print edition ജയ്‌പുരിൽ എരുമത്തൊഴുത്തിലെ സ്‌കൂൾ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റി

ജയ്‌പൂരിലെ സ്കൂളിൽ ക്ലാസെടുക്കാനായി എരുമത്തൊഴുത്ത് വൃത്തിയാക്കുന്ന വിദ്യാർത്ഥി
ന്യൂഡൽഹി: ജയ്‌പുരിലെ രാംപുര ഗ്രാമത്തിലെ എരുമത്തൊഴുത്തിൽ പ്രവർത്തിക്കുന്ന സ്‌കൂളിലെ വിദ്യാർഥികളെ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റി രാജസ്ഥാൻ സർക്കാർ. ‘സ്‌കൂൾ ഠീക് കരോ’ കാന്പെയ്‌നിന്റെ ഭാഗമായി സിജെപി സഹ കൺവീനർ അശുതോഷ് റാങ്കയും സംഘവും സ്‌കൂൾ സന്ദർശിച്ചപ്പോൾ ബിജെപി ഗുണ്ടകൾ ആക്രമണം അഴിച്ചുവിട്ടിരുന്നു.
ഇത് വിവാദമായതോടെയാണ് സ്‌കൂൾ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റിയത്. തൊഴുത്തിൽ നിന്നും 50 മീറ്റർ അകലെയാണ് പുതിയ കെട്ടിടം. സ്‌കൂളിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ 48 മണിക്കൂറിനുള്ളിൽ നടപടിയെടുക്കണമെന്ന് സിജെപി കൺവീനർ അഭിജിത് ദീപ്‌കെ ആവശ്യപ്പെട്ടിരുന്നു.
ബിജെപി ആക്രമണത്തിനെതിരെ സിജെപി പ്രവർത്തകർ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് ബിജെപി നൽകിയ പരാതിയിലും കേസെടുത്തിട്ടുണ്ട്.
പ്രദേശവാസികളുടെ സ്വാഭാവിക പ്രതികരണം എന്ന രീതിയിലാണ് ആക്രമണത്തെ ബിജെപി ന്യായീകരിക്കുന്നത്. എന്നാൽ, അക്രമികൾ ഗ്രാമവാസികളല്ല എന്നതിന്റെ തെളിവ് പുറത്തുവന്നു. അക്രമികളിൽ ഒരാൾ പൊലീസിനെതിരെ പെട്രോൾ ബോംബെറിഞ്ഞ കേസിലെ പ്രതിയുമായ ബിജെപി പ്രവർത്തകനാണ്.
അതിനിടെ രാജസ്ഥാനിലെ 611 സ്‌കൂളുകൾ പ്രവർത്തിക്കുന്നത് കെട്ടിടങ്ങൾ ഇല്ലാതെയാണെന്ന് സർക്കാർ സ്ഥിരീകരിച്ചു. 2,047 സ്‌കൂളുകളിൽ ശുചിമുറി സൗകര്യമോ 1,049 ഇടത്ത് കുടിവെള്ള സൗകര്യമോ ഇല്ല.
‘സ്‌കൂൾ ഠീക്‌ക് കരോ’ കാന്പെയ്‌നിന്റെ ഭാഗമായി സ്‌കൂളുകളിൽ സിജെപി പ്രവർത്തകരുടെ സന്ദർശനം തുടരുകയാണ്. സ്‌കൂളുകളുടെ ശോചനീയാവസ്ഥ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഇതിനുപിന്നാലെ ചില സ്‌കൂളുകളിൽ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്ന പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.










0 comments