഘടനാഭേദഗതികൾ ബിജെപിക്ക് നിഷ്‌പ്രയാസം പാസാക്കാൻ കഴിയും. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ഉൾപ്പെടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ വോട്ടുകൾക്ക് വിലയില്ലാതാകും. രാജ്യത്തിന്റെ മതനിരപേക്ഷ സ്വഭാവം തന്നെ ഭാവിയിൽ അട്ടിമറിക്കപ്പെടും – കനിമൊഴി ചൂണ്ടിക്കാട്ടി.










0 comments