ad
Deshabhimani

print edition സത്യസന്ധമായ തെരഞ്ഞെടുപ്പ്‌ നടത്തൂ ; ത്രിപുരയിൽ ഇടതുപക്ഷം ഉജ്വലമായി തിരിച്ചെത്തും : ജിതേന്ദ്ര ച‍ൗധരി

jitendra choudhary tripura cpim
avatar
വിജേഷ്‌ ചൂടൽ

Published on Jan 17, 2026, 03:59 AM | 2 min read


തിരുവനന്തപുരം

‘ചുവന്ന കൊടിയുമായി തെരുവിലിറങ്ങിയാൽ അരമണിക്കൂറിനകം ഞങ്ങൾ ആക്രമിക്കപ്പെടും. ദക്ഷിണേന്ത്യയിൽ എല്ലാ രാഷ്‌ട്രീയകക്ഷികളും കാറുകളിൽ പതാക വച്ച്‌ സഞ്ചരിക്കുന്നില്ലേ. ഞങ്ങൾക്ക്‌ അതും അസാധ്യമാണ്‌. ഫാസിസത്തിന്‌ സമാനമായ ഭീകരാന്തരീക്ഷത്തിലാണ്‌ ഞങ്ങൾ ജീവൻ ബലികൊടുത്തും പൊരുതിനിൽക്കുന്നത്‌’– സിപിഐ എം ത്രിപുര സംസ്ഥാന സെക്രട്ടറിയും പൊളിറ്റ്‌ബ്യൂറോ അംഗവുമായ ജിതേന്ദ്ര ച‍ൗധരിയുടെ വാക്കുകൾ. എന്തുകൊണ്ട്‌ ഇടതുപക്ഷം തിരിച്ചുവരുന്നില്ലെന്ന ചോദ്യത്തിന്‌ ഒറ്റ ഉത്തരമേയുള്ളൂ, എട്ടുവർഷമായി ത്രിപുരയിൽ സത്യസന്ധമായ തെരഞ്ഞെടുപ്പുകളേ നടക്കുന്നില്ല. സ്വതന്ത്രവും സുതാര്യവുമായ തെരഞ്ഞെടുപ്പ്‌ നാളെ നടന്നാൽ ഉജ്വല ഭൂരിപക്ഷത്തോടെ ഇടതുപക്ഷം തിരിച്ചുവരും, നൂറു ശതമാനം ഉറപ്പ്‌– ത്രിപുര നിയമസഭയിലെ പ്രതിപക്ഷനേതാവുകൂടിയായ ജിതേന്ദ്ര പറഞ്ഞു.


​​തിപ്രമോത്ത ബിജെപിയുടെ ഉപാേൽപ്പന്നം

ബിജെപിയും ഐപിഎഫ്‌ടിയും തിപ്രമോത്തയും ചേർന്ന ത്രികക്ഷി സഖ്യമാണ്‌ ഭരണത്തിൽ. 2023 തെരഞ്ഞെടുപ്പിൽ ഉയർന്നുവന്ന തിപ്രമോത്ത ബിജെപിയുടെ ഉപാേൽപ്പന്നമാണ്‌. 2018ൽ വന്ന ബിജെപി–ഐപിഎഫ്‌ടി ഭരണം എല്ലാ രംഗത്തും തിരിച്ചടിയുണ്ടാക്കി. ഗോത്രജനതയുടെ താൽപ്പര്യം സംരക്ഷിക്കാൻ സാധിക്കില്ലെന്ന്‌ തെളിഞ്ഞതോടെ ഐപിഎഫ്‌ടി തുറന്നുകാട്ടപ്പെട്ടു. ഇ‍തിൽ പ്രതിഷേധിച്ച്‌ വിട്ടുവന്നവരാണ്‌ മോത്ത ഉണ്ടാക്കിയത്‌. ഗ്രേറ്റർ തിപ്രാലാൻഡ്‌ ആയിരുന്നു ഇവരുടെ മുദ്രാവാക്യം. 2023ലെ തെരഞ്ഞെടുപ്പിൽ ബിജെപിക്ക്‌ നയങ്ങൾക്ക്‌ എതിരാണെന്ന്‌ പറഞ്ഞിരുന്നുവെങ്കിലും തിപ്രമോത്ത 42 സീറ്റിൽ മത്സരിച്ചു. സംവരണ സീറ്റിനപ്പുറവും അവർ മത്സരിച്ചത്‌ ഇവിടങ്ങളിലെ ഗോത്രവോട്ടുകളിൽ ഭിന്നിപ്പുണ്ടാക്കാനാണ്‌. ഇത്‌ ബിജെപിക്ക്‌ ജയിക്കാൻ വഴിയൊരുക്കി. ഒറ്റവർഷത്തിനുള്ളിൽ സഖ്യം പരസ്യമാക്കി മോത്ത ബിജെപി മന്ത്രിസഭയിൽ ചേർന്നു. രണ്ട്‌ മന്ത്രിമാരുണ്ട്‌ ഇപ്പോൾ.


​ദുർഭരണം ജനങ്ങൾ തിരിച്ചറിയുന്നു

പൂർണമായും ജനവിരുദ്ധമായ ഭരണത്തിനെതിരെ ശക്തമായ പ്രതിഷേധമുണ്ട്‌. ഫാസിസ്റ്റ്‌ ഭീകരത നിലനിൽക്കുന്നതുകൊണ്ടുമാത്രമാണ്‌ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്‌ കരുത്തു തെളിയിക്കാനാകാത്തത്‌. തിരിച്ചുവരവിനുള്ള പ്രവർത്തനത്തിലാണ്‌ പാർടി. ബുദ്ധിജീവികളിലും യുവജനങ്ങളിലും ചലനമുണ്ടാക്കാൻ സിപിഐ എമ്മിന്റെ പ്രവർത്തനത്തിന്‌ സാധിക്കുന്നുണ്ട്‌. ഇടതുപക്ഷ ഭരണവും നിലവിലുള്ള ബിജെപി ഭരണവും തമ്മിലുള്ള വ്യത്യാസം ജനങ്ങൾ തിരിച്ചറിയുന്നുണ്ട്‌. ഇ‍ൗ വിഷയങ്ങൾ ഉയർത്തിക്കാട്ടിയുള്ള പ്രചാരണത്തിലും ജനകീയ വിഷയങ്ങൾ ഏറ്റെടുത്തുള്ള പ്രക്ഷോഭങ്ങളിലുമാണ്‌ സിപിഐ എം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്‌.


​കോൺഗ്രസിന്റേത്‌ പിന്തിരിപ്പൻ നിലപാട്‌

2023ൽ 60ൽ 13 സീറ്റിൽ കോൺഗ്രസ്‌ മത്സരിച്ചു. മൂന്നു സീറ്റിൽ അവർ വിജയിച്ചത്‌ ഇടതുപക്ഷ പിന്തുണകൊണ്ടു മാത്രമാണ്‌. എന്നാൽ, 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം പ്രതിപക്ഷ ഐക്യത്തിന്‌ വിലകൽപ്പിക്കാത്ത പിന്തിരിപ്പൻ സമീപനമാണ്‌ കോൺഗ്രസ്‌ സ്വീകരിക്കുന്നത്‌. മതനിരപേക്ഷ ചേരിയുടെ ഐക്യം ശക്തിപ്പെടുത്തുകയെന്ന പൊതുനിലപാടിനൊപ്പമല്ല ത്രിപുരയിലെ കോൺഗ്രസ്‌ നേതൃത്വം.


​ഗോത്രജനതയെ കൈപിടിച്ചുയർത്തിയത്‌ 
ഇടതുപക്ഷം

തങ്ങളുടെ സ്വത്വം നിലനിർത്തുന്നതിന്‌ പ്രത്യേക സംസ്ഥാനം രൂപീകരിക്കണമെന്ന വൈകാരിക മുദ്രാവാക്യമാണ്‌ ഗോത്രസംഘനകൾ ഉയർത്തുന്നത്‌. ഗോത്രവിഭാഗത്തിൽനിന്ന്‌ മുഖ്യമന്ത്രി ഉണ്ടായതുകൊണ്ടോ എല്ലാ മന്ത്രിമാരും ആദിവാസികളായതുകൊണ്ടോമാത്രം ക്ഷേമം ഉറപ്പാക്കാനാകുമെന്ന്‌ സിപിഐ എം വിശ്വസിക്കുന്നില്ല. ഗോത്രജനതയോട്‌ അനുഭാവം പുലർത്തുന്ന സർക്കാരാണ്‌ വേണ്ടത്‌.


പാർശ്വവൽകൃത സമൂഹങ്ങളെ കൈപിടിച്ചുയർത്തുന്ന നയമാണ്‌ ഇടതുപക്ഷഭരണത്തിൽ സ്വീകരിച്ചിരുന്നത്‌. വനാവകാശനിയമം നടപ്പാക്കിയത്‌ ഉൾപ്പെടെ ഒട്ടേറെ നടപടികൾ സ്വീകരിച്ചു. പതിനായിരങ്ങൾക്ക്‌ പട്ടയം നൽകുക മാത്രമല്ല, സാന്പത്തിക പിന്തുണയും പുനരധിവാസവും ഉറപ്പാക്കി. ആദിവാസി ജീവിതത്തിൽ കാര്യമായ പുരോഗതിയുണ്ടാക്കിയത്‌ ഇടതുപക്ഷ നയങ്ങളാണ്‌. ഗോത്രകക്ഷികളായ തിപ്രമോത്തയും ഐപിഎഫ്‌ടിയും ബിജെപിയുമായി ചേർന്ന്‌ ഭരണത്തിലാണിപ്പോൾ. എന്നാൽ, ആദിവാസിക്ഷേമത്തിനായി ഒരു നിലപാടും സ്വീകരിക്കുന്നില്ല. ---ഇടതുപക്ഷത്തിന്റെയും നിലവിലുള്ള ബിജെപിയുടെയും ഭരണ വ്യത്യാസം ജനങ്ങൾ തിരിച്ചറിയുന്നു




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home