ലവ്‌ലി സർവകലാശാല സംഘർഷം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കണം; പഞ്ചാബ് മുഖ്യമന്ത്രിക്ക് കത്തയച്ച് ജോൺ ബ്രിട്ടാസ്

തിരുവനന്തപുരം: ലവ്‌ലി പ്രൊഫഷണൽ യൂണിവേഴ്സിറ്റിയിൽ നിന്നും പുറത്തുവരുന്ന വാർത്തകൾ ആശങ്കയുളവാക്കുന്നതാണെന്ന് ഡോ. ജോൺ ബ്രിട്ടാസ് എംപി. വിദ്യാർഥികൾക്ക് സുരക്ഷ ഉറപ്പാക്കാനും, നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള സൗകര്യമൊരുക്കാനും, ആശങ്കകൾ പരിഹരിക്കാൻ ഒരു ഉന്നതതല സംവിധാനം രൂപീകരിക്കാനും ആവശ്യപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിന് കത്തയച്ചുവെന്ന് ജോൺ ബ്രിട്ടാസ് ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ലവ്‌ലി പ്രൊഫഷണൽ യൂണിവേഴ്സിറ്റിയിൽ നിന്നും പുറത്തുവരുന്ന വാർത്തകൾ ആശങ്കയുളവാക്കുന്നതാണ്. പഞ്ചാബിലെ ഫഗ്‌വാരയിലുള്ള സർവ്വകലാശാലാ ക്യാമ്പസിൽ നടന്ന അക്രമങ്ങളുടെ ഫലമായി മലയാളികൾ അടക്കമുള്ള വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും കടുത്ത ആശങ്കയിലും ഉത്കണ്ഠയിലുമാണ്.
വിദ്യാർത്ഥികൾക്ക് സമ്പൂർണ്ണ സുരക്ഷ ഉറപ്പാക്കാനും, കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾ ഉൾപ്പെടെ നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള സൗകര്യമൊരുക്കാനും, വിദ്യാർത്ഥികളുടെ ആശങ്കകൾ പരിഹരിക്കാൻ ഒരു ഉന്നതതല സംവിധാനം രൂപീകരിക്കാനും ആവശ്യപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിന് കത്തയച്ചു.
ഹോസ്റ്റലിൽ താമസിക്കുന്ന ഒരു വിദ്യാർത്ഥിനിയെ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന വ്യക്തി ലൈംഗികമായി പീഡിപ്പിച്ചു എന്നതാണ് ഉയർന്നുവന്ന ആക്ഷേപം. അതിനാലാണ് വിദ്യാർത്ഥികൾ ശക്തമായ പ്രതിഷേധ സമരം ആരംഭിച്ചത്. വിദ്യാർത്ഥികൾ തങ്ങളുടെ ന്യായമായ ആശങ്കകൾ ഉന്നയിക്കുന്നതിനെയും സമാധാനപരമായി പ്രതിഷേധിക്കുന്നതിനെയും അക്രമസംഭവങ്ങളുമായി കൂട്ടിക്കുഴയ്ക്കാൻ പാടില്ല.
യഥാർത്ഥ കുറ്റക്കാരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കണം; എന്നാൽ പ്രതിഷേധിച്ചതിന്റെ പേരിൽ മുഴുവൻ വിദ്യാർത്ഥി സമൂഹത്തെയും കുറ്റക്കാരായി കണ്ട് വേട്ടയാടുന്ന നടപടി അംഗീകരിക്കാനാകില്ല. ഹോസ്റ്റലുകൾക്കും പരിസരത്തും സുരക്ഷ ശക്തമാക്കാനും, സുരക്ഷിതമായി നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് അതിനുള്ള സൗകര്യമൊരുക്കാനും മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപെടൽ ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും പരാതികൾ അടിയന്തരമായി പരിഹരിക്കാൻ ഒരു മുതിർന്ന ഉദ്യോഗസ്ഥനെ നോഡൽ അതോറിറ്റിയായി ചുമതലപ്പെടുത്തണമെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.







0 comments