ad
Deshabhimani

print edition തൊഴിലുറപ്പ്‌ അട്ടിമറി; വിജയംവരെ പോരാട്ടം തുടരാൻ പ്രതിജ്ഞയെടുക്കും

strike
avatar
സ്വന്തം ലേഖകൻ

Published on Jan 16, 2026, 12:00 AM | 1 min read

 ന്യൂഡൽഹി : കേന്ദ്രസർക്കാരിന്റെ കോർപറേറ്റ്‌ അനുകൂല, തൊഴിലാളി– കർഷകദ്രോഹ നവലിബറൽ നയങ്ങളെ ശക്തമായി ചെറുക്കുമെന്ന്‌ വെള്ളിയാഴ്‌ച പ്രതിരോധദിനാചരണത്തിൽ പ്രതിജ്‌ഞയെടുക്കും. കർഷകദ്രോഹ കർഷകനിയമങ്ങൾ 2021 ൽ പിൻവലിച്ച ഘട്ടത്തിൽ സർക്കാർ നൽകിയ ഉറപ്പുകളൊന്നും പാലിക്കപ്പെട്ടില്ലെന്ന്‌ പ്രതിജ്‌ഞയിൽ പറയുന്നു. കുറഞ്ഞ താങ്ങുവില, കർഷകരുടെ കടബാധ്യത തുടങ്ങിയ പ്രശ്‌നങ്ങൾ പരിശോധിക്കാൻ സമിതിക്ക്‌ രൂപം നൽകുമെന്ന്‌ പറഞ്ഞിരുന്നു. എന്നാൽ ഉൽപ്പാദനച്ചെലവിന്‌ അനുസൃതമായി താങ്ങുവില കൂട്ടാൻ സർക്കാർ തയ്യാറായില്ല.


സ്വാമിനാഥൻ ഫോർമുല പ്രകാരം, ലഭിക്കേണ്ട താങ്ങുവിലയെക്കാൾ 20–30 ശതമാനം കുറവാണ്‌ നിലവിൽ ലഭിക്കുന്നത്‌. സബ്‌സിഡി വെട്ടിച്ചുരുക്കലും കരിഞ്ചന്തയും കാരണം കൃഷിച്ചെലവ്‌ കൂടി. രാസവള വില കുത്തനെ കൂട്ടി. സർക്കാർ പ്രഖ്യാപിക്കുന്ന താങ്ങുവില പോലും നിലവിൽ ലഭിക്കാത്ത സ്ഥിതിയാണ്‌. വെദ്യുതി ഭേദഗതി ബിൽ നടപ്പാക്കില്ലെന്ന്‌ 2021 ൽ ഉറപ്പുനൽകിയിരുന്നു. എന്നാൽ കർഷകർക്ക്‌ കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭിക്കുന്ന സാഹചര്യം അട്ടിമറിക്കുംവിധം കരടുബിൽ സർക്കാർ തയ്യാറാക്കി. വിത്തുകളുടെ നിയന്ത്രണം പൂർണമായും കോർപ്പറേറ്റുകൾക്ക്‌ വിട്ടുകൊടുക്കുന്ന കരടു വിത്തുബില്ലിനും രൂപം നൽകി. തൊഴിലുറപ്പ്‌ പദ്ധതി അട്ടിമറിച്ച്‌ പുതിയ നിയമം കൊണ്ടുവന്നു.


തൊഴിലിനുള്ള അവകാശവും കുറഞ്ഞത്‌ 100 തൊഴിൽ ദിനമെന്ന ഉറപ്പും ഇല്ലാതായി. സംസ്ഥാനങ്ങൾക്കുമേൽ 40 ശതമാനം അധികബാധ്യതയും അടിച്ചേൽപ്പിച്ചു. നാല്‌ ലേബർ കോഡുകളിലൂടെ തൊഴിലാളികളുടെ അവകാശങ്ങൾ അപ്പാടെ അപഹരിക്കുകയാണ്‌. യൂണിയനുകൾ രൂപീകരിക്കാനുള്ള അവകാശം,‍ മിനിമം വേതനം, സുരക്ഷിത തൊഴിൽ,‍ എട്ട്‌ മണിക്കൂർ തൊഴിൽ സമയം, സാമൂഹികസുരക്ഷ, തൊഴിലിട സുരക്ഷ തുടങ്ങി നീണ്ട സമരപോരാട്ടങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങളെയാണ്‌ കോർപ്പറേറ്റുകൾക്കായി അട്ടിമറിക്കുന്നത്‌. ജനാധിപത്യ അവകാശങ്ങളെയും വിമതസ്വരങ്ങളെയും കിരാത നിയമങ്ങളാലും നിയമവിരുദ്ധ ഭരണനടപടികളാലും ബുൾഡോസർരാജിലൂടെയും ഇല്ലതാക്കുകയാണ്‌. ബിജെപി ഭരണ സംസ്ഥാനങ്ങളിൽ പ്രതിഷേധങ്ങളെ അടിച്ചമർത്തുകയാണ്‌. കർഷകദ്രോഹ– തൊഴിലാളിദ്രോഹ– ജനദ്രോഹ നയനിലപാടുകൾക്കെതിരായ രാജ്യവ്യാപക പ്രതിഷേധം വിജയം വരെ തുടരും– പ്രതിജ്‌ഞയിൽ പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home