print edition സംഘടിക്കാനുള്ള അവകാശത്തെ ഇകഴ്‌ത്തരുത് ; ചീഫ് ജസ്‌റ്റിസിന്റെ പരാമർശത്തില്‍ പ്രതിഷേധം

ന്യൂഡൽഹി
രാജ്യത്തിന്റെ വ്യവസായ വളർച്ചയ്‌ക്ക് തടസ്സമായത് ട്രേഡ്‌യൂണിയനുകളാണെന്ന ചീഫ് ജസ്‌റ്റിസ് സൂര്യകാന്തിന്റെ വിവാദ പരാമർശത്തിനെതിരായി തൊഴിലാളി– ബഹുജന സംഘടനകൾ രംഗത്ത്. സിഐടിയു, ഐൻടിയുസി തുടങ്ങിയ ട്രേഡ്‌യൂണിയൻ സംഘടനകളും കർഷകത്തൊഴിലാളി യൂണിയനും മഹിളാ അസോസിയേഷനും വിമർശവുമായി രംഗത്തെത്തി.
ഭരണഘടനാവിരുദ്ധപരാമർശത്തിൽ സിഐടിയു കടുത്ത ആശങ്ക പ്രകടമാക്കി. പരാജയപ്പെട്ട നവലിബറൽ നയങ്ങളുടെ വക്താക്കളുടെ സ്വരത്തിലാണ് ചീഫ് ജസ്‌റ്റിസ് സംസാരിച്ചത്. സംഘടിതവും സംരക്ഷിതവുമായ തൊഴിൽശക്തി ഉൽപ്പാദനവളർച്ചയ്‌ക്ക് ആക്കമേകുമെന്നതിന് ഒട്ടനവധി ഉദാഹരണങ്ങളുണ്ട്. കച്ചവടം എളുപ്പത്തിലാക്കുന്നതിനുള്ള ഏകമാർഗം തൊഴിലാളികളെ ദുർബലപ്പെടുത്തുകയാണെന്ന തത്വത്തിലൂന്നിയാണ് പുതിയ ലേബർ കോഡുകൾ. ഇൗ വീക്ഷണമാണ് ചീഫ്‌ജസ്‌റ്റിസും പങ്കുവെയ്‌ക്കുന്നത്.
സംഘടിക്കുന്നതിനുള്ള ഭരണഘടനാപരമായ അവകാശത്തെ ഇകഴ്‌ത്തുന്നതാണ് ചീഫ് ജസ്‌റ്റിസിന്റെ വാക്കുകൾ.
വ്യവസായ തർക്കങ്ങളിൽ വലിയ കുറവ് വന്നതായാണ് ലേബർ ബ്യൂറോയുടെ കണക്ക്. അതിനാല്‍, ട്രേഡ്‌യൂണിയനുകൾ വ്യവസായങ്ങൾക്ക് തടസ്സമെന്ന വാദത്തിൽ കഴമ്പില്ല. കഴിഞ്ഞ അഞ്ചുവർഷത്തില്‍ രണ്ടുലക്ഷത്തിലേറെ സ്വകാര്യ കമ്പനികൾ അടച്ചുപൂട്ടിയതായി കേന്ദ്രസർക്കാർ പാർലമെന്റിനെ അറിയിച്ചിട്ടുണ്ട്. ഇതിലൊന്നുപോലും ട്രേഡ്‌യൂണിയൻ ഇടപെടൽ കൊണ്ട് സംഭവിച്ചതല്ല. ഗാർഹിക തൊഴിലാളികളുടെ മിനിമം കൂലിയെന്ന ആവശ്യത്തെ ചീഫ്‌ജസ്റ്റിസ് പരിഹസിക്കുകയാണ് ചെയ്‌തത്. നിലപാട് തിരുത്താൻ ചീ-ഫ-് ജസ്‌റ്റിസ് തയ്യാറാകണം– സിഐടിയു ജനറൽ സെക്രട്ടറി എളമരം കരീം പ്രസ്‌താവനയിൽ പറഞ്ഞു. കർഷകത്തൊഴിലാളി യൂണിയൻ പ്രസിഡന്റ് എ വിജയരാഘവനും ജനറൽ സെക്രട്ടറി ബി വെങ്കട്ടും ചീഫ്ജസ്റ്റിസിന്റെ പ്രസ്‌താവനയിൽ പ്രതിഷേധം അറിയിച്ചു
കർണാടകത്തിന്റേത് കേന്ദ്രത്തെ കടത്തിവെട്ടുന്ന തൊഴിലാളിദ്രോഹം
കേന്ദ്ര തൊഴിൽ കോഡുകൾക്ക് അനുസൃതമായി കർണാടകയിലെ കോൺഗ്രസ് സർക്കാർ പുറത്തിറക്കിയ കരട് നിയമങ്ങൾ അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് സിഐടിയു ജനറൽ സെക്രട്ടറി എളമരം കരീം. കേന്ദ്രത്തെ കടത്തിവെട്ടുന്ന തൊഴിലാളിദ്രോഹ നയങ്ങളാണ് കരടിലുള്ളത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പോലുമില്ലാത്ത കാര്യമാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ ചെയ്യുന്നത്.
അതേസമയം, കേരളത്തിലെ എൽഡിഎഫ് സർക്കാർ തൊഴിൽ കോഡുകൾ നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ലേബർ കോൺക്ലേവ് സംഘടിപ്പിച്ചു. വിവാദ കേന്ദ്രനിയമത്തെ തടഞ്ഞുനിർത്താൻ ഭരണഘടനാപരമായി സംസ്ഥാന സർക്കാരിന് എന്തെല്ലാം ചെയ്യാൻ കഴിയുമെന്ന് പഠിക്കാൻ കമ്മിറ്റിയെ നിയോഗിച്ചു. ഇങ്ങനെ പ്രവർത്തിക്കാനാകുമെന്ന് ഒരു സർക്കാർ തെളിയിക്കുന്പോൾ, കോൺഗ്രസ് സർക്കാർ കടുത്ത തൊഴിലാളി വിരുദ്ധ നിലപാടിലേക്ക് പോയത് പ്രതിഷേധാർഹമാണ്. ഇതിൽനിന്ന് പിന്തിരിയണം. ഇന്ത്യ– യൂറോപ്യൻ യൂണിയൻ വ്യപാര കരാർ രാജ്യ താൽപര്യത്തിന് ഹിതകരമല്ലെന്നും കരീം പറഞ്ഞു.










0 comments