Deshabhimani

‘ഞങ്ങൾക്ക് നടക്കാൻപോലും കഴിയുന്നില്ല’; ജെഎൻയുവിൽ പോരാട്ടം തുടരുന്ന ഗോപിക

gopika babu sfi
വെബ് ഡെസ്ക്

Published on Oct 19, 2026, 04:43 PM | 3 min read

ന്യൂഡൽഹി: ‘ഞങ്ങൾക്ക് നടക്കാൻപോലും കഴിയുന്നില്ല. പലരും തുടർച്ചയായി ഛർദിക്കുകയാണ്. ഞങ്ങളുടെ ആരോഗ്യവിവരങ്ങളെല്ലാം നിരീക്ഷിക്കുന്നുണ്ടെന്ന് പറയുന്ന നിങ്ങളുടെ ശ്രദ്ധയിൽ ഇതൊന്നും പെടുന്നില്ലേ?’ ജവഹർലാൽ നെഹ്റു സർവകലാശാല വൈസ് ചാൻസലർ ശാന്തിശ്രീ ധുലിപുടി പണ്ഡിറ്റിനോട് കെ ഗോപിക ബാബു ചോദിക്കുന്നു. ദിവസങ്ങളായി നിരാഹാരസമരത്തിൽ തുടരുന്ന ജെഎൻയു വിദ്യാർഥി യൂണിയൻ വൈസ് പ്രസിഡന്റിന്റെ വാക്കുകളാണിത്. സമരം പതിനേഴാം ദിവസത്തിലേക്ക് കടക്കുമ്പോൾ, തുടർച്ചയായ ഛർദിയും തലകറക്കവും കടുത്ത ശാരീരികക്ഷീണവും മൂലം നടക്കാൻപോലും കഴിയാത്ത അവസ്ഥയിലാണ് ഗോപിക.


ഒരു ഭാ​ഗത്ത് രാജ്യത്ത് വോട്ടവകാശവും ജനാധിപത്യവും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭങ്ങൾ ശക്തമാകുമ്പോൾ, ജെഎൻയുവിൽ തന്നെ വിശ്വസിച്ച് നേതൃത്വം ഏൽപിച്ച വിദ്യാർഥികളുടെ അവകാശങ്ങൾക്കായുള്ള പോരാട്ടത്തിലാണ് ഗോപിക. തെരഞ്ഞെടുപ്പിൽ ഉയർത്തിപ്പിടിച്ച ജനാധിപത്യത്തിന്റെയും തുല്യനീതിയുടെയും നിലപാടുകൾ ക്യാമ്പസിൽ സംരക്ഷിക്കാനുള്ള സമരമാണിത് ​ഗോപികയ്ക്ക്. വോട്ടുചെയ്ത് വിജയിപ്പിച്ച വിദ്യാർഥികൾക്കൊപ്പം, അവരുടെ ആവശ്യങ്ങൾക്കായി നിരാഹാരമിരിക്കുന്ന ഗോപികയ്ക്ക് ഇന്ന് നടക്കാൻപോലും കഴിയുന്നില്ല. എന്നിട്ടും ആവശ്യങ്ങൾ നേടിയെടുക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് ഈ വിദ്യാർഥി നേതാവ്.


വിദ്യാർഥികളുടെ ജനാധിപത്യാവകാശങ്ങൾ സംരക്ഷിക്കുക, ശിക്ഷാനടപടികൾ പിൻവലിക്കുക, ക്യാമ്പസിലെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുമായാണ് ഗോപികയും മറ്റു വിദ്യാർഥികളും നിരാഹാരമിരിക്കുന്നത്. ആരോഗ്യനില വഷളായതോടെ സമരം ആരംഭിച്ചവരിൽ പലരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ സമരത്തിന് കാരണമായ പ്രശ്നങ്ങളിൽ തീരുമാനമെടുക്കാൻ സർവകലാശാല അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല.


വെള്ളിയാഴ്ച പുലർച്ചെ നിരാഹാരസമരവേദിയിലെത്തിയ വൈസ് ചാൻസലർ രണ്ടുമിനിറ്റ് മാത്രമാണ് വിദ്യാർഥികൾക്കൊപ്പം ചെലവഴിച്ചതെന്ന് ഗോപിക പറയുന്നു. സമരക്കാരുടെ ആരോഗ്യവിവരങ്ങൾ നിരന്തരം ലഭിക്കുന്നുണ്ടെന്നും നിരീക്ഷിക്കുന്നുണ്ടെന്നും പിന്നീട് മാധ്യമങ്ങൾക്ക് മുന്നിൽ വൈസ് ചാൻസലർ പിന്നീട് വിശദീകരണം നൽകി. എന്നാൽ എല്ലാം നിരീക്ഷിക്കുന്നുണ്ട് കുട്ടികൾക്ക് യാതൊരു കുഴപ്പവുമില്ലെന്ന് പറയുന്ന വിസി തങ്ങളിൽ പലരും നിരന്തരം ശരർദിക്കുന്നതോ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോ അറിഞ്ഞില്ലേ എന്നാണ് ​ഗോപിക ചോദിക്കുന്നത്.


‘നിങ്ങൾ ഞങ്ങളെ സന്ദർശിച്ചിട്ട് അറുപത് മണിക്കൂറായി. അതിനുശേഷം ഒരാൾപോലും ഞങ്ങളോട് സംസാരിച്ചിട്ടില്ല. പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിച്ചിട്ടില്ല. മാധ്യമങ്ങൾക്ക് മുന്നിൽ വ്യാജസഹാനുഭൂതി പ്രകടിപ്പിക്കുകയാണ്. അതേസമയം യഥാർഥത്തിൽ ഒന്നും ചെയ്യുന്നില്ല.’ തനിക്കെന്നല്ല ഒപ്പം നിരാഹാരമിരിക്കുന്ന ഏതെങ്കിലും വിദ്യാർഥിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ പൂർണ ഉത്തരവാദിത്തം വിസിക്കും സർവകലാശാല അധികൃതർക്കുമാണെന്ന് ​ഗോപിക പറയുന്നു.


‘ഞങ്ങളുടെ നിരാഹാരസമരം പതിനേഴാം ദിവസത്തിലേക്ക് കടക്കുകയാണ്. ഞങ്ങളിൽ ആർക്കെങ്കിലും എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ ഉത്തരവാദിത്വം നിങ്ങൾക്കായിരിക്കും. ഈ സർവകലാശാലയോടും ഇവിടത്തെ വിദ്യാർഥികളോടും ചെയ്യുന്ന ഓരോ ദ്രോഹത്തിനും നിങ്ങളെ ഞങ്ങൾ ഉത്തരവാദികളാക്കും.’


എബിവിപിയെ തോൽപ്പിച്ച മിന്നുംജയം


ജെഎൻയുവിലെ വിദ്യാർഥി പ്രക്ഷോഭങ്ങളിൽ സജീവമായ ഗോപിക കഴിഞ്ഞ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ നേടിയ വിജയവും ശ്രദ്ധേയമായിരുന്നു. ഇടതുപക്ഷ വിദ്യാർഥി സഖ്യത്തിന്റെ സ്ഥാനാർഥിയായി വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ഗോപികയ്ക്ക് ലഭിച്ചത് 3,101 വോട്ട്. മുഖ്യ എതിരാളിയായ എബിവിപിയുടെ തന്യ കുമാരിയെക്കാൾ 1,314 വോട്ടിന്റെ ഭൂരിപക്ഷം. സമീപവർഷങ്ങളിൽ ജെഎൻയുവിൽ ഒരു സ്ഥാനാർഥിക്ക് ലഭിച്ച ഏറ്റവും വലിയ ഭൂരിപക്ഷങ്ങളിലൊന്നായിരുന്നു അത്.


തെരഞ്ഞെടുപ്പിൽ സംവരണവിരുദ്ധതയും മുസ്ലിംവിരുദ്ധതയും സ്ത്രീവിരുദ്ധതയും ഉയർത്തിയാണ് എബിവിപി പ്രചാരണം നടത്തിയതെന്ന് ഗോപിക അന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ഈ പ്രചാരണങ്ങളെ മറികടന്ന് ഇടതുപക്ഷ സഖ്യം നേടിയ വിജയം ജെഎൻയുവിന്റെ ജനാധിപത്യ, മതനിരപേക്ഷ പാരമ്പര്യത്തിന്റെ വിജയമാണെന്നായിരുന്നു ഗോപികയുടെ പ്രതികരണം.


തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ വൈസ് പ്രസിഡന്റായി എത്തിയ ഗോപിക ഇന്ന് അതേ സർവകലാശാലയിൽ വിദ്യാർഥികളുടെ അവകാശങ്ങൾ നേടിയെടുക്കാൻ നിരാഹാരസമരത്തിന്റെ മുൻനിരയിലുണ്ട്. പഠനസൗകര്യങ്ങൾക്കും വിദ്യാർഥികളുടെ അവകാശങ്ങൾക്കും വേണ്ടിയുള്ള പോരാട്ടം തെരഞ്ഞെടുപ്പോടെ അവസാനിക്കുന്നില്ലെന്ന് ഗോപികയുടെ പ്രവർത്തനം വ്യക്തമാക്കുന്നു.


ചിത്രങ്ങളിലൂടെ തുടങ്ങിയ രാഷ്ട്രീയയാത്ര


തൃശൂർ ഇരിങ്ങാലക്കുടയ്ക്കടുത്ത് നെടുമ്പാൾ സ്വദേശിനിയായ ഗോപികയുടെ രാഷ്ട്രീയയാത്രയ്ക്ക് ചിത്രകലയുമായി അടുത്ത ബന്ധമുണ്ട്. ഡൽഹിയിലെ മിരാൻഡ ഹൗസ് കോളേജിൽ ബിരുദപഠനത്തിനെത്തിയപ്പോഴാണ് എസ്‌എഫ്‌ഐയുമായി അടുക്കുന്നത്. സംഘടനയുടെ സാംസ്കാരിക പരിപാടികൾക്കായി പോസ്റ്ററുകൾ രൂപകൽപ്പന ചെയ്തുതുടങ്ങിയ ബന്ധം പിന്നീട് സജീവ സംഘടനാപ്രവർത്തനമായി മാറി.


‘ഞാൻ ഒരു ചിത്രകാരിയാണ്. ചിത്രകലയോടുള്ള താൽപ്പര്യമാണ് എന്നെ എസ്‌എഫ്‌ഐയുമായി അടുപ്പിച്ചത്’ - തന്റെ രാഷ്ട്രീയപ്രവർത്തനത്തിന്റെ തുടക്കത്തെക്കുറിച്ച് ഗോപിക നേരത്തെ ദേശാഭിമാനിയോട് പറഞ്ഞ വാക്കുകളാണിത്.


ചിത്രകലയിൽ മാത്രമല്ല പഠനത്തിലും മികവ് തെളിയിച്ചു. ബഹ്റൈനിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. മിരാൻഡ ഹൗസ് കോളേജിൽനിന്ന് സോഷ്യോളജിയിൽ ബിരുദം നേടി. തുടർന്ന് ജെഎൻയുവിൽനിന്ന് സ്വർണമെഡലോടെ സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കി. നിലവിൽ ജെഎൻയുവിലെ സെന്റർ ഫോർ ദ സ്റ്റഡി ഓഫ് ലോ ആൻഡ് ഗവേണൻസിൽ ഗവേഷകയാണ്.


മന്ത്‌ലി റിവ്യൂ, ട്രൈകോണ്ടിനെന്റൽ തുടങ്ങിയ അന്താരാഷ്ട്ര പ്രസിദ്ധീകരണങ്ങളിലും ഗോപികയുടെ ചിത്രങ്ങൾ ഇടംപിടിച്ചിട്ടുണ്ട്. 2023–24 കാലയളവിൽ ജെഎൻയു വിദ്യാർഥി യൂണിയൻ കൗൺസിലറായും പ്രവർത്തിച്ചു. നിലവിൽ എസ്‌എഫ്‌ഐ ഡൽഹി സംസ്ഥാന കമ്മിറ്റി അംഗവും ജെഎൻയു യൂണിറ്റ് സെക്രട്ടറിയറ്റ് അംഗവുമാണ്.


പോസ്റ്ററുകൾ വരച്ചുകൊണ്ട് സംഘടനാപ്രവർത്തനത്തിലേക്ക് കടന്നുവന്ന ഗോപിക പിന്നീട് ജെഎൻയുവിലെ വിദ്യാർഥി പ്രക്ഷോഭങ്ങളുടെ മുൻനിരയിലെത്തി. തെരഞ്ഞെടുപ്പിൽ എബിവിപിയെ വലിയ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി വിദ്യാർഥി യൂണിയൻ നേതൃത്വത്തിലുമെത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home