ad
Deshabhimani

കേന്ദ്രത്തിന്റേത് ഭരണഘടനാ വിരുദ്ധ നീക്കം; 131-ാം ഭേദഗതി ബില്ലിനെതിരെ ലോക്സഭയിൽ ആഞ്ഞടിച്ച് കെ രാധാകൃഷ്ണൻ

K Radhakrishnan.jpg
വെബ് ഡെസ്ക്

Published on Apr 16, 2026, 05:27 PM | 1 min read

ന്യൂഡൽഹി: ഫെഡറൽ തത്വങ്ങളെ അട്ടിമറിച്ചുകൊണ്ട് കേന്ദ്ര സർക്കാർ കൊണ്ടുവന്ന 131-ാം ഭരണഘടനാ ഭേദഗതി ബില്ലിനെതിരെ ലോക്സഭയിൽ ശക്തമായ പ്രതിഷേധമുയർത്തി കെ. രാധാകൃഷ്ണൻ എംപി. ബിൽ ജനാധിപത്യവിരുദ്ധവും ഫെഡറലിസത്തിന് നേരെയുള്ള കടന്നുകയറ്റവുമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.


ബില്ലിന്റെ അവതരണത്തെ എതിർത്തുകൊണ്ട് ചട്ടം 72 പ്രകാരം അദ്ദേഹം നോട്ടീസ് നൽകി. സംസ്ഥാന സർക്കാരുകളുമായോ മറ്റ് രാഷ്ട്രീയ കക്ഷികളുമായോ യാതൊരു കൂടിയാലോചനയും നടത്താതെയാണ് കേന്ദ്രം ഇത്തരം നിർണ്ണായക ബില്ലുകൾ കൊണ്ടുവരുന്നത്.


ഇത് സഹകരണ ഫെഡറലിസത്തിന്റെ അന്തഃസത്തയ്ക്ക് വിരുദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലോക്സഭയിൽ കേന്ദ്ര സർക്കാരിന്റെ ഇരട്ടത്താപ്പിനെ എംപി രൂക്ഷമായി വിമർശിച്ചു. 2023-ൽ പാസാക്കിയ 'നാരി ശക്തി വന്ദൻ അധിനിയം' (വനിതാ സംവരണം) സെൻസസിനും മണ്ഡല പുനർനിർണ്ണയത്തിനും ശേഷം നടപ്പിലാക്കുമെന്ന് സർക്കാർ ഉറപ്പുനൽകിയിരുന്നു.


എന്നാൽ ഇതുവരെ സെൻസസ് നടത്താൻ പോലും തയ്യാറാകാത്ത സർക്കാർ, ആ വാഗ്ദാനം വിസ്മരിച്ച് പുതിയൊരു ഭേദഗതിയുമായി വരുന്നത് ദുരൂഹമാണ്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ടുള്ള രാഷ്ട്രീയ നാടകമാണ് ഈ പുതിയ ബിൽ.


ജനാധിപത്യപരമായ പരിഷ്കരണങ്ങളേക്കാൾ രാഷ്ട്രീയ നേട്ടങ്ങൾക്കാണ് ബിജെപി സർക്കാർ മുൻഗണന നൽകുന്നത്. സംസ്ഥാനങ്ങളുടെ അധികാരം കവർന്നെടുക്കാനും അധികാരം കേന്ദ്രത്തിൽ കുമിഞ്ഞുകൂടാനുമുള്ള നീക്കമാണിതെന്ന് കെ. രാധാകൃഷ്ണൻ എംപി കുറ്റപ്പെടുത്തി. ജനാധിപത്യ വിരുദ്ധമായ ഈ ബിൽ സർക്കാർ പിൻവലിക്കണം.


പുതിയ ഭേദഗതികൾ കൊണ്ടുവരുന്നതിന് മുൻപ്, നിലവിൽ പാസാക്കിയ വനിതാ സംവരണം യാഥാർത്ഥ്യമാക്കുന്നതിന് ആവശ്യമായ സെൻസസ് നടപടികൾ അടിയന്തരമായി പൂർത്തിയാക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഭരണഘടനാ മൂല്യങ്ങളെ തകർക്കാനുള്ള നീക്കങ്ങളെ പാർലമെന്റിനകത്തും പുറത്തും ശക്തമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home