മഴയും മണ്ണിടിച്ചിലും; ഇടുക്കി മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു, കൂടുതൽ നിയന്ത്രണങ്ങൾ

ഇടുക്കി: കനത്ത മഴയും മണ്ണിടിച്ചിൽ ഭീഷണിയും ഉള്ളതിനാൽ ഇടുക്കിയിൽ നിയന്ത്രണം. വൈകിട്ട് ഏഴ് മുതൽ രാവിലെ ആറു വരെ ഇടുക്കി ജില്ലയിലെ മലയോര മേഖലകളിൽ രാത്രിയാത്രകൾ നിരോധിച്ചു. അലർട്ടുകൾ പിൻവലിക്കുന്നത് വരെ സാഹസിക വിനോദ കേന്ദ്രങ്ങൾ അടച്ചിടുമെന്നും അധികൃതർ അറിയിച്ചു.
മണ്ണിടിച്ചിൽ ഭീഷണി ഉള്ളതിനാൽ പഴയ മൂന്നാറിൽ നിന്നും വാഹനങ്ങൾ വഴിതിരിച്ചു വിടുകയാണ്. വാഹനങ്ങൾ സിഎസ്ഐ പള്ളിക്ക് സമീപത്തുനിന്നും ഗ്യാപ്പ് റോഡിൽ പ്രവേശിച്ച ശേഷം പൊലീസ് സ്റ്റേഷന് സമീപമുള്ള പാലം കടന്നുവേണം ടൗണിൽ എത്തേണ്ടത്. ഇടുക്കി അടിമാലി പഴംമ്പള്ളിച്ചാലിൽ ഉരുൾപൊട്ടൽ സാധ്യത കണക്കിലെടുത്ത് അഞ്ച് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.
ഇടുക്കിയിൽ ഷെഡിന് മുകളിൽ മണ്ണിടിഞ്ഞ് സഹോദരങ്ങൾ മരിച്ചു
ഇടുക്കി കൊട്ടക്കമ്പൂരിൽ കനത്ത മഴയ്ക്കിടെ കൃഷിയിടത്തിലെ ഷെഡിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് രണ്ടുപേർ മരിച്ചു. കൊട്ടക്കമ്പൂർ സ്വദേശി ബാലകൃഷ്ണനും സഹോദരി ചിന്നുവുമാണ് മരിച്ചത്.
മഴ ശക്തമായതോടെ കൃഷിയിടത്തിൽനിന്ന് ഷെഡിലേക്ക് കയറിയ ബാലകൃഷ്ണനും ഭാര്യയും സഹോദരിയും മണ്ണിടിച്ചിലിൽ കുടുങ്ങുകയായിരുന്നു. നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. ചെങ്കുത്തായ പ്രദേശമായതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു.
കൊട്ടക്കമ്പൂർ-തട്ടാമ്പാറ റോഡിലെ പാലത്തിനും കേടുപാടുകൾ സംഭവിച്ചു. പലയിടത്തും വെള്ളക്കെട്ടും കൃഷിനാശവും റിപ്പോർട്ട് ചെയ്തു.
അടിമാലിയിലും ശക്തമായ മഴ
ഇടുക്കി അടിമാലി മേഖലയിൽ മഴ ശക്തമായി തുടരുകയാണ്. നേര്യമംഗലം, ചീയപ്പാറ, വാളറ എന്നിവിടങ്ങളിൽ ശക്തമായ മഴയാണ്. ദേവിയാർ പുഴയിൽ ജലനിരപ്പ് ഉയർന്നു. പത്താംമൈലിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. പഴമ്പള്ളിച്ചാലിൽ മണ്ണിടിച്ചിലുണ്ടായി. ചീയപ്പാറയ്ക്കും ആറാംമൈലിനും ഇടയിൽ വെള്ളക്കെട്ടുണ്ടായി. ചീയപ്പാറയിൽ വാഹനത്തിന് മുകളിൽ കല്ല് വീണെങ്കിലും ആർക്കും പരിക്കില്ല.









0 comments