ad
Deshabhimani

print edition ജാർഖണ്ഡ്‌ എസ്‌ഐആർ; ന്യൂനപക്ഷ വോട്ടർമാരെ കൂട്ടത്തോടെ വെട്ടാൻ നീക്കം

SIR
avatar
സ്വന്തം ലേഖകൻ

Published on Sep 03, 2026, 01:00 AM | 1 min read

ന്യൂഡൽഹി : വോട്ടർപട്ടികയുടെ തീവ്രപുനഃപരിശോധന (എസ്‌ഐആർ) പുരോഗമിക്കുന്ന ജാർഖണ്ഡിൽ ന്യൂനപക്ഷ വോട്ടർമാരെ പട്ടികയിൽ നിന്ന്‌ കൂട്ടത്തോടെ പുറത്താക്കാൻ ബിജെപിയുടെ ആസൂത്രിതനീക്കം. എസ്‌ഐആർ പ്രക്രിയയിലൂടെ തയ്യാറാക്കിയ കരടുപട്ടികയിൽ ഉൾപ്പെട്ട ന്യൂനപക്ഷ വോട്ടർമാരെ ഫോറം ഏഴ്‌ ദുരുപയോഗം ചെയ്‌തുകൊണ്ട്‌ ഒഴിവാക്കാനാണ്‌ ശ്രമം.


ജാർഖണ്ഡിലെ ഗോഡ ജില്ലയിൽ ബിജെപി എംഎൽഎ സഞ്‌ജീവ്‌ കുമാർ റോഷൻ -ഫോം ഏഴ്‌ ഉപയോഗിച്ച്‌ ന്യൂനപക്ഷ വോട്ടർമാരെ പട്ടികയിൽ നിന്ന്‌ ഒഴിവാക്കാൻ ശ്രമം നടത്തിയെങ്കിലും ബൂത്തുതല ഉദ്യോഗസ്ഥരുടെ (ബിഎൽഒ) ഇടപെടലിനെ തുടർന്ന്‌ പാളി.

ഗോഡയിലെ മഹേഷ്‌ ടിക്രി ഗ്രാമത്തിലെ ഒമ്പതാം നമ്പർ ബൂത്തിൽ മാത്രം സഞ്‌ജീവ്‌ കുമാർ റോഷൻ 25 ഫോം ഏഴ്‌ അപേക്ഷകളാണ്‌ സമർപ്പിച്ചത്‌. എല്ലാ അപേക്ഷയിലും ന്യൂപനക്ഷ വോട്ടർമാരുടെ പേരുകളാണ്‌ ഉൾപ്പെട്ടിരുന്നത്‌. ഇവരെല്ലാം തലമുറകളായി മഹേഷ്‌ ടിക്രി ഗ്രാമത്തിൽ കഴിയുന്നവരാണ്‌. മാത്രമല്ല 2003ൽ നടത്തിയ എസ്‌ഐആർ പ്രക്രിയയിൽ പട്ടികയിൽ ഉൾപ്പെട്ടവരുമാണ്‌.


തെരഞ്ഞെടുപ്പ്‌ കമീഷന്റെ നിർദേശപ്രകാരം 2003ലെ എസ്‌ഐആർ പ്രക്രിയയിലൂടെ വോട്ടർപട്ടികയിൽ ഉൾപ്പെട്ടവർക്ക്‌ നിലവിലെ പട്ടികയിൽ ഉൾപ്പെടുന്നതിന്‌ പ്രത്യേക രേഖകൾ സമർപ്പിക്കേണ്ടതില്ല. എന്നാൽ 2003 ൽ പട്ടികയിൽ ഉൾപ്പെട്ടവരെയും പട്ടികയിൽനിന്ന്‌ നീക്കാനാണ്‌ എംഎൽഎയുടെ നേതൃത്വത്തിൽ ബിജെപി ശ്രമിച്ചത്‌.


സമീപമുള്ള മറ്റ്‌ ബൂത്തുകളിലും ന്യൂനപക്ഷ വോട്ടർമാരെ നീക്കാൻ ബിജെപി പ്രവർത്തകർ വ്യാപകമായി ഫോം ഏഴ്‌ സമർപ്പിച്ചെങ്കിലും പേരുകൾ നീക്കുന്നതിന്‌ തക്കതായ കാരണം ബോധ്യപ്പെടുത്താനാകാതെ വന്നതോടെ എല്ലാ അപേക്ഷകളും ബിഎൽഒമാർ തള്ളി.


സുപ്രീംകോടതി ഇടപെടണമെന്ന്‌ കപിൽ സിബൽ


തങ്ങൾക്ക്‌ വോട്ട്‌ ചെയ്യില്ലെന്ന്‌ ഉറപ്പുള്ളവരെ പട്ടികയിൽ നിന്ന്‌ നീക്കാൻ ബിജെപി വ്യാപകമായി -ഫോം ഏഴ്‌ ദുരുപയോഗിക്കുകയാണെന്ന്‌ രാജ്യസഭാംഗം കപിൽ സിബൽ പറഞ്ഞു. ജാർഖണ്ഡിലെ അനുഭവം ഇതിന്‌ തെളിവാണ്‌. ബിഎൽഒമാർ ഇടപെട്ടത്‌ കൊണ്ടുമാത്രമാണ്‌ ബിജെപി നീക്കം പാളിയത്‌. എസ്‌ഐആർ നടക്കുന്ന മറ്റ്‌ സംസ്ഥാനങ്ങളിലും സമാന ശ്രമം ബിജെപി നടത്തുന്നുണ്ട്‌. വോട്ടർമാരെ കൂട്ടമായി പട്ടികയിൽ നിന്ന്‌ ഒഴിവാക്കുന്നത്‌ തടയാൻ സുപ്രീംകോടതി ഇടപെടണമെന്നും സിബൽ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home