ad
Deshabhimani

ശ്രീനാരായണ ​ഗുരു അധഃസ്ഥിതരുടെ അവകാശപോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകിയ വ്യക്തി: പിണറായി വിജയൻ

sreenarayana guru pinarayi vijayan
വെബ് ഡെസ്ക്

Published on Sep 21, 2026, 11:39 AM | 1 min read

തിരുവനന്തപുരം : നവോത്ഥാന കേരളത്തിന് അടിത്തറ പാകിയ വ്യക്തിയാണ് ശ്രീനാരായണ ഗുരുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ​ജാതിചിന്തകളും അനാചാരങ്ങളും ഇരുൾ വീഴ്ത്തിയ കേരളീയ സമൂഹത്തിൽ അറിവിന്റെയും മാനവികതയുടെയും വെളിച്ചം പരത്തിയ നവോത്ഥാന സൂര്യനായിരുന്നു ഗുരു. മനുഷ്യന്റെ ജാതി മനുഷ്യത്വമാണെന്ന് ഉറക്കെ പ്രഖ്യാപിച്ച ഗുരു കേരളീയ നവോത്ഥാനത്തിന്റെ ചാലകശക്തിയായി നിലകൊണ്ടു. ​അരുവിപ്പുറത്തെ ശിവപ്രതിഷ്ഠയിലൂടെ സവർണ്ണ പൗരോഹിത്യത്തിന്റെ അധീശത്വത്തെയാണ് ഗുരു ചോദ്യം ചെയ്തതെന്നും ശ്രീനാരായണ ​ഗുരു സമാധി ദിന സന്ദേശത്തിൽ പിണറായി വിജയൻ പറഞ്ഞു.


അധഃസ്ഥിതരുടെ അവകാശപോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകാൻ ഗുരുവിനായി. പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ സാമൂഹികവും സാമ്പത്തികവുമായ ഉന്നതിയിലേക്ക് നയിക്കാനും ഗുരുവിനു കഴിഞ്ഞു. പരമ്പരാഗത കുലത്തൊഴിലുകളിൽ തളച്ചിടപ്പെട്ട ജനതയെ വ്യവസായങ്ങളിലേക്കും പുതിയ തൊഴിൽ മേഖലകളിലേക്കും നയിച്ച്, സ്വാശ്രയത്വത്തിന്റെ പാത വെട്ടിത്തുറക്കാൻ അദ്ദേഹം വഴികാട്ടി.


കേരളത്തിലെ സാമൂഹ്യ വ്യവസ്ഥിതിയുടെ ജാതീയമായ അടിത്തറയെ ഇളക്കിമാറ്റാൻ പോന്ന വിധമായിരുന്നു ഗുരുവിന്റെ വാക്കും പ്രവൃത്തിയും. ​ജാതിരഹിതവും മതനിരപേക്ഷവുമായ സമൂഹ നിർമ്മിതിക്ക് അടിത്തറ പാകിയ ആ മഹാത്മാവിന്റെ ദർശനങ്ങൾ എന്നും നമുക്കു വഴികാട്ടുന്ന വെളിച്ചമാണ്. ശ്രീനാരായണഗുരുവിന്റെ ഓർമ്മ, സമത്വത്തിലധിഷ്ഠിതമായ നല്ല നാളെയിലേക്കുള്ള പ്രയാണത്തിന് ഊർജ്ജം പകരുമെന്നും പിണറായി വിജയൻ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home