കൊൽക്കത്ത ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രതിസന്ധി പരിഹരിക്കണം; കേന്ദ്രമന്ത്രിമാർക്ക് കത്തയച്ച് ജോൺ ബ്രിട്ടാസ്

ന്യൂഡൽഹി : കൊൽക്കത്തയിലെ സത്യജിത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ (എസ്ആർഎഫ്ടിഐ) തുടരുന്ന പ്രതിസന്ധി പരിഹരിക്കണമെന്ന് ജോൺ ബ്രിട്ടാസ് എംപി. ഈ വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവിനും ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപിക്കും ജോൺ ബ്രിട്ടാസ് കത്തയച്ചു. വിദ്യാർഥികൾക്കുനേരെയുണ്ടായ ആക്രമണങ്ങളിൽ സ്വതന്ത്ര അന്വേഷണം നടത്തണമെന്നും പ്രതിഷേധിച്ചവർക്കെതിരായ അച്ചടക്കനടപടികൾ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംഭവത്തിനിടെ വിദ്യാർഥികളെ വാക്കാൽ അധിക്ഷേപിക്കുകയും ശാരീരികമായി ആക്രമിക്കുകയും ചെയ്തിരുന്നു. ഒക്ടോബർ നാലിന് ഹിന്ദു ജാഗരൺ മഞ്ച് പ്രവർത്തകർ നടത്തിയ മാർച്ചിനിടെ വിദ്യാർഥികൾക്കുനേരെ കല്ലുകളും കുപ്പികളും എറിഞ്ഞതായും റിപ്പോർട്ടുകളുണ്ട്. വിദ്യാർഥികളുടെ സുരക്ഷയെ ബാധിച്ച ഈ സംഭവങ്ങൾ രാജ്യത്തെ പ്രമുഖ ചലച്ചിത്ര വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ജനാധിപത്യപരമായ അന്തരീക്ഷത്തിന് ഭീഷണിയാണെന്ന് ജോൺ ബ്രിട്ടാസ് ചൂണ്ടിക്കാട്ടി.
ആക്രമണങ്ങൾക്കു ശേഷം വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ഇൻസ്റ്റിറ്റ്യൂട്ട് ഭരണസമിതി പരാജയപ്പെട്ടു. പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ അച്ചടക്കനടപടികൾ സ്വീകരിച്ചു. ആറു വിദ്യാർഥികളെ സ്ഥാപനത്തിൽനിന്ന് പുറത്താക്കുകയും മറ്റു ചിലർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തു. ഇതോടെ വിദ്യാർഥികളുടെ പ്രതിഷേധം അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങിയിരിക്കുകയാണ്.
വിദ്യാർഥികൾ സംസാരിക്കേണ്ട ഭാഷ നിർദേശിക്കാൻ ജീവനക്കാരുടെ ഭാഗത്തുനിന്ന് ശ്രമങ്ങളുണ്ടായെന്ന ആരോപണവും ഗൗരവമായി അന്വേഷിക്കണം. ഭാഷാപരമായ അന്തസ്സും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബഹുസ്വര സ്വഭാവവും സംരക്ഷിക്കപ്പെടണമെന്നും കത്തിൽ വ്യക്തമാക്കി. വിദ്യാർഥി യൂണിയൻ പ്രതിനിധികളുമായി ചർച്ച നടത്തി പ്രശ്നങ്ങൾ പരിഹരിക്കണമെന്നും ജോൺ ബ്രിട്ടാസ് ആവശ്യപ്പെട്ടു.
ഹോസ്റ്റൽ താമസസൗകര്യം, പരിക്കേറ്റ വിദ്യാർഥികൾക്ക് ചികിത്സ, നഷ്ടപ്പെട്ട ക്ലാസുകളും പ്രായോഗിക പരിശീലനവും നൽകുക തുടങ്ങിയ വിഷയങ്ങളിലും അടിയന്തര നടപടി വേണം. അക്കാദമിക് പ്രവർത്തനങ്ങൾ മുടങ്ങുന്നത് വിദ്യാർഥികളുടെ പഠനത്തെ ബാധിക്കുന്ന സാഹചര്യത്തിൽ പ്രതിസന്ധിക്ക് എത്രയും വേഗം പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സിനിമാ വിദ്യാഭ്യാസത്തിനും കലാസ്വാതന്ത്ര്യത്തിനുമായി നിലകൊള്ളുന്ന സ്ഥാപനം ഭീഷണിയുടെയും നിർബന്ധത്തിന്റെയും വേദിയായി മാറരുതെന്ന് ജോൺ ബ്രിട്ടാസ് വ്യക്തമാക്കി. ക്യാമ്പസിൽ സുരക്ഷയും വിദ്യാർഥികളുടെ അന്തസ്സും ജനാധിപത്യപരമായ സംവാദവും പുനഃസ്ഥാപിക്കുന്നതിന് വ്യക്തമായ നടപടികൾ വേണം. അക്കാദമിക് പ്രവർത്തനങ്ങൾ സാധാരണ നിലയിലാക്കാൻ കേന്ദ്രമന്ത്രിമാർ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം കത്തിലൂടെ ആവശ്യപ്പെട്ടു.









0 comments