'പ്രതീക്ഷിച്ച സീറ്റ് കിട്ടിയില്ലെങ്കിൽ ഒറ്റയ്ക്ക് മത്സരിക്കും': എൻഡിഎക്ക് ഭീഷണിയുമായി ജിതൻ റാം മാഞ്ചി

പട്ന: ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎക്ക് ഭീഷണിയുമായി ജിതൻ റാം മാഞ്ചി. പ്രതീക്ഷിച്ച സീറ്റ് നൽകിയില്ലെങ്കിൽ 20 സീറ്റുകളിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് ഹിന്ദുസ്ഥാനി ആവാം മോർച്ച അധ്യക്ഷൻ ജിതൻ റാം മാഞ്ചി പറഞ്ഞത്. 8 സീറ്റുകളോളമാണ് പാർട്ടിക്ക് എൻഡിഎ വാഗ്ദാനം ചെയ്തിരിക്കുന്നത്.
എന്നാൽ ഇത്തവണ സീറ്റ് ചർച്ചകൾക്കിടയിൽ പാർട്ടിക്ക് 15 സീറ്റുകൾ നൽകണമെന്നായിരുന്നു മാഞ്ചിയുടെ ആവശ്യം. 15 സീറ്റ് ലഭിച്ചില്ലെങ്കിൽ മത്സരിക്കില്ലെന്നാണ് ആദ്യം പറഞ്ഞിരുന്നത്. ഈ തെരഞ്ഞടുപ്പിൽ പാർട്ടിക്ക് കരുത്ത് തെളിയിക്കാനാകുമെന്നാണ് മാഞ്ചിയുടെ വിലയിരുത്തൽ.
തങ്ങൾ സീറ്റ് ആവശ്യപ്പെടുകയല്ല, അഭ്യർത്ഥിക്കുകയാണ് ചെയ്യുന്നതെന്ന് മാഞ്ചി പറഞ്ഞു. ഞങ്ങൾ എല്ലാക്കാലവും എൻഡിഎയെ പിന്തുണച്ചു. അർഹിക്കുന്ന ബഹുമാനം കിട്ടിയാലേ പാർട്ടിക്ക് ഉയർച്ച ഉണ്ടാകുകയുള്ളൂ.
സീറ്റ് ചർച്ചയിൽ ലോക ജനശക്തി പാർട്ടി നേതാവ് ചിരാഗ് പസ്വാനും അതൃപ്തി അറിയിച്ചിട്ടുണ്ട്. 25 സീറ്റുകളാണ് പസ്വാൻ ആവശ്യപ്പെട്ടത്. 20 മുതൽ 22 സീറ്റുകളിൽ വരെ മത്സരിക്കാൻ തയാറാണെന്ന് ആദ്യം അറിയിച്ചിരുന്നെങ്കിലും സീറ്റ് വിഭജന ചർച്ചകൾ കടുത്തപ്പോൾ നിലപാട് മാറ്റുകയായിരുന്നു.
തെരഞ്ഞെടുപ്പിൽ എൻഡിഎക്ക് ഒറ്റയ്ക്ക് മത്സരിച്ച് ജയിക്കാനാകില്ല എന്ന തിരിച്ചറിവുള്ളതുകൊണ്ട് ആവശ്യപ്പെടുന്ന സീറ്റുകൾ ലഭിക്കുമെന്നാണ് സഖ്യകക്ഷികൾ പ്രതീക്ഷിക്കുന്നത്.









0 comments