ഒറ്റയ്‌ക്ക് മത്സരിക്കാൻ അറിയാമെന്ന് ചിരാഗ് പസ്വാൻ
എൻഡിഎയിൽ അതൃപ്‌തി ; 15 സീറ്റില്ലെങ്കിൽ മത്സരിക്കില്ലെന്ന് മാഞ്ചി

ന്യൂഡൽഹി
ബിഹാറിൽ എൻഡിഎയ്‌ക്ക് വലിയ തലവേദനയായി ഘടക കക്ഷികളുടെ പോര്. 15 സീറ്റെങ്കിലും നൽകിയില്ലെങ്കിൽ ഇക്കുറി മത്സരിക്കാനില്ലെന്നാണ് ഹിന്ദുസ്ഥാൻ അവാം മോർച്ചയുടെ നിലപാട്. ‘തുടർച്ചയായി അവഹേളിക്കപ്പെടുകയാണ്. പാർടിയെന്ന നിലയിൽ അംഗീകാരം ലഭിക്കണമെങ്കിൽ ആവശ്യപ്പെട്ട സീറ്റുകൾ അനുവദിക്കണം. അല്ലെങ്കിൽ, ഇക്കുറി തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്ലെന്ന കടുത്തതീരുമാനം എടുക്കേണ്ടി വരും.’– കേന്ദ്രമന്ത്രിയും എച്ച്‌എഎം നേതാവുമായ ജിതൻറാം മാഞ്ചി പ്രതികരിച്ചു. ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ അനുനയ ചർച്ചകൾ നടത്തിയെങ്കിലും നിലപാടിൽ മാറ്റമില്ലെന്ന് മാഞ്ചി അറിയിച്ചു.
40 മുതൽ 50 സീറ്റെങ്കിലും ലഭിച്ചില്ലെങ്കിൽ കടുത്ത നടപടികൾ കൈകൊള്ളാൻ നിർബന്ധിതനാകുമെന്ന് എൽജെപി (രാംവിലാസ്) നേതാവ് ചിരാഗ് പസ്വാനും എൻഡിഎയെ അറിയിച്ചിട്ടുണ്ട്. എൻഡിഎയുമായി സീറ്റ് ചർച്ചകൾ നടത്തുന്നതിനിടെ ‘ഒറ്റയ്‌ക്ക് പോരാടാൻ അറിയാമെന്ന്’– ചിരാഗ് സമൂഹമാധ്യമത്തിൽ പോസ്റ്റിടുകയും ചെയ്‌തു. കഴിഞ്ഞ ദിവസം ചിരാഗും ജൻസുരാജ് പാർടിയുടെ പ്രശാന്ത് കിഷോറും ചർച്ച നടത്തി. ജെഡിയുവും ബിജെപിയും ഇക്കുറി 103 വീതം സീറ്റുകളിൽ മത്സരിക്കാനുള്ള നീക്കം നടത്തുന്നതിനിടെയാണ് ഘടകകക്ഷികൾ കടുത്ത എതിർപ്പുയർത്തുന്നത്. മാഞ്ചിക്ക് എട്ടുവരെ സീറ്റും ചിരാഗിന് ഏകദേശം 20 സീറ്റും മാത്രമെ അനുവദിക്കാനാകുവെന്നുമാണ് ബിജെപി നിലപാട്.








0 comments