Deshabhimani

പരിക്ക് വില്ലനായി; ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര നഷ്ടമായി മിച്ചൽ സാന്റ്നർ

SATNER

മിച്ചൽ സാന്റ്നർ

വെബ് ഡെസ്ക്

Published on Nov 17, 2026, 12:51 PM | 1 min read

വെല്ലിംഗ്ടൺ: ഇന്ത്യക്കെതിരായ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ന്യൂസിലൻഡിന് കനത്ത തിരിച്ചടി. പരിക്കിനെത്തുടർന്ന് ന്യൂസിലൻഡ് വൈറ്റ് ബോൾ ക്യാപ്റ്റനും പരിചയസമ്പന്നനായ സ്പിൻ ബൗളിങ് ഓൾറൗണ്ടറുമായ മിച്ചൽ സാന്റ്നർ ടെസ്റ്റ് പരമ്പരയിൽ നിന്ന് പുറത്തായി.


ഇന്ത്യക്കെതിരായ അഞ്ചാമത്തെ ഏകദിന മത്സരത്തിനിടെയാണ് സാന്റ്നറുടെ വലതുകൈയ്ക്ക് പരിക്കേറ്റത്. ഞായറാഴ്ച നടന്ന മത്സരത്തിൽ ബാറ്റ് ചെയ്യുന്നതിനിടെ കൈയിൽ പന്തുകൊണ്ടായിരുന്നു പരിക്ക്. തുടർന്ന് നടത്തിയ സ്കാനിങ്ങിൽ കൈയിലെ അസ്ഥിക്ക് പൊട്ടലുണ്ടെന്ന് സ്ഥിരീകരിച്ചതായി ന്യൂസിലൻഡ് ക്രിക്കറ്റ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.


സാന്റ്നർക്ക് പകരക്കാരനായി ടോം ലാഥം നയിക്കുന്ന ടെസ്റ്റ് ടീമിൽ സെൻട്രൽ ഡിസ്ട്രിക്ട്സിന്റെ സ്പിൻ ബൗളിങ് ഓൾറൗണ്ടർ ഡീൻ ഫോക്സ്ക്രോഫ്റ്റിനെ ഉൾപ്പെടുത്തി. കഴിഞ്ഞ മേയിൽ അയർലൻഡിനെതിരെയാണ് ഫോക്സ്ക്രോഫ്റ്റ് ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്.


സാന്റ്നറുടെ തിരിച്ചുവരവ് സംബന്ധിച്ച സമയക്രമം നിലവിൽ വിലയിരുത്തിവരികയാണ്. ഇന്ത്യക്കെതിരായ പരമ്പരയ്ക്ക് പിന്നാലെ ഓസ്ട്രേലിയക്കെതിരെ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയിൽ താരത്തിന് കളിക്കാനാകുമോയെന്ന കാര്യത്തിൽ ന്യൂസിലൻഡ് ക്രിക്കറ്റ് പിന്നീട് ഔദ്യോഗിക അറിയിപ്പ് നൽകും.


ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ആദ്യ ടെസ്റ്റ് വെല്ലിങ്ടണിലെ ബേസിൻ റിസർവിൽ നടക്കും. രണ്ടാമത്തെ ടെസ്റ്റ് നവംബർ 27ന് ക്രൈസ്റ്റ്ചർച്ചിലെ ഹാഗ്ലി ഓവലിലാണ് നിശ്ചയിച്ചിരിക്കുന്നത്.


ഏകദിന പരമ്പരയിലും പരിക്കുകൾ ന്യൂസിലൻഡിനെ കാര്യമായി ബാധിച്ചിരുന്നു. പ്രധാന താരങ്ങളുടെ അഭാവത്തിൽ കളത്തിലിറങ്ങിയ ന്യൂസിലൻഡ് പരമ്പര 1-3ന് ഇന്ത്യയോട് തോറ്റിരുന്നു. ടെസ്റ്റ് പരമ്പരയ്ക്ക് തൊട്ടുമുമ്പ് സാന്റ്നർ കൂടി പുറത്തായത് ടീമിന്റെ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home