ബഹ്‌റൈനിലെ ഇന്ത്യൻ വിദ്യാർഥികൾക്ക് ജെഇഇ എഴുതാൻ അവസരം ഉറപ്പാക്കണം: ജോൺ ബ്രിട്ടാസ് എംപി

ന്യൂഡൽഹി : പശ്ചിമേഷ്യയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ബഹ്‌റൈനിലുള്ള ഇന്ത്യൻ വിദ്യാർഥികൾക്ക് ജെഇഇ പരീക്ഷ എഴുതാൻ അവസരം ഉറപ്പാക്കണമെന്ന് ഡോ.ജോൺ ബ്രിട്ടാസ് എംപി. വിദ്യാർഥികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ സംബന്ധിച്ച് ഗുരുതരമായ ആശങ്കകൾ ഉന്നയിച്ച് എംപി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന് കത്തെഴുതി. വിഷയത്തിൽ കേന്ദ്രത്തിന്റെ അടിയന്തര ഇടപെടൽ വേണമെന്ന് എംപി ആവശ്യപ്പെട്ടു
എൻജിനിയറിങ് പ്രവേശനത്തിനായുള്ള ജെഇഇ മെയിൻ 2026 (സെഷൻ 2) പരീക്ഷാ നഗരമായി മനാമ (ബഹ്‌റൈൻ) തിരഞ്ഞെടുത്ത വിദ്യാർഥികൾക്ക് ആ കേന്ദ്രം നിലവിൽ ലഭ്യമല്ലെന്നാണ് സിറ്റി ഇന്റിമേഷൻ സ്ലിപ്പുകൾ വഴി അറിയിപ്പ് നൽകിയിട്ടുള്ളത്. ഇത് ഉദ്യോഗാർഥികളെ മേഖലയ്ക്ക് പുറത്തുള്ള പരീക്ഷാ കേന്ദ്രങ്ങൾ, പ്രധാനമായും ഇന്ത്യയിലുള്ളത് തിരഞ്ഞെടുക്കാൻ നിർബന്ധിതരാക്കുന്നു. നിലവിലുള്ള പ്രാദേശിക സാഹചര്യം മിഡിൽ ഈസ്റ്റിലെ അക്കാദമിക് ഷെഡ്യൂളുകളിൽ ഇതിനകം തന്നെ തടസ്സങ്ങൾക്ക് കാരണമായതിനാൽ പരീക്ഷയിലുള്ള തടസം വിദ്യാർഥികളിലും രക്ഷിതാക്കളിലും ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
മിഡിൽ ഈസ്റ്റ് കേന്ദ്രങ്ങളിലെ പരീക്ഷാ ക്രമീകരണങ്ങളെക്കുറിച്ചുള്ള അനിശ്ചിതത്വം വിദ്യാർഥികളെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും എംപി കത്തിൽ പ്രകടിപ്പിച്ചു. ബഹ്‌റൈനെ ഒരു പരീക്ഷാ കേന്ദ്രമാക്കി പുനഃസ്ഥാപിക്കുകയോ ഗൾഫ് മേഖലയിലെ സമീപത്തുള്ള സുരക്ഷിത കേന്ദ്രങ്ങളിലേക്ക് പരീക്ഷ മാറ്റുകയോ ചെയ്യുന്നതിന്റെ സാധ്യത അടിയന്തിരമായി പരിശോധിക്കണമെന്ന് എംപി കത്തിൽ ആവശ്യപ്പെട്ടു.
പശ്ചിമേഷ്യയിലെ സാഹചര്യം കാരണം ആവശ്യമെങ്കിൽ ഏതെങ്കിലും പരീക്ഷകളുടെ പുനഃക്രമീകരണമോ ബദൽ പരീക്ഷാ ക്രമീകരണങ്ങളോ നടത്തണമെന്നും മൂല്യനിർണ്ണയ മാനദണ്ഡങ്ങളിൽ പൂർണ്ണമായ തുല്യത നിലനിർത്തുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ഡോ. ജോൺ ബ്രിട്ടാസ് മന്ത്രിയോട് ആവശ്യപ്പെട്ടു.











0 comments