'സിപിഐ എം പിന്തുണയിലാണ് മന്ത്രിയായതെന്ന് മറക്കരുത് ': ജയ്‌റാം രമേശിനോട് ജോൺ ബ്രിട്ടാസ്

ന്യൂഡൽഹി: സിപിഐ എമ്മിന്റെ നിരുപാധിക പിന്തുണയിൽ മന്ത്രിയായിരുന്ന ആളാണ് കോൺഗ്രസ് നേതാവ് ജയ്‌റാം രമേശെന്ന് ഓർമിപ്പിച്ച് ജോൺ ബ്രിട്ടാസ് എംപി. ഇൗ വസ്‌തുത ജയ്‌റാം രമേശ് സൗകര്യപൂർവം മറന്നെന്നും അദ്ദേഹം പറഞ്ഞു. രാജ്യസഭയിൽ കാലാവധി പൂർത്തിയാക്കുന്ന അംഗങ്ങൾക്കുള്ള യാത്രയയപ്പ് ചടങ്ങിൽ ബ്രിട്ടാസ് സംസാരിക്കവേ ജയ്‌റാം രമേശ് അനാവശ്യമായി സിപിഐ എമ്മിനെ വിമർശിച്ചതിനെ തുടർന്നായിരുന്നു മറുപടി.
‘ബിജെപിയെ അധികാരത്തിൽനിന്നും മാറ്റിനിർത്തണമെന്ന സിപിഐ എമ്മിന്റെ ദൃഢനിശ്‌ചയത്തിന്റെ ഫലമായിരുന്നു ഒന്നാം യുപിഎ സർക്കാർ. അന്ന് മന്ത്രിയായിരുന്ന ആളാണ് താങ്കൾ. സിപിഐ എമ്മിന്റെ ഉദാരനിലപാടിനെ അംഗീകരിക്കാനുള്ള ഹൃദയവിശാലത കോൺഗ്രസിനില്ല. അത്തരം സമീപനം ഉണ്ടാകുമെന്ന് സിപിഐ എം ഒരിക്കലും പ്രതീക്ഷിച്ചിട്ടുമില്ല. ബിജെപിയുമായി ഒളിഞ്ഞും തെളിഞ്ഞും രഹസ്യധാരണകളുണ്ടാക്കാനാണ് കോൺഗ്രസ് ശ്രമിച്ചത്.
കഴിഞ്ഞദിവസം രാജ്യസഭാതെരഞ്ഞെടുപ്പ് നടന്നപ്പോൾ 11 കോൺഗ്രസ് എംഎൽഎമാരാണ് ബിജെപിയെ പിന്തുണച്ചത്. ഇതിന്റെ ഫലമായി ബിജെപിക്ക് രാജ്യസഭയിൽ രണ്ട് അംഗങ്ങളെകൂടി ലഭിച്ചു’– ജോൺബ്രിട്ടാസ് പറഞ്ഞു. തുടർന്ന്, സഭാധ്യക്ഷനും ഉപരാഷ്ട്രപതിയുമായ സി പി രാധാകൃഷ്‌ണൻ ഇടപെട്ട് രംഗം ശാന്തമാക്കി.











0 comments