ദമ്പതികളെ തടഞ്ഞു, പെൺകുട്ടിയെ വലിച്ചിഴച്ചു; ബിഹാറിൽ ദമ്പതികൾക്ക് നേരെ അതിക്രമം, ദൃശ്യങ്ങൾ

പട്ന: ബിഹാറിൽ ദമ്പതികൾക്ക് നേരെ അതിക്രമം. ബിഹാറിലെ ജാമുയിയിൽ ദമ്പതികളെ ഒരു സംഘം ആളുകൾ തടഞ്ഞുനിർത്തി ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെത്തുടർന്ന് വ്യാപക പ്രതിഷേധമാണുയർന്നത്. സംഭവത്തിൽ അന്വേഷണം നടത്താൻ ബിഹാർ പൊലീസ്, ജാമുയി പൊലീസിന് നിർദേശം നൽകി.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ, ഒരു സംഘം ആളുകൾ ദമ്പതികളെ തടഞ്ഞുവെക്കുന്നതും, മുഖം മൂടിയ ഒരാൾ പെൺകുട്ടിയെ ബലമായി വലിച്ചിഴച്ചു കൊണ്ടുപോകാൻ ശ്രമിക്കുന്നതും കാണാം. പെൺകുട്ടി നിലവിളിച്ചുകൊണ്ട് എതിർക്കുന്നതും ഒപ്പമുള്ള യുവാവ് രക്ഷിക്കാൻ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്.
ഇരുവരും അവിടെനിന്ന് രക്ഷപ്പെട്ടെങ്കിലും, സ്കൂട്ടറിൽ പോകുന്നതിനിടെ സംഘം വീണ്ടും ഇവരെ തടയുകയും തർക്കമുണ്ടാകുകയും ചെയ്തു. ദമ്പതികൾ അപേക്ഷിച്ച ശേഷമാണ് അക്രമികൾ ഇവരെ പോകാൻ അനുവദിച്ചത്.രാത്രിയിലാണ് സംഭവം നടക്കുന്നത്. എക്സ് പ്ലാറ്റ്‌ഫോമിലെ പോസ്റ്റുകൾ ശ്രദ്ധയിൽപ്പെട്ടതോടെ, സംഭവത്തിൽ അന്വേഷണം നടത്തി ആവശ്യമായ നടപടി സ്വീകരിക്കാൻ ബീഹാർ പൊലീസ് ജാമുയി പോലീസിന് നിർദ്ദേശം നൽകി.
സംഭവത്തിന്റെ കൃത്യമായ സ്ഥലവും അതിൽ ഉൾപ്പെട്ട ആളുകളെയും തിരിച്ചറിയുന്നതിനായി പോലീസ് അന്വേഷണം തുടരുകയാണ്.സദാചാര ഗുണ്ടായിസത്തിനെതിരെയും പീഡനത്തിനെതിരെയും ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെട്ട് നിരവധി പേരാണ് രംഗത്തെത്തിയത്. കുറ്റക്കാരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ ബീഹാർ പോലീസിനോട് ആവശ്യപ്പെട്ടു.









0 comments