Deshabhimani

ബന്ധുക്കളെ യാത്രയാക്കാൻ വന്ദേഭാരതിനുള്ളിൽ കയറി; ഡോറഞ്ഞതോടെ കുടങ്ങി; കുടുംബത്തിന് 36,140 രൂപ പിഴ

vande bharat express
വെബ് ഡെസ്ക്

Published on Nov 17, 2026, 12:44 PM | 1 min read

ന്യൂഡൽഹി: ബന്ധുക്കളെ യാത്രയാക്കാൻ വന്ദേഭാരതിനുള്ളിൽ കയറി കുടുങ്ങിയ കുടുംബത്തിന് പിഴയിട്ട് റെയിൽവേ. ഞായറാഴ്ച കാൺപൂർ റെയിൽവേ സ്റ്റേഷനിലെത്തിയപ്പോഴായിരുന്നു സംഭവം. ബന്ധുക്കളെ യാത്രയാക്കാൻ വാരണാസി-ന്യൂഡൽഹി വന്ദേ ഭാരത് എക്സ്പ്രസിൽ കയറിയ പതിമൂന്ന് പേരാണ്, ട്രെയിനിന്റെ ഓട്ടോമാറ്റിക് വാതിലുകൾ അടച്ചതിനെ തുടർന്ന് കുടുങ്ങിപ്പോത്.


സാധുവായ ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന് ഒരു കുട്ടിയടക്കം 13 പേരിൽ നിന്ന് ആകെ 36,140 രൂപയാണ് പിഴ ഈടാക്കിയത്. കുടുംബാംഗങ്ങളെ യാത്രയാക്കാനും അവരുടെ ലഗേജുകൾ ട്രെയിനിനുള്ളിൽ വെക്കാനുമാണ് ഇവർ ട്രെയിനിൽ കയറിയത്. എന്നാൽ, ട്രെയിൻ പുറപ്പെടുന്നതിന് മുമ്പ് ഓട്ടോമാറ്റിക് വാതിലുകൾ അടഞ്ഞതോടെ ഇവർക്ക് പുറത്തിറങ്ങാൻ കഴിയാതെ ട്രെയിനിനുള്ളിൽ കുടുങ്ങിപ്പോവുകയായിരുന്നു.


“നവംബർ 15-ന് കുടുംബാംഗങ്ങളെ യാത്രയാക്കാനോ ലഗേജുകൾ ട്രെയിനിൽ വെക്കാനോ വേണ്ടി ചിലർ വന്ദേ ഭാരത് എക്സ്പ്രസിൽ കയറിയിരുന്നു. സുരക്ഷാ കാരണങ്ങളാൽ വന്ദേ ഭാരത് എക്സ്പ്രസിന്റെ വാതിലുകൾ തനിയെ അടയുന്ന സംവിധാനമായതിനാൽ, ഇവർക്ക് ഇറങ്ങാൻ കഴിയുന്നതിന് മുമ്പ് തന്നെ ട്രെയിൻ പുറപ്പെടുകയും ഇവർ ഉള്ളിൽ കുടുങ്ങുകയും ചെയ്തു. തുടർന്ന് ചീഫ് ടിക്കറ്റ് ചെക്കിംഗ് ഇൻസ്പെക്ടർ നടത്തിയ പരിശോധനയിൽ 12 മുതിർന്നവരും ഒരു കുട്ടിയും സാധുവായ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നതായി കണ്ടെത്തുകയായിരുന്നു. റെയിൽവേ നിയമപ്രകാരം ഇവരെ അനധികൃത യാത്രക്കാരായി പരിഗണിക്കുകയും നിശ്ചിത യാത്രാക്കൂലിയും പിഴയും ഈടാക്കുകയും ചെയ്തു. ആകെ 36,140 രൂപയാണ് പിഴയായി ഈടാക്കിയത്” - നോർത്ത് സെൻട്രൽ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ ഡോ. ശിവം ശർമ പറഞ്ഞു.


“സുരക്ഷാ കാരണങ്ങളാൽ വന്ദേ ഭാരത് എക്സ്പ്രസ് പോലുള്ള ആധുനിക ട്രെയിനുകളിൽ ഓട്ടോമാറ്റിക് ഡോർ-ക്ലോസിംഗ് സംവിധാനമാണുള്ളത്. ട്രെയിൻ പുറപ്പെട്ടതിന് ശേഷം ഉള്ളിൽ തുടരുന്ന ഏതൊരാൾക്കും റെയിൽവേ നിയമപ്രകാരം വലിയ പിഴ നൽകേണ്ടി വന്നേക്കാം,” റെയിൽവേ ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.


സാധുവായ ടിക്കറ്റുള്ള യാത്രക്കാർക്ക് മാത്രമേ ട്രെയിനുകളിൽ കയറാൻ അനുവാദമുള്ളൂ എന്ന് ഇന്ത്യൻ റെയിൽവേ വ്യക്തമാക്കി. സന്ദർശകരും യാത്രക്കാരും സാധുവായ പ്ലാറ്റ്‌ഫോം ടിക്കറ്റുകളുമായി മാത്രമേ സ്റ്റേഷൻ പരിസരത്ത് പ്രവേശിക്കാവൂ എന്നും, കുടുംബാംഗങ്ങളെ യാത്രയാക്കാൻ ട്രെയിനുകൾക്കുള്ളിൽ കയറുന്നത് കർശനമായി ഒഴിവാക്കണമെന്നും റെയിൽവേ അഭ്യർഥിച്ചു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home