print edition ആ കുട്ടികളെവിടെ ? വിദ്യാലയങ്ങളെവിടെ ? കുടിവെള്ളമെവിടെ ?


എൻ എസ് സജിത്
Published on Jan 17, 2026, 04:03 AM | 2 min read
തിരുവനന്തപുരം
‘‘മലിനം ജലം കുടിച്ച് മരിക്കേണ്ടി വരുന്ന മനുഷ്യരുടെ നാടാണ് ഞങ്ങളുടേത്. അവിടെ പ്രതിദിനം കാണാതാകുന്ന പെൺകുട്ടികളുടെ എണ്ണം ശരാശരി 88. അഞ്ചുവർഷത്തിനിടെ അടച്ചുപൂട്ടിയ സ്‌കൂളുകളുടെ എണ്ണം മുപ്പത്തിമൂവായിരത്തോളം. സ്‌കൂളിൽ ചേരുന്ന പെൺകുട്ടികളിൽ 67 ശതമാനവും 12ാം ക്ലാസിനു മുന്നേ പഠനമുപേക്ഷിക്കുന്നു. സർക്കാർ നിയമസഭയിൽ വച്ച കണക്കുകളാണിത്. ഇൗയിടെ ആശുപത്രിയിൽ എലി കടിച്ച് രണ്ടു നവജാത ശിശുക്കൾ മരിച്ചെന്ന് പറഞ്ഞാൽ കേരളത്തിലുള്ളവർ വിശ്വസിക്കുമോ?’’–സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവും മധ്യപ്രദേശ് സംസ്ഥാന സെക്രട്ടറിയുമായ ജസ്‌വിന്ദർ സിങ് ചോദിക്കുന്നു.
ന്യൂനപക്ഷങ്ങൾക്കും ദളിതർക്കും കർഷകർക്കും ഒരുപോലെ ദുരിതമുണ്ടാക്കുകയാണ് ബിജെപി ഭരണം. റിയൽ എസ്റ്റേറ്റ് മാഫിയയെയും വ്യാജമദ്യ മാഫിയയെയും നിയന്ത്രിക്കുന്നത് മുഖ്യമന്ത്രി മോഹൻ യാദവ് തന്നെയാണ്. അവരോടും ആർഎസ്‌എസ്സിനോടും മാത്രമാണ് മുഖ്യമന്ത്രിക്ക് പ്രതിബദ്ധത.
മുസ്‌ലിങ്ങളുടെയും ക്രിസ്‌ത്യാനികളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിരന്തരമായ ആക്രമിക്കുകയാണ് സംഘപരിവാർ. എത്രയോ മദ്രസകൾ തകർക്കപ്പെട്ടു. നാഷണൽ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുപ്രകാരം ദളിത് വിഭാഗങ്ങൾക്കുനേരെ ഏറ്റവും കൂടുതൽ ആക്രമണമുണ്ടാകുന്നത് മധ്യപ്രദേശിലാണ്. സ്‌ത്രീകളും നിരന്തരം ആക്രമിക്കപ്പെടുന്നു. ദിനംപ്രതിയെന്നോണം ദളിതർ ആക്രമിക്കപ്പെടുന്ന സ്ഥിതിയാണ്. ജനാധിപത്യസ്ഥാപനങ്ങളുടെ പ്രവർത്തനം അട്ടിമറിക്കപ്പെടുകയാണ്. മോഹൻ യാദവ് അധികാരത്തിൽ വന്ന ശേഷം 2024ൽ നിയമസഭ സമ്മേളിച്ചത് 25 ദിവസവും 2025ൽ 21 ദിവസവും മാത്രം.
സ്‌കൂളുകൾ വ്യാപകമായി അടച്ചുപൂട്ടിതോടെ ദരിദ്ര കുടുംബങ്ങളിലെ കുട്ടികൾക്ക് വിദ്യാഭ്യാസം അന്യമായി. ദൂരദിക്കുകളിൽ പോയി പഠിക്കാൻ ശേഷിയില്ലാത്തവരാണ് ദളിത്, ആദിവാസി വിഭാഗങ്ങൾ. അഞ്ചു വർഷത്തിൽ 32,844 സ്‌കൂൾ പൂട്ടി. 2011 മുതൽ 2024 വരെയുള്ള കണക്കു പ്രകാരം 40 ശതമാനം കുട്ടികളാണ് സ്‌കൂളിൽനിന്ന് കൊഴിഞ്ഞുപോയത്. എസ്‌സി, എസ്‌ടി വിദ്യാർഥികൾക്കുള്ള സ്‌കോളർഷിപ്പ് മുടങ്ങിയിട്ട് കുറേകാലമായി.
കർഷകരുടെ സ്ഥിതി അതിദയനീയമാണ്. സോയാബീനിന് മിനിമം താങ്ങുവില 5328 ആണെങ്കിലും കർഷർക്ക് വിൽക്കാൻ സാധിക്കുന്നത് 3000 മുതൽ 4200 രൂപയ്‌ക്ക് മാത്രം. നെല്ലിന്റെ താങ്ങുവില 2369. പക്ഷേ 2000 രൂപയിൽ അധികം കർഷകർക്ക് ലഭിക്കുന്നില്ല. ബാജ്‌റയ്‌ക്ക് 2752 രൂപയാണ് താങ്ങുവിലയെങ്കിലും കിട്ടുന്നത് പരമാവധി 2200 രൂപ.
മലിനജലക്കുഴലിലെ മാലിന്യം കുടിവെള്ള പൈപ്പ് ലൈനിൽ കലരുന്നതിനെക്കുറിച്ച് സിഎജി ഒരു വർഷം മുന്പേ നൽകിയ മുന്നറിയിപ്പ് അവഗണിച്ചതാണ് ഇൻഡോറിൽ മലിനജലം കുടിച്ച 23 പേർ മരിക്കാൻ കാരണം. അഞ്ചു പേർ ഇപ്പോഴും വെന്റിലേറ്ററിലാണ്, 32 പേർ ഐസിയുവിലും. കൂടാതെ 398 പേർ ഇപ്പോഴും ആശുപത്രികളിലുണ്ട്. ചിന്ദ്‌വാഡയിൽ വ്യാജമരുന്ന് കഴിച്ച് 27 കുട്ടികൾ മരിച്ചിട്ട് അധികമായിട്ടില്ല– ജസ്‌വിന്ദർ പറഞ്ഞു.










0 comments