ad
Deshabhimani

വര്‍ഷങ്ങളായുള്ള ബ്ലാക്ക്‌മെയിലിങും കൂട്ടബലാത്സംഗവും; പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ല, രാജസ്ഥാനിൽ രണ്ട് സഹോദരിമാർ ജീവനൊടുക്കി

RAPE

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on May 17, 2026, 01:35 PM | 2 min read

ജോധ്പൂർ: വർഷങ്ങളായുള്ള കൂട്ടബലാത്സംഗത്തിനും ബ്ലാക്ക്‌മെയിലിങിനും ഇരയായി കഴിഞ്ഞ മാർച്ചില്‍, രാജസ്ഥാനിൽ ഒരു യുവതി ജീവനൊടുക്കിയിരുന്നു. ഈ സംഭവത്തിന് കൃത്യം രണ്ട് മാസത്തിന് ശേഷം, പൊലീസിനെ പലതവണ സമീപിച്ചിട്ടും നീതി ലഭിക്കാത്തതിൽ മനംനൊന്ത് അതേ യുവതിയുടെ ഇളയ സഹോദരിയും ഇപ്പോൾ ജീവിതം അവസാനിപ്പിച്ചിരിക്കുകയാണ്.


ജോധ്പൂരിലെ ​ഗ്രാമീണ മേഖലയിലുണ്ടായ ഈ രണ്ട് സഹോദരിമാരുടെ മരണം പ്രദേശത്ത് വലിയ ക്രമസമാധാന പ്രശ്നങ്ങൾക്ക് കാരണമായിട്ടുണ്ട്. പ്രതികൾക്കെതിരെ നടപടിയെടുക്കുന്നതിൽ പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചു എന്ന ആരോപണം ശക്തമാണ്. സംഭവത്തിൽ രണ്ട് പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്, മറ്റുള്ളവരെ ചോദ്യം ചെയ്തുവരികയാണ്.


ഹിന്ദുസ്ഥാൻ ഇ-മിത്ര സർവീസ് സെന്റർ നടത്തിപ്പുകാരനായ മഹിപാൽ എന്ന യുവാവാണ് മൂത്ത സഹോദരിയെ കെണിയിൽ വീഴ്ത്തിയത്. ഇയാൾ യുവതിയുടെ അശ്ലീല ദൃശ്യങ്ങൾ രഹസ്യമായി പകർത്തി വെച്ചിരുന്നതായി ഇളയ സഹോദരി ഏപ്രിൽ 11-ന് പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞിരുന്നു.


ശിവരാജ്, ഗോപാൽ, വിജാറാം, ദിനേഷ്, മനോജ്, പുഖ്‌രാജ് എന്നിവരുൾപ്പെടെ ആകെ എട്ട് പേരുടെ പേരുകൾ ഇളയ സഹോദരി പരാതിയിൽ എടുത്തുപറഞ്ഞിരുന്നു. ഇവർ തന്റെ സഹോദരിയെ കൂട്ടബലാത്സംഗം ചെയ്തതായും ഭീഷണിപ്പെടുത്തിയതായും പരാതിയിൽ വ്യക്തമാക്കുന്നു.


മഹിപാലും കൂട്ടാളികളും ചേർന്ന് ഏകദേശം നാല് വർഷത്തോളമാണ് മൂത്ത സഹോദരിയെ ചൂഷണം ചെയ്തത്. ദൃശ്യങ്ങൾ കാണിച്ച് നിരന്തരം ബ്ലാക്ക്‌മെയിൽ ചെയ്ത് അവർ പണം തട്ടിയെടുക്കുകയും ചെയ്തു. ഒടുവിൽ ഈ പീഡനം സഹിക്കാനാവാതെ മാർച്ച് 20-നാണ് മൂത്ത സഹോദരി ആത്മഹത്യ ചെയ്തത്.


നീതി ലഭിച്ചില്ലെങ്കിൽ താനും ജീവനൊടുക്കുമെന്ന് ഇളയ സഹോദരി പൊലീസിന് മുന്നറിയിപ്പ് നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തെങ്കിലും, അടുത്ത ഒരു മാസത്തേക്ക് പൊലീസിന്റെ ഭാഗത്തുനിന്ന് യാതൊരുവിധ ശക്തമായ നടപടിയും ഉണ്ടായില്ല.


സഹോദരിയുടെ മരണശേഷവും യുവാക്കളുടെ ക്രൂരതകൾ അവസാനിച്ചില്ല. സഹോദരി മരിച്ചതിന് ശേഷം പ്രതികൾ തനിക്കുനേരെ തിരിഞ്ഞതായി യുവതി ആരോപിച്ചിരുന്നു. മരണപ്പെട്ട സഹോദരിയുടെ അശ്ലീല വീഡിയോകൾ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പ്രതികൾ തന്നെയും ലൈംഗികമായി പീഡിപ്പിച്ചുവെന്ന് യുവതി വ്യക്തമാക്കിയിരുന്നു.


കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതിന് ശേഷവും പ്രതികൾ യുവതിയെ പരസ്യമായി ഭീഷണിപ്പെടുത്തുന്നത് തുടർന്നു. “പൊലീസിന് ഞങ്ങളെ ഒന്നും ചെയ്യാൻ കഴിയില്ല” എന്ന് പ്രതികൾ തങ്ങളോട് അഹങ്കാരത്തോടെ പറഞ്ഞതായും യുവതി ആരോപിച്ചിരുന്നു.


ഒടുവിൽ കഴിഞ്ഞ വെള്ളിയാഴ് പ്രദേശത്തെ ഒരു വാട്ടർ ടാങ്കിന് മുകളിൽ കയറി പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ഇളയ സഹോദരി ആവശ്യപ്പെട്ടു. തുടർന്ന് വിഷം കഴിക്കുകയും, ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയിൽ മരണപ്പെടുകയുമായിരുന്നു.


ഈ സംഭവങ്ങൾ വലിയ രീതിയിലുള്ള പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. യുവതിയുടെ മൃതദേഹം സൂക്ഷിച്ചിരുന്ന എംഡിഎം ആശുപത്രിക്ക് മുന്നിൽ വൻ ജനക്കൂട്ടം തടിച്ചുകൂടി പ്രതിഷേധിച്ചു. ആദ്യഘട്ടത്തിൽ മൃതദേഹം വിട്ടുകൊടുക്കാൻ കുടുംബം തയ്യാറായില്ലെങ്കിലും, പിന്നീട് അധികൃതരുമായി നടത്തിയ ചർച്ചകൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിന് സമ്മതം മൂളുകയായിരുന്നു.


പൊലീസ് പ്രതികളെ സംരക്ഷിക്കാൻ ബോധപൂർവ്വം ശ്രമിക്കുകയാണെന്ന് മാർവാർ രാജ്പുത് സൊസൈറ്റി പ്രസിഡന്റ് ഹനുമാൻ സിംഗ് ഖാംഗ്ത പ്രതികരിച്ചു. “പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് ഒടുവിൽ രണ്ട് സഹോദരിമാരുടെ ജീവൻ നഷ്ടപ്പെടാൻ കാരണമായത്,” അദ്ദേഹം പറഞ്ഞു.


പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും കടമ നിർവഹിക്കുന്നതിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന അച്ചടക്ക നടപടി സ്വീകരിക്കണമെന്നുമാണ് ഇവരുടെ ആവശ്യം


മഹിപാലും മറ്റൊരു പ്രതിയും നിലവിൽ കസ്റ്റഡിയിലുണ്ടെന്നും അവരുടെ അറസ്റ്റ് രേഖപ്പെടുത്താനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും ജോധ്പൂർ സൂപ്രണ്ട് ഓഫ് പോലീസ് പി ഡി നിത്യ അറിയിച്ചു. സംഭവത്തിൽ വീഴ്ച വരുത്തിയ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home