'തെറ്റ്' ആവർത്തിക്കില്ലെന്ന് എഴുതി നൽകണം; കശ്മീരി മാധ്യമപ്രവർത്തകരെ തുടർച്ചയായി വിളിച്ചുവരുത്തി പൊലീസ്

ന്യൂഡൽഹി: ദേശീയമാധ്യമങ്ങളിൽ ജോലിചെയ്യുന്ന, ജമ്മു കശ്മീരിൽനിന്നുള്ള മാധ്യപ്രവർത്തകരെ പൊലീസ് തുടർച്ചയായി ചോദ്യംചെയ്യാൻ വിളിച്ചുവരുത്തുന്നതായും ബോണ്ട് ഒപ്പിടാൻ നിർബന്ധിക്കുന്നതായും റിപ്പോർട്ട്. 'ദി ഇന്ത്യൻ എക്സ്പ്രസിന്റെ' ശ്രീനഗർ ബ്യൂറോയിലെ അസിസ്റ്റന്റ് എഡിറ്റർ ബഷാറത്ത് മസൂദിനെ അഞ്ചു ദിവസത്തോളം ജമ്മു കശ്മീർ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയും 'തെറ്റുകൾ ആവർത്തിക്കില്ല' എന്ന ഉറുദുവിലുള്ള ബോണ്ട് ഒപ്പിടാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ അദ്ദേഹം അത് നിരസിച്ചുവെന്നും ദി വയർ റിപ്പോർട്ട് ചെയ്തു.
ജനുവരി 14ന് സൈബർ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ മസൂദിനെ മണിക്കൂറുകളോളം അവിടെ ഇരുത്തി. പള്ളികളെക്കുറിച്ചുള്ള പൊലീസ് അന്വേഷണവുമായി ബന്ധപ്പെട്ട് അദ്ദേഹം നൽകിയ വാർത്ത ക്രമസമാധാനത്തിന് ഭീഷണിയാണെന്ന് ആരോപിച്ചാണ് ബോണ്ട് ഒപ്പിടാൻ ആവശ്യപ്പെട്ടത്. എന്നാൽ ഇത് നിരസിച്ചതിനെത്തുടർന്ന് അദ്ദേഹത്തെ തുടർച്ചയായ ദിവസങ്ങളിൽ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി.
'ഹിന്ദുസ്ഥാൻ ടൈംസിന്റെ' റിപ്പോർട്ടർ ആഷിഖ് ഹുസൈനോടും സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും, കൃത്യമായ കാരണം രേഖാമൂലം നൽകിയാൽ മാത്രമേ ഹാജരാകൂ എന്ന് അദ്ദേഹം അറിയിച്ചു.
വാർത്താ റിപ്പോർട്ടിങിന്റെയും സോഷ്യൽ മീഡിയ പോസ്റ്റുകളുടെയും പേരിൽ വിളിപ്പിക്കുന്നത് കശ്മീരിൽ പതിവാകുകയാണെന്ന് മാധ്യമപ്രവർത്തകർ പറയുന്നു.
കഴിഞ്ഞവർഷം ഡിസംബറിൽ 'ദി വയർ' പ്രതിനിധി ജഹാംഗീർ അലിയുടെ ഫോൺ പൊലീസ് പിടിച്ചെടുത്തിരുന്നു. നവംബറിൽ 'കാശ്മീർ ടൈംസ്' ഓഫീസിൽ റെയ്ഡ് നടത്തുകയും ഉപകരണങ്ങൾ പിടിച്ചെടുക്കുകയും ചെയ്തിതു. മെയ് മാസത്തിൽ സോഷ്യൽ മീഡിയ പോസ്റ്റിന്റെ പേരിൽ മറ്റൊരു മുതിർന്ന മാധ്യമപ്രവർത്തകനെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.










0 comments