print edition ജാർഖണ്ഡ് രാജ്യസഭാ തെരഞ്ഞെടുപ്പ്; പിടിച്ചുവാങ്ങിയ സീറ്റിൽ കോൺഗ്രസിന് തോൽവി


സ്വന്തം ലേഖകൻ
Published on Jun 19, 2026, 02:15 AM | 1 min read
ന്യൂഡൽഹി: ജാർഖണ്ഡ് രാജ്യസഭാ തെരഞ്ഞെടുപ്പിൽ ജാർഖണ്ഡ് മുക്തിമോർച്ചയിൽനിന്ന് പിടിച്ചുവാങ്ങിയ സീറ്റിൽ കോൺഗ്രസിന് തോൽവി. ഭരണപക്ഷകൂട്ടായ്‌മയിലെ മൂന്ന് എംഎൽഎമാർ കൂറുമാറി വോട്ടുചെയ്‌തതോടെ എൻഡിഎ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥി ജയിച്ചു. രണ്ടു സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ജാർഖണ്ഡ് മുക്തിമോർച്ചയുടെ ബൈദ്യനാഥ് റാമും എൻഡിഎ പിന്തുണയിൽ മൽസരിച്ച സ്വതന്ത്രസ്ഥാനാർഥി പരിമൾ നത്‌വാനിയുമാണ് ജയിച്ചത്. കോൺഗ്രസിന്റെ പ്രണവ് ഝാ തോറ്റു.
81 എംഎൽഎമാരാണ് ജാർഖണ്ഡ് നിയമസഭയിൽ. രണ്ട് സീറ്റിൽ ജയിക്കാൻ 28 വീതം ഒന്നാം വോട്ടുകളാണ് ആവശ്യം. ജെഎംഎം നേതൃത്വത്തിലുള്ള ഭരണമുന്നണിയിൽ 56 എംഎൽഎമാരും എൻഡിഎയിൽ 24 എംഎൽഎമാരും ഇരുമുന്നണിയിലും ഉൾപ്പെടാത്ത ഒരു എംഎൽഎയുമാണ് സഭയിലുള്ളത്. വോട്ടെണ്ണിയപ്പോൾ ജെഎംഎം സ്ഥാനാർഥിക്ക് 30 ഉം എൻഡിഎ സ്ഥാനാർത്ഥിക്ക് 28 ഉം വോട്ട് കിട്ടി.
കോൺഗ്രസിന്റെ ഝായ്ക്ക് കിട്ടിയത് 20 വോട്ടുമാത്രം. രണ്ട് ബിജെപി വോട്ടും, ഒരു കോൺഗ്രസ് വോട്ടും അസാധുവായി. 16 എംഎൽഎമാർ മാത്രമുള്ള കോൺഗ്രസ് രാജ്യസഭാ സീറ്റ് നിർബന്ധമായി ചോദിച്ചുവാങ്ങിയത് ജെഎംഎം കൂട്ടായ്‌മയിൽ വിള്ളൽ സൃഷ്ടിച്ചിരുന്നു. ജെഎംഎം മുന്നണിയിൽനിന്ന് മൂന്നുവോട്ടുകളെങ്കിലും എൻഡിഎ സ്ഥാനാർഥിക്ക് ചോർന്നിട്ടുണ്ട്.
റിലയൻസ് ഗ്രൂപ്പിന്റെ കോർപ്പറേറ്റ്‌കാര്യ ഡയറക്ടറായ പരിമൾ നത്‌വാനി നേരത്തെ ജാർഖണ്ഡിൽനിന്ന് രണ്ടുവട്ടവും ആന്ധ്രയിൽനിന്ന് ഒരു വട്ടവും സ്വതന്ത്രനായി രാജ്യസഭയിലേക്ക് ജയിച്ചിട്ടുണ്ട്. ഒഡീഷ, ബിഹാർ, ഹരിയാന സംസ്ഥാനങ്ങളിൽ കൂറുമാറ്റത്തെത്തുടർന്ന് സീറ്റുകൾ നഷ്ടമായതിന് പിന്നാലെയാണ് ജാർഖണ്ഡിലും കോൺഗ്രസ് പിടിവാശിക്ക് തിരിച്ചടിയേറ്റത്.









0 comments