Deshabhimani

കാലടി: വിദ്യാർഥികളുടെ ഹർജി നാളെ പരി​ഗണിക്കുന്നതിനായി മാറ്റി ഹൈക്കോടതി

Kerala High Court Kalady University
വെബ് ഡെസ്ക്

Published on Nov 17, 2026, 12:20 PM | 1 min read

കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ 16 വിദ്യാർഥികളുടെ സസ്‌പെൻഷൻ പിൻവലിക്കണമെന്നും പരീക്ഷ എഴുതാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹർജി നാളെ പരി​ഗണിക്കുന്നതിനായി മാറ്റി. നാളെ ഉച്ചക്ക് ശേഷമായിരിക്കും ഹൈക്കോടതി ഹർജി പരി​ഗണിക്കുക. 2 മണിക്ക് വാദം കേൾക്കും.


മാപ്പപേക്ഷ നൽകിയാൽ 12 പേരുടെ സസ്‌പെൻഷൻ പിൻവലിക്കാമെന്ന സർവകലാശാലയുടെ എതിർസത്യവാങ്മൂലം ചോദ്യംചെയ്ത് സമർപ്പിച്ച ഭേദഗതി ഹർജിയാണ് നാളെ പരി​ഗണിക്കുന്നതിനായി മാറ്റിയത്. സസ്‌പെൻഷനിലേക്ക് നയിച്ച അന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. രജിസ്ട്രിയിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം ചൊവ്വാഴ്ച പരിഗണിക്കാനായി ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണൻ ഹർജി മാറ്റുകയായിരുന്നു.


അച്ചടക്കനടപടിയുടെ ഭാഗമാണ് സസ്‌പെൻഷനെന്നും നാലുപേരുടെ സസ്‌പെൻഷൻ കാലാവധി നീട്ടിയെന്നുമാണ് കോടതിയെ സർവകലാശാല അറിയിച്ചിരുന്നത്. എന്നാൽ, സർവകലാശാലയുടെ പക്കൽ തെളിവുകളില്ലെന്നും അന്വേഷണ റിപ്പോർട്ടിൽ കൃത്യമായ കാരണങ്ങൾ പറയുന്നില്ലെന്നും ഭേദഗതി ഹർജിയിൽ വിദ്യാർഥികൾ ചൂണ്ടിക്കാട്ടി.


സംഭവത്തിൽ പൊലീസ് രജിസ്റ്റർചെയ്ത രണ്ടാമത്തെ എഫ്ഐആർ കെട്ടിച്ചമച്ചതാണെന്നും ക്യാമ്പസിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ സത്യാവസ്ഥ ബോധ്യപ്പെടുമെന്നും ഹർജിയിലുണ്ട്‌. സസ്‌പെൻഷൻമൂലം നഷ്ടമായ ഹാജരും ഇന്റേണൽ മാർക്കും അനുവദിക്കണമെന്നും പരീക്ഷ എഴുതാൻ അവസരം നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.


സസ്‌പെൻഷൻ 78 ദിവസവും വിദ്യാർഥികളുടെ നിരാഹാരസമരം 17 ദിവസവും പിന്നിട്ടിട്ടും പകപോക്കുന്ന നിലപാടാണ് സർവകലാശാലയുടേത്. ആഗസ്‌ത്‌ 13ന്‌ നടന്ന സമരത്തെത്തുടർന്ന് സെപ്തംബർ ഒന്നിനാണ് വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്‌തത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home