Deshabhimani

ജാർഖണ്ഡിൽ കൽക്കരി ഖനനത്തിന് 928 ഹെക്ടർ വനഭൂമി വിട്ടുനൽകും; 5.67 ലക്ഷം മരങ്ങൾ മുറിച്ചുമാറ്റും

TREE CUTING JARKHANT

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Nov 17, 2026, 12:34 PM | 2 min read

ന്യൂഡൽഹി: ജാർഖണ്ഡിൽ കൽക്കരി ഖനനം വിപുലീകരിക്കുന്നതിനായി 928 ഹെക്ടറിലധികം വനഭൂമി വിട്ടുനൽകാൻ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള ഫോറസ്റ്റ് അഡ്വൈസറി കമ്മിറ്റി (എഫ്എസി)യുടെ തത്വത്തിലുള്ള അനുമതി. പദ്ധതി നടപ്പാകുന്നതോടെ 5.67 ലക്ഷം മരങ്ങൾ മുറിച്ചുമാറ്റേണ്ടിവരും. ഇതിൽ 2.43 ലക്ഷം സാൽ മരങ്ങളും ഉൾപ്പെടുന്നു. വൻതോതിലുള്ള വനനശീകരണം പ്രദേശത്തെ മനുഷ്യ-ആന സംഘർഷം കൂടുതൽ രൂക്ഷമാക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.


ജാർഖണ്ഡിലെ ഛത്ര ജില്ലയിൽ നടപ്പാക്കുന്ന അശോക് എക്സ്പാൻഷൻ ഓപ്പൺകാസ്റ്റ് കോൾ മൈനിങ് പദ്ധതിയുടെ ഭാഗമായാണ് വനഭൂമി ഖനനത്തിനായി വിട്ടുനൽകുന്നത്. നോർത്ത് കരൺപുര കൽക്കരിപ്പാടത്ത് നിലവിലുള്ള ഖനിയുടെ പടിഞ്ഞാറൻ ഭാഗത്തേക്ക് പ്രവർത്തനം വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. പ്രതിവർഷം രണ്ട് കോടി ടൺ കൽക്കരി ഉൽപ്പാദിപ്പിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.


ഖനനത്തിനായി ഏറ്റെടുക്കുന്ന വനമേഖല സംരക്ഷിത വന്യജീവി മേഖലയുടെ പരിധിയിൽ വരുന്നതല്ലെങ്കിലും നിരവധി വന്യജീവികളുടെ ആവാസകേന്ദ്രമാണ്. ആനകൾ, കഴുതപ്പുലികൾ, കുറുനരികൾ, ബംഗാൾ കുറുക്കന്മാർ, പാറപ്പെരുമ്പാമ്പുകൾ തുടങ്ങിയ ജീവികൾ ഇവിടെ വസിക്കുന്നുണ്ട്. വനഭൂമി നഷ്ടപ്പെടുന്നതോടെ ആനകളുടെ സ്വാഭാവിക സഞ്ചാരപാതകളും ആവാസവ്യവസ്ഥയും തകരാറിലാകുമെന്നാണ് പരിസ്ഥിതി ആശങ്ക.


മനുഷ്യ-ആന സംഘർഷം വർധിക്കുമെന്ന ആശങ്ക


ജാർഖണ്ഡിൽ മനുഷ്യരും ആനകളും തമ്മിലുള്ള സംഘർഷം നേരത്തേ തന്നെ ഗുരുതരമായ പ്രശ്നമാണ്. 2000 മുതൽ 2023 വരെ സംസ്ഥാനത്തെ 22 വനമേഖലകളിലായി 1,740 മനുഷ്യ-ആന സംഘർഷ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതായി വൈൽഡ്‌ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ പഠനം വ്യക്തമാക്കുന്നു. ഇതിൽ 1,340 പേർ കൊല്ലപ്പെടുകയും 400 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 2026ന്റെ ആദ്യ മാസങ്ങളിൽ മാത്രം ഇത്തരം സംഘർഷങ്ങളിൽ 20 പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.


പുതിയ ഖനനപദ്ധതി മനുഷ്യ-വന്യജീവി സംഘർഷം വർധിപ്പിക്കാനുള്ള സാധ്യത കണക്കിലെടുത്ത് പ്രത്യേക വന്യജീവി പരിപാലന പദ്ധതി തയ്യാറാക്കണമെന്ന് എഫ്എസി നിർദേശിച്ചിട്ടുണ്ട്. ഖനനം ആരംഭിക്കുന്നതിന് മുമ്പ് പദ്ധതി തയ്യാറാക്കി ജാർഖണ്ഡ് ചീഫ് വൈൽഡ്‌ലൈഫ് വാർഡന്റെ അംഗീകാരം നേടണം. പ്രദേശത്തെ ഗ്രാമവാസികളുടെ നിർദേശങ്ങളും പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും സമിതി വ്യക്തമാക്കിയിട്ടുണ്ട്.


ഖനനം വന്യജീവികളിൽ ചെലുത്തുന്ന ആഘാതം വിലയിരുത്തുന്നതിനും പരിപാലന പദ്ധതിയുടെ ഫലപ്രാപ്തി ഉറപ്പാക്കുന്നതിനും ദീർഘകാല ഗവേഷണവും നിരീക്ഷണവും നടത്തണം. ഇതിനുള്ള ചുമതല വൈൽഡ്‌ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യക്കായിരിക്കും. പദ്ധതി തയ്യാറാക്കുന്നതിനും നടപ്പാക്കുന്നതിനുമുള്ള മുഴുവൻ ചെലവും ഖനനപദ്ധതിയുടെ അധികൃതർ വഹിക്കണമെന്നും നിർദേശമുണ്ട്.


മധ്യപ്രദേശിലും വനഭൂമി വിട്ടുനൽകാൻ ശുപാർശ


അതേസമയം, മധ്യപ്രദേശിലെ നർസിംഗ്പുരിൽ മച്ച്രേവ ജലസേചന പദ്ധതിക്കായി 492.579 ഹെക്ടർ വനഭൂമി വിട്ടുനൽകുന്നതിനും ഫോറസ്റ്റ് അഡ്വൈസറി കമ്മിറ്റി സ്റ്റേജ്-1 അനുമതി ശുപാർശ ചെയ്തിട്ടുണ്ട്. കടുവകൾ, പുള്ളിപ്പുലികൾ, കരടികൾ, കുറുനരികൾ തുടങ്ങിയ വന്യജീവികളുടെ സാന്നിധ്യമുള്ള മേഖലയാണിത്.


ഒക്ടോബർ 23ന് ചേർന്ന സമിതി യോഗത്തിലാണ് ജാർഖണ്ഡിലെയും മധ്യപ്രദേശിലെയും പദ്ധതികൾ സംബന്ധിച്ച തീരുമാനങ്ങൾ കൈക്കൊണ്ടത്. ഖനനത്തിനും വികസനപദ്ധതികൾക്കുമായി വനഭൂമി വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചുള്ള ആശങ്കകൾക്ക് വീണ്ടും വഴിവെക്കുകയാണ്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home