print edition ജാദവ്പൂർ സർവകലാശാലയിലെ സംഘപരിവാർ ആക്രമണം; കൊൽക്കത്തയിൽ കൂറ്റൻ പ്രതിഷേധറാലി

ജാദവ്പുർ സർവകലാശാലയിലെ സംഘപരിവാർ അതിക്രമത്തിൽ പ്രതിഷേധിച്ച് കൊൽക്കത്തയിൽ എസ്എഫ്ഐ നേതൃത്വത്തിൽ നടന്ന ഇടതുപക്ഷ വിദ്യാർഥി സംഘടനകളുടെ പടുകൂറ്റൻ റാലി
കൊൽക്കത്ത: ജാദവ്‌പുർ സർവകലാശാലയിലെ എസ്‌എഫ്‌ഐയുടെയും മറ്റ് ഇടതുസംഘടനകളുടെയും വിദ്യാർഥികളെ എബിവിപി, ബിജെപി ഗുണ്ടകൾ ക്രൂരമായി ആക്രമിച്ചതിൽ പ്രതിഷേധിച്ച് കൊൽക്കത്തയിൽ കൂറ്റൻ റാലി. ബിജെപിയുടെയും ആർഎസ്‌എസിന്റെയും പിൻബലത്തോടെ കാമ്പസിനെ കലുഷിതമാക്കാനുള്ള നീക്കത്തെ ശക്തമായി നേരിടുമെന്ന് റാലി പ്രഖ്യാപിച്ചു.
സർവകലാശാലയിലെ വിദ്യാർഥികളും അധ്യാപകരും ജീവനക്കാരും സംയുക്തമായിയാണ് റാലി സംഘടിപ്പിച്ചത്. കലാ സാംസ്‌കാരിക പ്രവർത്തകരും ജനാധിപത്യവാദികളും റാലിയുടെ ഭാഗമായി. കൊൽക്കത്ത, പ്രസിഡൻസി, ഉത്തര ബംഗാൾ, ബർദ്വാൻ തുടങ്ങിയ സർവകലാശാലകളിലും വിവിധ കോളേജുകളിലും സംഘപരിവാർ അക്രമത്തിനെതിരെ പ്രതിഷേധം അരങ്ങേറി.
ബുധനാഴ്‌ച രാത്രിയാണ് പുറത്തുനിന്നെത്തിയ ബിജെപി പ്രവർത്തകരുടെ പിന്തുണയോടെ സർവകലാശാലയിൽ എബിവിപി അക്രമം നടത്തിയത്. പൊലീസും സർവകലാശാല അധികൃതരും ഇതിനെതിരെ ചെറുവിരലനക്കിയില്ല.
ഇതിനിടെ, മേദിനിപുർ സർവകലാശാലയിൽ പുറത്തുനിന്നെത്തിയ ബിജെപിക്കാർ കാമ്പസിൽ കയറി കണ്ണിൽ കണ്ടതെല്ലാം അടിച്ചുതകർത്തു. ഇതിനെ എതിർത്ത എസ്‌എഫ്‌ഐ പ്രവർത്തകരെയും അധ്യാപകരെയും മർദിച്ചു. ഇരുന്പുവടി കൊണ്ടുള്ള മർദനത്തിൽ 25 പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത് ബിജെപി പ്രവർത്തകർ തടഞ്ഞു. ബംഗാളിന്റെ മറ്റ് ഭാഗങ്ങളിലും ജാദവ്‌പുർ സംഭവത്തിൽ പ്രതിഷേധിച്ചവരെ ബിജെപിക്കാർ ആക്രമിച്ചു.










0 comments