Deshabhimani

print edition ഇത് ജനങ്ങളുടെ വിധിപ്രഖ്യാപനം: ജോൺ ബ്രിട്ടാസ്‌ എംപി

john brittas mp

ജോൺ ബ്രിട്ടാസ്‌ എംപി

വെബ് ഡെസ്ക്

Published on Nov 01, 2026, 12:22 AM | 1 min read

ന്യൂഡൽഹി : ഭരണഘടനാപരമായ പദവിയിൽ തുടരാനുളള ധാർമികവും നിയമപരവുമായ അവകാശം ഇല്ലാത്ത ഗ്യാനേഷ്‌ കുമാറിനെ എത്രയും വേഗം പുറത്താക്കണമെന്ന ജനങ്ങളുടെ വിധിപ്രഖ്യാപനമാണ് പ്രതീകാത്മക ഇംപീച്ച്മെന്റിൽ മുഴങ്ങുന്നതെന്ന് സിപിഐ എം രാജ്യസഭാ നേതാവ്‌ ജോൺ ബ്രിട്ടാസ്‌ എംപി.


ഗ്യാനേഷ്‌ എസ്‌ഐആർ പ്രക്രിയയിലൂടെ രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത അളവിൽ വോട്ടർമാരെ വെട്ടിമാറ്റി. സാർവത്രിക പ്രായപൂർത്തി വോട്ടവകാശമാണ്‌ ഇന്ത്യൻ റിപബ്ലിക്കിന്റെ അടിത്തറ. ‘വോട്ടർപട്ടിക ശുദ്ധീകരണം’ എന്ന പേരിൽ നടപ്പിലാക്കിയ എസ്‌ഐആർ പ്രക്രിയ ആ അടിത്തറയെ തന്നെ തകർക്കുകയാണ്‌.


370ാം അനുച്ഛേദം റദ്ദാക്കൽ, ഏകീകൃത സിവിൽ കോഡ്‌, മത പരിവർത്തന നിരോധന നിയമങ്ങൾ, മണ്ഡല പുനഃനിർണയം, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്‌ തുടങ്ങി മോദി സർക്കാരും അവരുടെ ഉദ്യോഗസ്ഥ വൃദ്ധവും നടപ്പിലാക്കുന്ന ഒരോ നടപടിയിലൂടെയും രാജ്യത്ത്‌ ജനാധിപത്യ ഇടങ്ങൾ ഇല്ലാതാക്കുകയാണ്‌. ഗ്യാനേഷ്‌ കുമാർ കോടിക്കണക്കിന്‌ ആൾക്കാരുടെ വോട്ടവകാശം ഹനിച്ചപ്പോൾ നോയ്ഡ ജില്ലാ മജിസ്‌ട്രേറ്റായ അദ്ദേഹത്തിന്റെ മകൾ മിനിമം വേതനത്തിനായി സമരം ചെയ്‌ത ആയിരങ്ങളെ ജയിലിടച്ചു.


ഒരേ ഭരണസംവിധാനമാണ്‌ ജനാധിപത്യവിരുദ്ധ നടപടികളുമായി മുന്നോട്ടുപോകാൻ പിതാവിനും പുത്രിക്കും അധികാരം നൽകിയത്‌. പാർലമെന്റ്‌ അംഗമായ തനിക്ക്‌ പോലും വോട്ടവകാശം ഉറപ്പിക്കാനായി രണ്ട്‌ പ്രാവശ്യം ഹിയറിങ്ങിന്‌ ഹാജരാകേണ്ടി വന്നു. ഒരു എംപിയുടെ അവസ്ഥ ഇതാണെങ്കിൽ സാധാരണക്കാരന്റെ അവസ്ഥ എന്താകും.


ഹിതകരമല്ലാത്ത ആളുകളുടെ വോട്ടവകാശം ഹനിക്കാനുള്ള ആസൂത്രിത നടപടി നാസി ജർമനിയിൽ ഉണ്ടായതായി ചരിത്രം പറയുന്നുണ്ട്‌. സമാനമായ അവസ്ഥയിലൂടെയാണ്‌ ഇന്ത്യ കടന്നുപോകുന്നത്‌. നമ്മുടെ 2030 കൾ ജർമനിയുടെ 1930കളായാൽ ഭാവിയിൽ നമ്മളെ കാത്തിരിക്കുന്നത്‌ ഭയാനകമായ വംശഹത്യകളാണ്‌– ജോൺ ബ്രിട്ടാസ്‌ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home