സർക്കാർ രൂപീകരിക്കാൻ വിജയ്‌യെ ക്ഷണിക്കാതിരുന്നത് ജനവിധി അപമാനിക്കുന്നതിന് തുല്യം: കമൽഹാസൻ

ചെന്നൈ: തമിഴ്നാട് നിയമസഭയിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും സർക്കാർ രൂപീകരിക്കാൻ ടിവികെ നേതാവ് വിജയ്‍യെ ഗവർണർ ക്ഷണിക്കാത്തത് ജനവിധി അപമാനിക്കുന്നതിന് തുല്യമാണെന്ന് മക്കൾ നീതി മയ്യം നേതാവും നടനുമായ കമൽ ഹാസൻ. തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്ക് ഇതുവരെ സത്യപ്രതിജ്ഞ ചെയ്യാൻ കഴിഞ്ഞിട്ടില്ല എന്നത് സംസ്ഥാനത്തിന് തന്നെ നാണക്കേട് ആണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
'തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ തനിച്ച് ഭരിക്കാനുള്ള അധികാരം ജനങ്ങൾ ഒരു പാർടിക്കും നൽകിയിട്ടില്ല. തമിഴ്‌നാട് ചരിത്രത്തിൽ ഇത് ആദ്യമായാണ് സംഭവിക്കുന്നത്. സഹോദരൻ സ്റ്റാലിൻ, 'ജനങ്ങളുടെ വിധി ഞങ്ങൾ മാനിക്കുന്നു; ഒരു ഉത്തരവാദിത്തമുള്ള പ്രതിപക്ഷമായി പ്രവർത്തിക്കും' എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ രാഷ്ട്രീയ പക്വതയെ ഞാൻ ബഹുമാനിക്കുന്നു. ഇനി ഭരണഘടനയുടെ ചുമതലയുള്ളവർ ഇതേ കടമ നിറവേറ്റണം. ഇത് ഒരു അഭ്യർഥനയല്ല, അവരുടെ ഭരണഘടനാപരമായ കടമയെക്കുറിച്ചുള്ള ഓർമപ്പെടുത്തലാണ്.
വിജയ് നയിക്കുന്ന തമിഴ്‌നാട് വെട്രി കഴകം 108 സീറ്റുകൾ നേടിയിട്ടുണ്ട്. അദ്ദേഹത്തെ ഭരിക്കാൻ ക്ഷണിക്കാതിരിക്കുന്നത് തമിഴ് ജനങ്ങളുടെ വിധിയെ അപമാനിക്കുന്നതിന് തുല്യമാണ്. തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്ക് ഇതുവരെ സത്യപ്രതിജ്ഞ ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഇത് സംസ്ഥാനത്തിന് നേരിട്ടുള്ള നാണക്കേടാണ്.
‘ഭൂരിപക്ഷം തെളിയിക്കേണ്ടത് നിയമസഭയിലാണ്, രാജ്ഭവനിലല്ല’ എന്ന് സുപ്രീം കോടതി വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഞാൻ സംസാരിക്കുന്നത് കക്ഷി രാഷ്ട്രീയമല്ല. ഒരു ഇന്ത്യൻ പൗരന്റെ നയപരമായ ശബ്ദമാണിത്. തമിഴ്‌നാട്ടിലെ ജനങ്ങളുടെ വിധിക്ക് അർഹമായ ബഹുമാനം ലഭിക്കുക തന്നെ വേണം'- കമൽഹാസൻ പ്രസ്താവനയിൽ പറഞ്ഞു.
സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ച് ടിവികെ അധ്യക്ഷനും നടനുമായ വിജയ്, ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറെ കഴിഞ്ഞദിവസം സന്ദർശിച്ചിരുന്നു. 234 അംഗ നിയമസഭയിൽ 108 സീറ്റുകളാണ് ടിവികെ നേടിയത്. എന്നാൽ കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 118 സീറ്റ് ടിവികെയ്‌ക്ക് ഉണ്ടെന്ന് ഗവർണർക്ക് ബോധ്യപ്പെട്ടിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. പിന്തുണയ്‌ക്കുന്ന കക്ഷികളുടെ കത്ത് ഹാജരാക്കാന്‍ ഗവര്‍ണര്‍ ടിവികെ നേതാക്കളോട് നിര്‍ദേശിക്കുകയായിരുന്നു. വ്യാഴാഴ്‌ച വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് ടിവികെ നേതാക്കള്‍ പ്രഖ്യാപിച്ചത്. ഗവര്‍ണര്‍ അന്തിമ അനുമതി നൽകിയിട്ടില്ലാത്തതിനാല്‍ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തിലായി.










0 comments